• സ്ത്രീകളെ അടച്ചാക്ഷേപിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. സൗജന്യയാത്ര ഔദാര്യമല്ല, അവകാശമാണെന്നും മന്ത്രി പറഞ്ഞു

കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി ബസുകളില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നെന്ന പ്രസ്താവനയില്‍ ഒടുവില്‍ ഖേദം പ്രകടിപ്പിച്ച് ഗതാഗതമന്ത്രി സി.പി.ജോണ്‍. സ്ത്രീകളെ അടച്ചാക്ഷേപിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. സൗജന്യയാത്ര ഔദാര്യമല്ല, അവകാശമാണെന്നും മന്ത്രി പറഞ്ഞു. പ്രിയദര്‍ശിനി സൗജന്യയാത്ര പദ്ധതി മുന്നോട്ടുപോകുമെന്നും സി.പി.ജോണ്‍ തിരുവനന്തപുരത്ത് പറഞ്ഞു. 

പ്രിയദര്‍ശിനി പദ്ധതിയുടെ പേരില്‍ സ്ത്രീകളെ അപമാനിച്ച ഗതാഗതമന്ത്രി സി.പി.ജോണിന്റെ പ്രസ്താവനയില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കടുത്ത അതൃപ്തി ഉണ്ടായിരുന്നു. സര്‍ക്കാരിന്റെ ഏറ്റവും വലിയ പദ്ധതിയെ ഇകഴ്ത്തിക്കാട്ടുന്നതായി പ്രസ്താവനയെന്നാണ് നേതാക്കള്‍ വിലയിരുത്തുന്നത്. ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളെ സംബന്ധിച്ച് സി.പി.ജോണ്‍ പ്രസ്താവന നടത്തിയത് അനുചിതമായെന്ന നിലപാടിലാണ് മന്ത്രി കെ.മുരളീധരന്‍. 

സിപിജോണ്‍ ഇന്നലെ പറഞ്ഞത്: നിരക്കിളവുള്ള ട്രാന്‍സ്പോര്‍ട്ട് ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുകയാണ്. എന്നാല്‍ അവരുടെ കുട്ടികളെ വലിയ ഫീസ് കൊടുത്ത് സ്വകാര്യ സ്കൂളുകളില്‍ പഠിപ്പിക്കുന്നു. സ്വകാര്യ ബസുടമ സംഘടനയുടെ പാലക്കാട് നടന്ന സംസ്ഥാന സമ്മേളനത്തിലാണ് പരാമര്‍ശം. എന്നാല്‍ സ്ത്രീകളുടെ ദാരിദ്ര്യത്തെ കുറിച്ചാണ് സംസാരിച്ചതെന്നും പരാമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായും മന്ത്രി വിശദീകരിച്ചിരുന്നു. Also Read: 'കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നു'; വിവാദ പരാമർശവുമായി ഗതാഗത മന്ത്രി.

എന്നാല്‍, സ്ത്രീകള്‍ക്കെതിരായ മന്ത്രിയുടെ പ്രസ്താവന അപലപനീയമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു. വിവാദ പരാമര്‍ശത്തില്‍ മന്ത്രി സി.പി. ജോണ്‍ മാപ്പു പറയണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അടക്കം ആവശ്യപ്പെട്ടിരുന്നു.  സി.പി ജോണിന് പുരുഷമേധാവിത്ത ചിന്തയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ഉറങ്ങിക്കിടക്കുന്ന ആളെ വിളിച്ചുണർത്തി മുഖത്ത് കാർക്കിച്ചു തുപ്പുന്നതാണ് മന്ത്രി സിപി ജോൺ കാണിച്ചതെന്ന്  മുന്‍മന്ത്രി പി രാജീവും പ്രസ്താവന അപലപനീയമെന്ന് സിപിഐ നേതാവ് ആനി രാജയും പറഞ്ഞു.