palakkad

TOPICS COVERED

കണ്ണൂര്‍ പാലക്കയംതട്ടിലേക്ക് പോയാല്‍ അവിടെ ഇനി പ്രേതങ്ങളെ കാണാം.. കേട്ട് ആരും ഞെട്ടേണ്ട. മഴക്കാലമായതോടെ പൂത്ത ഒരു പൂവിന്‍റെ പേരാണ് പ്രേതം. ഗോസ്റ്റ് ഫ്ലവര്‍ പൂത്ത കാഴ്ച മനോഹരമാണ്.

പ്രേതങ്ങളെ പേടിയാണ് പലര്‍ക്കും. ഇതാ, ആര്‍ക്കും പേടിക്കാതെ തൊടാന്‍ കഴിയുന്ന പ്രേതം ഇങ്ങ് പാലക്കയംതട്ടില്‍. മഴക്കാലത്ത് കിളിര്‍ക്കുന്ന അപൂര്‍വ പരാദസസ്യമാണ് കാട്ടിലെ പ്രേതങ്ങള്‍ എന്നറിയപ്പെടുന്ന ഗോസ്റ്റ് ഫ്ലവര്‍. അപൂര്‍വമായേ ഇത് മനുഷ്യരുടെ ശ്രദ്ധയില്‍പെടാറുള്ളൂ. പശ്ചിമഘട്ട കാടുകളിലും ഹിമാലയത്തിലും ഈ പ്രേതപ്പൂവിനെ കാണാം. പ്രകൃതിനിരീക്ഷകനായ ജോര്‍ജ് മുട്ടത്തിലാണ് പാലക്കയംതട്ടിലെ ഈ പ്രേതത്തെ തിരിച്ചറിഞ്ഞത്.

ചെങ്കുമിള്‍, ഗോസ്റ്റ് പൈപ്പ് എന്നീ പേരുകളുമുണ്ട് പ്രേതപ്പൂക്കള്‍ക്ക്. മണ്‍സൂണ്‍ നനവുള്ള സ്ഥലങ്ങളില്‍ മറ്റു സസ്യങ്ങളുടെ വേരുകളാണ് ഇവയുടെ താവളം. ഇലകളില്ലാത്ത ഈ ചെടിയുടെ പൂവും വേരും ഔഷധഗുണമുളളതത്രേ. ഈ പൂവിന് എങ്ങനെ ഗോസ്റ്റ് ഫ്ലവര്‍ എന്ന് പേരുവന്നുവെന്ന സംശയത്തിനൊരു ഉത്തരമുണ്ട്. ആരും കാണാതെ വളരുകയും പൂവിടുകയും ചെയ്ത് ആരും കാണാതെ അപ്രത്യക്ഷമാകുകയും ചെയ്യുന്നതു കൊണ്ടാണ് ആ പേരുവന്നതെന്നാണ് കരുതപ്പെടുന്നത്.