മദ്യാസക്തി കാരണം ജീവിതം കൈവിട്ടുപോയ ആയിരങ്ങൾ, കുടുംബങ്ങൾ തകർന്നവർ, പ്രതീക്ഷ നഷ്ടപ്പെട്ടവർ. അവർക്ക് വെളിച്ചമായി മാറിയ ഒരു ഇടമുണ്ട് തൃശൂരിൽ. പൂമലയിലെ 'പുനർജനി'. ഒരു കുടിയന്‍റെ കുമ്പസാരമാണ് ഈ സംരംഭം.
പ്രതീക്ഷയുടെ യാത്രയ്ക്ക് തുടക്കമിട്ടത് പ്രൊഫ. ജോൺസ് മംഗലമാണ്. 12–ാം വയസിൽ മദ്യത്തിന്‍റെ പിടിയിലായ അദ്ദേഹം, 37-ാം വയസുവരെ തികഞ്ഞ മദ്യപാനിയായിരുന്നു. 1999 ല്‍ മദ്യപാനം പൂർണമായി ഉപേക്ഷിച്ചു. സ്വയം നേടിയ മോചനം മറ്റുള്ളവർക്കും നൽകണമെന്ന ലക്ഷ്യത്തോടെ 2004- 'പുനർജനി'ക്ക് രൂപം നൽകി. അദേഹത്തിന്റെ മരണ ശേഷം മകൻ അതേറ്റെടുത്തു. യുകെയിലെ ജോലിയും ഉയർന്ന ശമ്പളവും ഉപേക്ഷിച്ച് പിതാവിന്‍റെ സ്വപ്നം മുന്നോട്ട് കൊണ്ടുപോകുന്നു.
20000 ല്‍ അധികം പേരെയാണ് ഈ കേന്ദ്രം ലഹരിയുടെ പിടിയിൽ നിന്ന് മോചിപ്പിച്ചത്. അവരിൽ പലരും എല്ലാ മാസവും പുനർജനിയിൽ എത്താറുണ്ട്. പ്രൊ. ജോൺസിന്‍റെ അനുഭവും ജീവിതവുമാണ് ഇന്നും പുനർജനിയിൽ എത്തുന്നവരുടെ പ്രചോദനം. എല്ലാ ദിവസവും രാവിലെ അദ്ദേഹത്തിന്‍റെ പഴയ വീഡിയോസ് അന്തേവാസികളെ കാണിക്കും. അവരുടെ ദിവസം തുടങ്ങുന്നത് അതിൽ നിന്നാണ്. 'കുടിയന്‍റെ കുമ്പസാരം'എന്ന അദേഹത്തിന്‍റെ ആത്മകഥയും പലരുടെയും കുമ്പസാരത്തിന് വഴിയൊരുക്കി.