2025 ലെ കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നടത്താത്തതിനെതിരെ വിഡിയോയുമായി ഒന്നാം റാങ്കുനേടിയ എ.എസ് ദേവനാരായണന്‍. ഒരു വർഷം മാത്രം കാലാവധിയുള്ള കെഎഎസ് റാങ്കു ലിസ്റ്റ് നിലവിൽ വന്ന് ഏഴു മാസം പിന്നിടുമ്പോഴും പിഎസ്‍സി നോട്ടിഫിക്കേഷന്‍ പ്രകാരമുള്ള 31 തസ്തികളിലേക്ക് നിയമനം നടന്നിട്ടില്ലെന്ന് ദേവനാരായണന്‍ പറയുന്നു. ഇത്രയും വലിയ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ തന്റെ അവസ്ഥ ഇതാണെങ്കിൽ ബാക്കിയുള്ള ചെറുപ്പക്കാരുടെ സ്ഥിതി എങ്ങനെ ആയിരിക്കുമെന്ന് പേടിപ്പിക്കുന്നതായും അദ്ദേഹം ഫെയ്സ്ബുക്കില്‍ പങ്കുവച്ച വിഡിയോയില്‍ പറയുന്നു.
കേരളത്തെ മുക്കി ഒറ്റദിവസത്തെ ദുരിതപ്പെയ്ത്ത്; മൂന്ന് കുട്ടികളടക്കം ഏഴുമരണം
'റാങ്ക് ലിസ്റ്റ് നിലവില്‍ വന്ന 2026 ജനുവരി 30 ഏറ്റവും സന്തോഷം നിറഞ്ഞ ദിവസമായിരുന്നു. ഒരുപാട് അനുമോദനം ലഭിച്ചു. ഒരുപാട് പേര്‍ക്ക് പ്രചോദനമായി. എന്നാല്‍ റാങ്ക് ലിസ്റ്റ് നിലവില്‍ വന്ന് ഇത്രയും നാളായി പലരോടും മറുപടി പറയാന്‍ പറ്റുന്നില്ല. നിയമനം സംബന്ധിച്ച മെസേജിന് അമ്മയോട് പോലും മറുപടി പറയാന്‍ പറ്റുന്നില്ല. കെഎഎസ് പരീക്ഷയ്ക്ക് പഠിക്കുന്ന ഉദ്യോഗാര്‍ഥികള്‍ സംശയം ചോദിക്കുമ്പോള്‍ അവരോട് സത്യസന്ധമായി മറുപടി പറയാന്‍ സാധിക്കുന്നില്ല', എന്നിങ്ങനെയാണ് ദേവനാരായണന്‍റെ വാക്കുകള്‍.
'യുപിഎസ്‍സി സിവില്‍ സര്‍വീസ് പരീക്ഷാ മാതൃകയില്‍ കേരളത്തിന്റെ സ്വന്തം സിവില്‍ സര്‍വീസ് എന്ന കെഎഎസ് പരീക്ഷയ്ക്ക് ലക്ഷക്കണക്കിന് പേര്‍ അപേക്ഷിച്ചു. 674 പേര്‍ക്കാണ് മെയിന്‍ പരീക്ഷയ്ക്ക് യോഗ്യത ലഭിച്ചത്. ഇതില്‍ നിന്നും 60 ഓളം പേരാണ് മെയിന്‍ ലിസ്റ്റില്‍ വന്നത്. ഇതില്‍ 31 പേരെ തിരഞ്ഞെടുക്കാനുള്ള ഫയല്‍ ചുവപ്പ് നാടയിലാണ്. ചെറുപ്പക്കാരുടെ നായമായ ആവശ്യത്തിന് കൂടെ നില്‍ക്കുന്ന വിദ്യാഭ്യാസ, തൊഴില്‍ ആവശ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന മുഖ്യമന്ത്രിയിലും സര്‍ക്കാറിലുമാണ് പ്രതീക്ഷ' എന്നും അദ്ദേഹം പറഞ്ഞു.
കെഎഎസ് നോട്ടിഫിക്കേഷൻ വന്ന ദിവസം മുതൽ രാവും പകലും ഉറക്കമില്ലാതെ കഷ്ടപ്പെട്ട് പഠിച്ചാണ് ഈ വിജയം നേടിയത്. വലിയ കാൻവസിൽ ഒരുപാട് തുക ചെലവാക്കി നടത്തിയ ഈ പരീക്ഷയിൽ കഠിനാധ്വാനം ചെയ്ത സഹോദരന്മാരും സഹോദരികളുമുണ്ട്. ഭാവിയിൽ കെഎഎസ് നേടാം എന്ന് സ്വപ്നം കണ്ട് പിഎസ്‍സി പരീക്ഷയ്ക്ക് പഠിക്കുന്ന ലക്ഷക്കണക്കിന് പാവം ഉദ്യോഗാർഥികളുണ്ട്. ഇവരോടൊക്കെ എന്താണ് പറയേണ്ടത് എന്ന് എനിക്കിപ്പോൾ സത്യത്തിൽ അറിയില്ലെന്നും ദേവനാരായണന്‍ പറഞ്ഞു.