c-dit

TOPICS COVERED

ഹോളോഗ്രാം സെക്യൂരിറ്റി ലേബലുകള്‍ നിര്‍മിക്കുന്നതിനായി ടാഗ്ഗന്‍റ് ഫിലിം വാങ്ങിയതില്‍ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തി സി-ഡിറ്റിന്റെ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട്. ഒ.ഐ.പി–ഹോളോഗ്രാഫി ഡിവിഷന്‍ തലവന്‍ ഡോ. സാജന്‍ അമ്പാടിയിലിന്‍റെ  നടപടികളെ ചോദ്യമുനയില്‍ നിര്‍ത്തുന്നതാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍. റിപ്പോര്‍ട്ടില്‍ ഇതുവരെ തുടര്‍നടപടി ഉണ്ടായിട്ടില്ല. കഴിഞ്ഞ ഇടത് സര്‍ക്കാര്‍ നിയമിച്ച സാജന്‍ യു.ഡി.എഫ് സര്‍ക്കാര്‍ വന്ന ശേഷവും സ്ഥാനത്ത് തുടരുകയാണ്. 

കേരള ബിവറേജസ് കോര്‍പറേഷനുള്‍പ്പെടെ വിവിധ സ്ഥാപനങ്ങള്‍ക്കായി ഹോളോഗ്രാം സെക്യൂരിറ്റി ലേബലുകള്‍ നിര്‍മിച്ച് നല്‍കുന്നത് സി-ഡിറ്റാണ്. വ്യാജ ഉല്‍പ്പന്നങ്ങള്‍ തടയുന്നതിനുള്ള സുരക്ഷാ ലേബലുകളുടെ നിര്‍മാണ ചുമതല സി-ഡിറ്റിന്റെ ഒ.ഐ.പി–ഹോളോഗ്രാഫി ഡിവിഷനാണ് നിര്‍വഹിക്കുന്നത്. ഈ ഡിവിഷനുവേണ്ടി 1220 കിലോഗ്രാം ടാഗ്ഗന്‍റ് ഫിലിം വാങ്ങിയതിലാണ് സി-ഡിറ്റിന്റെ ആഭ്യന്തര അന്വേഷണ സമിതി ഗുരുതര ക്രമക്കേടുകളും നടപടിക്രമങ്ങളുടെ ലംഘനങ്ങളും കണ്ടെത്തിയിരിക്കുന്നത്. സി-ഡിറ്റിന്റെ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എം.ആര്‍. മോഹനചന്ദ്രന്‍ നല്‍കിയ പരാതിലായിരുന്നു അന്വേഷണം.

ഒ.ഐ.പി വിഭാഗം മേധാവി ഡോ സാജന്‍ അമ്പാടിയിലിന്‍റെ നടപടികളെയും വിശദീകരണങ്ങളെയും ശക്തമായി ചോദ്യം ചെയ്യുന്നതാണ് റിപ്പോര്‍ട്ട്. 900 കിലോഗ്രാം ഗോള്‍ഡ്, സില്‍വര്‍ ടാഗ്ഗന്റ് ഫിലിം വാങ്ങാനാണ് പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കിയിരുന്നത്. എന്നാല്‍, വിതരണക്കാരായ ടീം പ്രിന്‍റ് കമ്പനി നല്‍കിയത് 1220 കിലോഗ്രാം സില്‍വര്‍ ടാഗ്നന്‍റ് ഫിലിം. അധികമായി ലഭിച്ച 320 കിലോഗ്രാം ഫിലിം തിരികെ നല്‍കാതെ, അതേ അളവില്‍ മറ്റൊരു പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കി ക്രമവല്‍കരിച്ചതാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. 

വിതരണം ചെയ്ത ഫിലിം നിശ്ചയിച്ച സാങ്കേതിക നിലവാരം പാലിച്ചിരുന്നില്ല. 36 മൈക്രോണ്‍ കട്ടിയുള്ള ഫിലിമിന് പകരം 19 മൈക്രോണ്‍ ഫിലിമാണ് ലഭിച്ചത്. അത്തരം ഫിലിം തിരിച്ച് നല്‍കുന്നതിന് പകരം കമ്പനിക്ക് മുഴുവന്‍ പണവും നല്‍കി. സുരക്ഷ ലേബലുകള്‍ നിര്‍മിക്കാന്‍ സാധാരണ ടാംപര്‍ എവിഡന്റ് ഫിലിം ഉപയോഗിച്ചാല്‍ മതി. പകരം, മൂന്നിരട്ടി അധിക വിലയുള്ള ടാഗ്ഗന്റ് ഫിലിം വാങ്ങി. ഫീല്‍ഡ് ടെസ്റ്റിനാണ് ഇത് വാങ്ങിയതെന്ന ഡോ. സാജന്‍റെ വിശദീകരണം റിപ്പോര്‍ട്ട് തള്ളി. ഇത്തരമൊരു പരീക്ഷണത്തിന് ആവശ്യമായ മുന്‍കൂര്‍ അനുമതിയോ ഔദ്യോഗിക ടെസ്റ്റ് പ്രോട്ടോക്കോളോ ഉണ്ടായിരുന്നില്ലെന്നും, ഇതിലൂടെ സി–ഡിറ്റിന് അധികച്ചെലവുണ്ടായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി. ക്രമക്കേടിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ ചട്ടപ്രകാരമുള്ള തുടര്‍നടപടി സ്വീകരിക്കണമെന്നാണ് അന്വേഷണ സമിതിയുടെ ശുപാര്‍ശ. റിപ്പോര്‍ട്ട് ലഭ്യമായി മൂന്ന് മാസം കഴിഞ്ഞട്ടും ഒന്നും ഉണ്ടായിട്ടില്ല. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷവും ആരോപണ വിധേയനായ ഡോ. സാജന്‍ അമ്പാടിയില്‍ തല്‍സ്ഥാനത്ത് തുടുരുകയാണ്. 

ENGLISH SUMMARY:

C-Dit scam irregularities have been revealed in a C-Dit internal inquiry report concerning the purchase of taggent film for manufacturing hologram security labels. The report questions the actions of Dr. Sajan Ambadiyil, head of the OIP-Holography division, and highlights violations in the procurement process. No follow-up action has been taken on the report despite its findings and recommendations.