ആനവണ്ടിയില്‍ എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വാട്സ്ആപ്പ് ടിക്കറ്റ് ബുക്കിങ് സംവിധാനം നിലവില്‍ വന്നു. ലളിതമായ മാര്‍ഗത്തിലൂടെ വ്യക്തിവിവരങ്ങള്‍ തീര്‍ത്തും സുരക്ഷിതമാക്കിയുള്ള പദ്ധതിയെന്ന് കെ.എസ്.ആര്‍.ടി.സി. ഇഷ്ടപ്പെട്ട ഭാഷയില്‍ ആവശ്യം അറിയിച്ച് ചാറ്റ് ചെയ്താല്‍ നിമിഷ നേരം കൊണ്ട് വാട്സ്ആപ്പിലേക്ക് യാത്ര ഉറപ്പാക്കിയുള്ള ടിക്കറ്റ് എത്തുന്നതാണ് രീതി. 

സമയലാഭം, ടിക്കറ്റും പോക്കറ്റില്‍ 

യാത്രയെക്കുറിച്ച് ചിന്തിച്ചുറപ്പിച്ചാല്‍ കെ.എസ്.ആര്‍.ടി.സിയുടെ 09447071021 എന്ന ഔദ്യോഗിക നമ്പരിലെ വാട്സ്ആപ്പിലേക്ക് ഒരു ഹായ് അയയ്ക്കുക. ഉടന്‍ വരും സേവനസന്നദ്ധതയോടെയുള്ള മറുപടി. ഞാന്‍ നിങ്ങളെ സഹായിക്കാന്‍ ഒരുക്കമാണ്. അതും സന്ദേശമയച്ച അതേ ഭാഷയില്‍. മലയാളം, ഇംഗ്ലീഷ്, ഹിന്ദി അങ്ങനെ ഏത് ഭാഷയാണെങ്കിലും മറുപടി കിറുകൃത്യം. തെരഞ്ഞെടുത്ത ഭാഷയേതെന്ന് ഉറപ്പാക്കി സന്ദേശമയച്ചാല്‍ പിന്നാലെ നിര്‍ദേശങ്ങള്‍ തുടര്‍ച്ചയായി വന്നുകൊണ്ടേയിരിക്കും. പുറപ്പെടുന്ന സ്ഥലും എത്തിച്ചേരേണ്ട സ്ഥലവും രേഖപ്പെടുത്തണം. യാത്ര ഉദ്ദേശിക്കുന്ന ദിവസം പിന്നാലെ. ഒറ്റയ്ക്കാണോ, ഒന്നിലേറെ ആളുകളുണ്ടോ എന്നതിലും വ്യക്തത വരുത്തണം.

സീറ്റ് മുന്‍ഗണനാക്രമവും തെരഞ്ഞെടുക്കാം. പ്രായത്തിനൊപ്പം പുരുഷനാണോ, സ്ത്രീയാണോ എന്ന് രേഖപ്പെടുത്താനും മറന്നുപോവരുത്. ആവശ്യമുള്ള വിവരങ്ങള്‍ പൂര്‍ണമായും കൈമാറിയെന്ന് ഉറപ്പാക്കിയാല്‍ പണമൊടുക്കാനുള്ള നിര്‍ദേശം വരും. പണമടച്ചാല്‍ ടിക്കറ്റിന്‍റെ പകര്‍പ്പ് കൃത്യമായി വാട്സ്ആപ്പ് സന്ദേശമായി ലഭിക്കും. ഇതോടെ യാത്ര ഉറപ്പിക്കാനാവും. 

കാലത്തിനൊപ്പം മാറുന്ന ബുക്കിങ് സംവിധാനം  

ടോക്കണെടുത്ത്, കാത്തുനിന്ന്, കൗണ്ടറിലെത്തി വിവരം പറ‌ഞ്ഞത്, പലതും ആവര്‍ത്തിച്ച് പറഞ്ഞ് ഒടുവില്‍ വലിയ സാഹസം പൂര്‍ത്തിയാക്കിയ മട്ടില്‍ ടിക്കറ്റുമായി മടങ്ങുന്നത് എത്രയോ കാലം കണ്ടുറപ്പിച്ചതാണ്. പകരം വരിയും വേണ്ട, വരാനും തയാറാവേണ്ട. വീട്ടിലിരുന്ന് ഒറ്റ ക്ലിക്കില്‍ ഒരുപാട് വിവരം ലഭിക്കുന്ന മട്ടില്‍ നിര്‍ദേശങ്ങള്‍ കൃത്യമായി വന്നുകൊണ്ടേയിരിക്കും.

അക്കൗണ്ടില്‍ പണമുണ്ടെങ്കില്‍ പിന്നാലെ ടിക്കറ്റും മൊബൈലിലേക്ക് എത്തും. ഓരോ കാലഘട്ടത്തിലും അനുയോജ്യമായ മട്ടില്‍ മാറുകയെന്ന നിലയിലേക്ക് എത്തുന്നതിനാണ് കെ.എസ്.ആര്‍.ടി.സിയും എ.ഐ വാട്സ്ആപ്പ് സീറ്റ് ബുക്കിങ് സംവിധാനത്തിലേക്ക് മാറാനുറച്ചത്. ബെംഗലൂരു ആസ്ഥാനമായ മാവന്‍ ടെക്സ് ലാപ്പ് ലിമിറ്റഡ് കമ്പനിയാണ് കെ.എസ്.ആര്‍.ടി.സിയുടെ ബുക്കിങ് സംവിധാനം ഏകോപിപ്പിക്കുന്നത്. നൂതന സംവിധാനത്തിലേക്ക് മാറുന്നതിനൊപ്പം യാതൊരു തടസവുമില്ലാതെ ആധുനിക സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തുന്നതാണ് പരിഷ്കാരം. 

ആദ്യ ടിക്കറ്റ് മന്ത്രിയുടെ വക, ടിക്കറ്റുണ്ടെങ്കിലും മന്ത്രിക്ക് യാത്ര ചെയ്യാനാവില്ല

എ.ഐ സാങ്കിത വിദ്യയിലൂടെയുള്ള വാട്സ്ആപ്പ് ടിക്കറ്റിങ് സംവിധാനം ആദ്യം പരീക്ഷിച്ചത് ഗതാഗതമന്ത്രി സി.പി ജോണ്‍. തിരുവനന്തപുരം എറണാകുളത്തേക്കുള്ള യാത്രാ ടിക്കറ്റിനായുള്ള അന്വേഷണം. മിനിറ്റുകള്‍ക്കുള്ളില്‍ പണമടച്ച് ടിക്കറ്റ് നേടിയെങ്കിലും മന്ത്രി യാത്രയ്ക്കില്ല. അതുകൊണ്ട് തന്നെ ക്യാന്‍സലേഷനില്ലെങ്കില്‍ മന്ത്രിയുടെ പണം നഷ്ടപ്പെടും. യാത്ര റദ്ദാക്കാനുള്ള സംവിധാനം നിലവിലില്ല. വീട്ടിലിരുന്നും യാത്രാ ടിക്കറ്റ് സ്വന്തമാക്കാം. അതുപോലെ ഒഴിവാക്കാനുമാവും. 

ടിക്കറ്റില്ലെങ്കിലും അതിവേഗം മറുപടി

തിരക്കേറിയ ദിവസം. യാത്ര ചെയ്തേ മതിയാവൂ എന്നാണെങ്കിലും ടിക്കറ്റില്ലെങ്കില്‍ എന്ത് ചെയ്യും. രണ്ടാമതൊന്ന് ആലോചിക്കാന്‍ സമയം നല്‍കുന്നതിനപ്പുറം ബുക്കിങ് സൗകര്യമുള്ള മുഴുവന്‍ ബസുകളിലെയും സാധ്യത പരിശോധിക്കും. ഉറപ്പാക്കും. ടിക്കറ്റുണ്ടെങ്കിലും ഇല്ലെങ്കിലും അതിവേഗം യെസ് അല്ലെങ്കില്‍ നോ മറുപടി നല്‍കും.

അതായത് യാത്ര ചെയ്യാന്‍ കെ.എസ്.ആര്‍.ടി.സിയില്‍ സൗകര്യമുണ്ടോ എന്ന കാര്യം മിനിറ്റുകള്‍ക്കുള്ളില്‍ അറിയാനാവും. നേരത്തെ ട്രാവല്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള പരീക്ഷണങ്ങള്‍ നടത്തി വിജയിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് കെ.എസ്.ആര്‍.ടി.സി പുതിയ പരീക്ഷണത്തിന്‍റെയും ഭാഗമാവുന്നത്. 

ENGLISH SUMMARY:

KSRTC WhatsApp booking has been launched using AI technology for easy and secure ticket reservations. This innovative system allows passengers to book tickets by simply chatting on WhatsApp in their preferred language, receiving instant confirmation and ticket copies.