എറണാകുളം ജില്ലാ കലക്ടര്‍ ജി.പ്രിയങ്കയുടെ പേജില്‍ ഇന്നും ആളുകളുടെ വിമര്‍ശന കമന്റുകള്‍. ശക്തമായ മഴയ്ക്ക് സാധ്യതയെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്ന് മറ്റു ജില്ലകളില്‍ നേരത്തേ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ എറണാകുളത്ത് രാത്രി 11 കഴിഞ്ഞാണ് കലക്ടറുടെ പേജില്‍ അറിയിപ്പ് വന്നത്. പിള്ളേരൊക്കെ ഉറങ്ങുന്നതിനു മുന്‍പ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കണ്ടേ കലക്ടറേ എന്നാണ് പേജില്‍ വന്ന വിമര്‍ശനം. കുട്ടികളുടെ കാര്യങ്ങള്‍ക്കനുസരിച്ച് പല തരത്തിലുള്ള തയാറെടുപ്പുകളും മാതാപിതാക്കള്‍ക്ക് നടത്താനുണ്ടെന്നും അല്‍പം കൂടി നേരത്തേ അവധിപ്രഖ്യാപനം പരിഗണിക്കണമെന്നുമാണ് കലക്ടറോട് ആളുകള്‍ ആവശ്യപ്പെടുന്നത്.
‘ഇതൊക്കെ പിള്ളേര് ഉറങ്ങുന്നതിനു മുന്‍പ് പ്രഖ്യാപിക്കണ്ടേ, ഇതിപ്പോ..പ്രധാനമന്ത്രി രാത്രി ലൈവില്‍ വരുന്ന പോലെ ആയല്ലോ എന്നാണ് ഒരാള്‍ ചോദിക്കുന്നത്. തങ്ങളുടെ ആവശ്യം പരിഗണിച്ച് അവധി തന്ന കലക്ടര്‍ച്ച് ദീര്‍ഘായുസും ആരോഗ്യവും ആശംസിച്ചും ചിലരെത്തുന്നുണ്ട്. ഇതൊക്കെ നേരത്തേ അറിയാനുള്ള സെന്‍സും സെന്‍സിബിലിറ്റിയും വേണമെന്ന ഉപദേശവും ചിലര്‍ നല്‍കുന്നുണ്ട്.
കേരളത്തില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 12 ജില്ലകളിലാണ് ഇതുവരെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ ജില്ലയില്‍ രാവിലെയോടെയാണ് അവധി പ്രഖ്യാപനം വന്നത്. എല്ലാ ജില്ലകളിലും യെലോ അലർട്ട് ഉണ്ട്. കോട്ടയം ഇടുക്കി എറണാകുളം ജില്ലകളിൽ കൂടുതൽ ശക്തമായ മഴ പ്രതീക്ഷിക്കുന്നു. വൈകിട്ടോടെ മഴയുടെ ശക്തി കുറയും. വീണ്ടും അഞ്ചാം തീയതി മുതൽ മഴ ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനം വിലക്കി. ജലവുമായി ബന്ധപ്പെട്ടുള്ള വിനോദസഞ്ചാരവും നിരോധിച്ചിട്ടുണ്ട്.
കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍,എറണാകുളം,ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട, എന്നീ ജില്ലകളിലാണ് അവധി. പ്രഫഷനൽ കോളജുകൾ, മദ്രസകൾ എന്നിവയുൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. എന്നാൽ, കാസർകോട്, പത്തനംതിട്ട ജില്ലകളിൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു.