fakeliquor

TOPICS COVERED

വിലകുറഞ്ഞ വിദേശമദ്യത്തില്‍ രാസപദാര്‍ഥങ്ങളും നിറങ്ങളും ചേര്‍ത്താല്‍ ആയിരങ്ങള്‍ വിലവരുന്ന സ്കോച്ചും റമ്മും നിര്‍മിക്കാമെന്ന് പരീക്ഷിച്ച് വിരുതന്‍. തിരുവനന്തപുരം ഈഞ്ചയ്ക്കലിലാണ് വിലകൂടിയ മദ്യം ഉണ്ടാക്കുന്ന, വീട്ടിനുള്ളിലെ വ്യാജ മദ്യനിര്‍മാണശാല എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് വിഭാഗം കണ്ടെത്തിയത്.  

ചാത്തനും, കരിക്കൂറയുമെന്ന് വിശേഷിപ്പിക്കുന്ന മദ്യമാണ് സുള്‍ഫിക്കറിന് ഇഷ്ടം. ബവ്കോയുടെ ചില്ലറ വില്‍പന കേന്ദ്രത്തിലെത്തി അനുസരണയോടെ നിന്ന് വിലകുറഞ്ഞ മദ്യം വാങ്ങും. വീട്ടിലെത്തിക്കഴിഞ്ഞ ശേഷമാണ് ഗവേഷണം തുടങ്ങുന്നത്. ചേരുവകള്‍ പലവിധം. നിറം വേണ്ടുവോളം. ഗുണവും, മണവും കൃത്യമെന്ന് ഉറപ്പിച്ചാല്‍ ചാത്തനും കരിക്കൂറയുമെല്ലാം ബ്ലാക്ക് ലേബല്‍, ഷീവാസ് റീഗല്‍ തുടങ്ങി മുന്തിയ മദ്യമായി മാറും. 

വിലകൂടിയ മദ്യക്കുപ്പികള്‍ കേടുപാട് വരാതെ വൃത്തിയായി സൂക്ഷിച്ചിരുക്കുന്നതിനാല്‍ അതിനുള്ളില്‍ നിറച്ച് തട്ടിപ്പ് ലേബല്‍ കൂടി ചേര്‍ക്കുന്നതോടെ ഗംഭീര വിദേശമദ്യമായി. കിടപ്പുമുറിയിലെ കലക്ക് ഫാക്ടറി വഴി പുറത്തിറക്കുന്ന വ്യാജമദ്യം ഒരിടത്തും കിട്ടാത്ത സൂപ്പര്‍ സാധനമെന്ന് പതിവുകാരോട് തട്ടിവിടും. അങ്ങനെ ഒര്‍ജിനലെന്ന് കരുതി വ്യാജനെ കൂടിയ തുക നല്‍കി മദ്യപന്മാര്‍ സ്വന്തമാക്കും. നുണഞ്ഞവര്‍, നുണഞ്ഞവര്‍ ലഹരി തേടിയെത്തിയതോടെ സുള്‍ഫിക്കറിന്‍റെ കച്ചവടത്തിന്‍റെ ഗ്രാഫുയര്‍ന്നു. രുചിയില്‍ വ്യത്യാസം തോന്നിയവരോ അല്ലെങ്കില്‍ അസൂയാലുക്കളോ ആയിരിക്കാം സുള്‍ഫിക്കറിന്‍റെ വീട്ടിനുള്ളിലെ മദ്യനിര്‍മാണശാലയെക്കുറിച്ച് എക്സൈസിന് വിവരം നല്‍കിയത്. ഉദ്യോഗസ്ഥരെത്തി പരിശോധിക്കുമ്പോള്‍ സര്‍ക്കാര്‍ നിര്‍മിത വിദേശമദ്യം വ്യാജനായി മാറുന്നതിന്‍റെ വ്യത്യസ്ത തയാറെടുപ്പുകള്‍ കണ്ടു. 

ഒര്‍ജിനല്‍ വ്യാജ വിദേശിയായി മാറുന്ന വഴിയൊക്കെ മനസിലാക്കിയ ഉദ്യോഗസ്ഥര്‍ വരെ പറഞ്ഞു ഗവേഷണം ഗംഭീരം. ഓപ്പറേഷന്‍ തണ്ടറിന്‍റെ ഭാഗമായി ജയിലില്‍ പോയി വരാനുള്ള വഴിയൊരുങ്ങിയെന്നറിയിച്ച് എക്സൈസ് ഓഫിസിലേക്ക് കൂടെ വരാന്‍ പറഞ്ഞു. ഓണക്കാലം ലഹരിയുടെ വ്യത്യസ്ത വിഭവങ്ങളൊരുക്കി കെങ്കേമമാക്കാമെന്ന സുള്‍ഫിക്കറിന്‍റെ ആഗ്രഹം ബാക്കിയായി. സുള്‍ഫിക്കറിന്‍റെ ഫാക്ടറിയിലെ ഒറിജിനലിനെ വെല്ലുന്ന വ്യാജന്‍ പതിവായി ഉപയോഗിച്ചിരുന്നവര്‍ക്ക് അമളി പോലും പുറത്ത് പറയാനാവാത്ത സ്ഥിതിയിലാണ്.  

 

Counterfeit alcohol production in Thiruvananthapuram has been uncovered, where a man was found to be creating high-priced Scotch and rum by adding chemicals and colors to cheap foreign liquor.: