മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ വിമര്‍ശനം. അമ്മമാര്‍ മകന്‍റെ ഭാര്യയ്ക്ക് പരമ്പരാഗത ഭക്ഷണ രീതികള്‍ പകര്‍ന്നുനല്‍കണം എന്ന പരാമര്‍ശത്തിനെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം കടുക്കുന്നത്. 'പരമ്പരാഗതമായ എല്ലാം നിലനിര്‍ത്തേണ്ടതാണ്. ഞാന്‍ ചില അമ്മമാരോട് പരാതി പറയും. ചില അമ്മമാർ പ്രത്യേക ഡിഷ് ഉണ്ടാക്കും. പക്ഷേ അവരുടെ മക്കൾക്ക് അത് പകർന്ന് കൊടുക്കുന്നില്ല, ആ മക്കളെ കൊണ്ട് കൂടിയോ മകന്‍റെ ഭാര്യയായി വരുന്ന ആള്‍ക്കെങ്കിലും ആ ഭക്ഷണത്തിന്‍റെ പ്രത്യേകത പറഞ്ഞ് കൊടുക്കണം,' എന്നാണ് ഒരു പൊതുചടങ്ങില്‍ സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞത്. ലിംഗവ്യത്യാസമില്ലാതെ എല്ലാവരും പാചകം അറിഞ്ഞിരിക്കണമെന്നും മുഖ്യമന്ത്രിയുടേത് സ്ത്രീവിരുദ്ധ പരാമര്‍ശമായെന്നും വിമര്‍ശനം ഉയര്‍ന്നു.
വീട്ടുജോലികൾ ആൺ,പെൺ വ്യത്യാസം ഇല്ലാതെ എല്ലാവരും ചെയ്യണം എന്ന മാറ്റം നമ്മൾ പാഠപുസ്തകങ്ങളിൽ വരുത്തി. എന്നിട്ടും....!! എന്നാണ് മുന്‍വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
എഴുത്തുകാരി ശാരദക്കുട്ടി രൂക്ഷ വിമര്‍ശനമാണ് മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ചത്. 'ചുമ്മാതല്ല , ജന്തർ മന്ദിറിലെ സമരപ്പന്തലിലെ പെൺകുട്ടികളുടെ സമരവീറും വീര്യവും കണ്ട് വാ പൂട്ടി മുഖം കൊടുക്കാതെ ഇരുന്നത്. ഇവിടം വരെയേ വണ്ടി എത്തിയിട്ടുള്ളു. പാരമ്പര്യം പകർന്നു കൊടുക്കാനൊക്കെ ഇക്കാലത്തെ അമ്മമാർ പോലും ധൈര്യപ്പെടാത്തിടത്താണ്. അമ്മു ദീപയുടെ ഒരു കവിത ഞാനങ്ങു സമർപ്പിക്കുന്നു. വെറുതെ വായിച്ചിട്ടു കാര്യമില്ല, ബുദ്ധി ഒന്ന് നന്നായി കഴുകി ഉണക്കിയെടുക്കണം.
"എന്റെ അമ്മേടമ്മേടമ്മയ്ക്ക്
സൊന്തായിട്ടൊരമ്മിക്കല്ലുണ്ടാര്‍ന്നു.
അമ്മേടമ്മേടമ്മേടമ്മ അത്
അമ്മമ്മയ്ക്ക് കൊടുത്തു.
അമ്മമ്മ അത് അമ്മയ്ക്കു കൊടുത്തു.
അമ്മ അത് എനിക്ക് തന്നു.
ഞാനതെടുത്ത് എന്റെ മകളുടെ തലയ്ക്കിട്ടു.
ഞങ്ങളുടെ താവഴി അന്യംനിന്നു പോയതങ്ങിനെയാണ്,' എന്നാണ് ശാരദക്കുട്ടി കുറിച്ചത്.