കണ്ണൂര്‍ ക്രൈംബ്രാഞ്ച് സിഐ ശ്രീജിത്ത് കൊടേരിക്കെതിരായ യുവതിയുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷന്‍. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയും ചൊവ്വ സ്വദേശിനിയുമായ സുഗിലയെ ശ്രീജിത്ത് കൊടേരി ടൗണ്‍ എസ്എച്ച്ഒ ആയിരിക്കെ പൊലീസ് സ്റ്റേഷനില്‍ വെച്ച് മാനസികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് നടപടി. കേട്ടാലറയ്ക്കുന്ന ഭാഷയില്‍ ശ്രീജിത്ത് കൊടേരി സംസാരിച്ചുവെന്നും ലാത്തി കൊണ്ട് അടിക്കാന്‍ ശ്രമിച്ചെന്നും സുഗില മനോരമ ന്യൂസിനോട് പറഞ്ഞു. ആരോപണം ശ്രീജിത്ത് കൊടേരി നിഷേധിച്ചു.
2025 സെപ്തംബര്‍ 02ന് ശ്രീജിത്ത് കൊടേരി എസ്എച്ച്ഒ ആയിരുന്ന കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറാണ് പരാതിക്ക് അടിസ്ഥാനം. ജോലി ചെയ്തിരുന്ന സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് 1 കോടി 40 ലക്ഷം രൂപ സുഗിലയും ഭര്‍ത്താവ് വിനോദും തട്ടിയെന്നായിരുന്നു കേസ്. വിളിച്ചുവരുത്തിയ തന്നെ വനിതാ പൊലീസിന്‍റെ സാന്നിധ്യമില്ലാതെ അപമാനിച്ചെന്നും ഇല്ലാത്ത വകുപ്പുകള്‍ ചേര്‍ക്കുമെന്ന് ശ്രീജിത്ത് കൊടേരി ഭീഷണിപ്പെടുത്തിയെന്നുമാണ് സുഗിലയുടെ പരാതി. ഒരു രൂപ പോലും അനധികൃതമായി എടുത്തിട്ടില്ലെന്നാണ് സുഗിലയുടെ വാദം. സ്ഥാപന ഉടമയില്‍ നിന്ന് ശ്രീജിത്ത് കൊടേരി കൈക്കൂലി വാങ്ങിയതായി സംശയിക്കുന്നുണ്ട്. മുന്‍കൂര്‍ നോട്ടിസ് നല്‍കാതെ ലുക്ക് ഔട്ട് നോട്ടിസ് ഇറക്കി സമൂഹത്തിനിടയില്‍ അപമാനിച്ചെന്നും ആരോപണമുണ്ട്.
പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പരിഗണിക്കാതെ അധികാര ദുര്‍വിനിയോഗം നടത്തിയ ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നാണ് കമ്മിഷന് നല്‍കിയ പരാതിയില്‍ ആവശ്യം. ഐജിയുടെ നേതൃത്വത്തിലുള്ള അന്വേഷണവിഭാഗത്തെ ഏല്‍പ്പിച്ചാണ് ഉത്തരവായത്. സെപ്തംബറില്‍ റിപ്പോര്‍ട്ട് നല്‍കണം. അതേസമയം, വ്യാജ ആരോപണമാണെന്നും അന്വേഷണം നടത്തിയതും അറസ്റ്റ് ചെയ്തതും തനിക്ക് ശേഷം വന്ന ഉദ്യോഗസ്ഥനാണെന്നുമാണ് ശ്രീജിത്ത് കൊടേരിയുടെ വിശദീകരണം. നിയമപരമല്ലാത്തതൊന്നും ചെയ്തിട്ടില്ലെന്നും ഉദ്യോഗസ്ഥന്‍ പറയുന്നു.