വിളപ്പൂർക്കൽ ഒറ്റശേഖരമംഗലത്തിന് സമീപം ഒരു വയസ്സും പ്രായമുള്ള ഇവാനയുടെ കൊലപാതകത്തിലേക്ക് നയിച്ചത് കുടുംബ പ്രശ്നങ്ങളാണ് അമ്മ ക്രിസ്റ്റിയുടെ മൊഴി. കിടപ്പുമുറിയിൽ വെച്ച് കറിക്കത്തി ഉപയോഗിച്ച് കുഞ്ഞിന്റെ കഴുത്ത് അറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.
നിലവിൽ ക്രിസ്റ്റി മാത്രമാണ് കേസിലെ ഏക പ്രതി. സംഭവത്തിന് ശേഷം വീട് പൊലീസ് പൂർണമായും ബന്ധവസത്തിലാക്കിയിട്ടുണ്ട്. കൊലപാതകത്തിന് ശേഷം ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പൊലീസ് ക്രിസ്റ്റിയെ കൂടുതൽ ചോദ്യംചെയ്തു വരികയാണ്. കൊലയ്ക്ക് പിന്നിൽ മറ്റാരെങ്കിലുമുണ്ടോ, ആസൂത്രണത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതുൾപ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്. ക്രിസ്റ്റിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ഇവാനയുടെ അച്ഛൻ അഭിജിത്തും ക്രിസ്റ്റിയും മറ്റ് ബന്ധുക്കളും അടങ്ങുന്ന കുടുംബത്തിൽ ബാഹ്യമായി യാതൊരുവിധ പ്രശ്നങ്ങളും നിലനിന്നിരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ശ്രീകൃഷ്ണ ജയന്തി ദിനത്തിലാണ് ക്രിസ്റ്റി സ്വന്തം വീട്ടിൽ നിന്ന് ഭർത്താവിന്റെ വീട്ടിലേക്ക് തിരികെ എത്തിയത്.
ശാന്തമായ അന്തരീക്ഷമുള്ള വീട്ടിൽ നിന്ന് മുൻപൊന്നും ബഹളങ്ങളോ വഴക്കുകളോ കേട്ടിരുന്നില്ലെന്നും വലിയ ഞെട്ടലോടെയാണ് ഈ ദാരുണസംഭവം അറിഞ്ഞതെന്നും സമീപവാസികൾ വ്യക്തമാക്കി. അതേസമയം, തിരുവനന്തപുരം വിളവൂർക്കൽ അമ്മ കൊലപ്പെടുത്തിയ കുഞ്ഞ് ഇവാനയുടെ പോസ്റ്റ്മോർട്ടം ഇന്ന്. തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് പോസ്റ്റ്മോർട്ടം നടപടികൾ.