സംസ്ഥാനത്ത് വർധിച്ചുവരുന്ന വൈദ്യുതി നിയന്ത്രണത്തിലും പവർകട്ടിലും മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി നടൻ ഹരിശ്രീ യൂസഫ്. മുൻ സർക്കാരുകളുടെ തലയിൽ സ്വന്തം കഴിവുകേട് വെച്ചുകെട്ടാൻ നോക്കരുതെന്നും സാറ് പറയുന്നത് കല്ലുവെച്ച നുണയാണെന്നും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വിഡിയോയിൽ ഹരിശ്രീ യൂസഫ് പറഞ്ഞു.

കേരളത്തിലെ നിലവിലെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് പ്രധാന കാരണം മുൻ എൽ.ഡി.എഫ് സർക്കാർ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതാണെന്ന് പറയുന്ന വി.ഡി. സതീശന്‍റെ വിഡിയോയും യൂസഫ് പങ്കുവച്ചിരുന്നു. 2012-2014 കാലഘട്ടത്തിൽ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് യൂണിറ്റിന് 4.29 രൂപ നിരക്കിൽ 465 മെഗാവാട്ട് വൈദ്യുതി 25 വർഷത്തേക്ക് വാങ്ങുന്നതിനായി ഒപ്പിട്ട ദീർഘകാല കരാറാണ് കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ റദ്ദാക്കിയത്. ദീർഘവീക്ഷണത്തോടെ ഉണ്ടാക്കിയ ഇത്രയും വലിയൊരു കരാർ എന്തിനാണ് മുൻ സർക്കാർ റദ്ദാക്കിയതെന്ന് അവർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ആ കരാർ നിലവിലുണ്ടായിരുന്നെങ്കിൽ കേരളത്തിന് ഈയൊരു കടുത്ത പ്രതിസന്ധി നേരിടേണ്ടി വരില്ലായിരുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തിയിരുന്നു. 

എന്നാല്‍ മുഖ്യമന്ത്രി പറഞ്ഞതില്‍ കുറച്ച് പൊരുത്തക്കേടുകളുണ്ടെന്ന് യൂസഫ് പറഞ്ഞു. 'ആ പദ്ധതി പിണറായി വിജയന്‍ സാറിന്‍റെ സര്‍ക്കാരാണോ റദ്ദാക്കിയത്? അത് റദ്ദാക്കിയത് റഗുലേറ്ററി കമ്മീഷനല്ലേ? സാറ് തന്നെ അത് നിയമസഭയില്‍ പറഞ്ഞതാണല്ലോ? ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നടപ്പിലാക്കിയ കരാര്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഒന്നോ രണ്ടോ വര്‍ഷത്തിന് ശേഷമാണ് റദ്ദാക്കുന്നത്. അതുകൊണ്ടാണ് പവര്‍ കട്ട് വന്നതെന്നാണ് സാര്‍ പറയുന്നത്. അപ്പോള്‍ ഒരു ചെറിയ സംശയം. പിണറായി സര്‍ക്കാര്‍ വന്ന് ഒന്നുരണ്ട് കൊല്ലത്തിന് ശേഷമാണ് ഈ കരാര്‍ റദ്ദാക്കിയതുകൊണ്ടാണ് ഈ പവര്‍ കട്ട് വന്നതെങ്കില്‍ ബാക്കി എട്ടുവര്‍ഷവും പവര്‍ കട്ടില്ലായിരുന്നല്ലോ? അപ്പോള്‍ സാറ് കയറിയതിന് ശേഷമാണ് പവര്‍ കട്ടോടു പവര്‍ കട്ട്. സ്വന്തം കഴിവുകേട് മറ്റുള്ളവരുടെ തലയില്‍ വച്ച് ഊരാന്‍ നോക്കണ്ട. ഇതൊക്കെ മനസിലാക്കാനുള്ള കഴിവ് മലയാളികള്‍ക്കുണ്ട്. 

പദ്ധതിയിലുണ്ടായ എന്തെക്കെയോ പ്രശ്നങ്ങള്‍ കാരണമാണ് റഗുലേറ്ററി കമ്മീഷന്‍ ആ കരാര്‍ റദ്ദാക്കിയത്. അത് റദ്ദാക്കാതിരിക്കാന്‍ പിണറായി സര്‍ക്കാര്‍ കോടതി വരെ കയറി. ഇപ്പോഴും ആ കേസ് സുപ്രീം കോടതിയിലാണ്. അപ്പോള്‍ പിന്നെ എങ്ങനെയാണ് പിണറായി സര്‍ക്കാരാണ് അത് റദ്ദാക്കിയതെന്ന് പറയുന്നത്. അപ്പോള്‍ സാറ് പറയുന്നത് കല്ല് വച്ച നുണയല്ലേ? 

പവര്‍ കട്ടെന്ന ദുരിതം ഇപ്പോള്‍ ജനജീവിതത്തെ ദുസഹമാക്കിയിരിക്കുകയാണ്. എല്ലാ വീട്ടിലും ഇന്‍വര്‍ട്ടറും സോളാറുമൊന്നുമില്ല. അവര്‍ക്കൊക്കെ ഒന്നുറങ്ങണ്ടേ? രാത്രി തോന്നിയ പോലെ കറണ്ട് പോവുകയാണ്. നിങ്ങള്‍ക്കൊന്നും ഇത് അറിയില്ല. നിങ്ങളുടെ മന്ത്രിമാളികകളില്‍ എല്ലാ സൗകര്യങ്ങളുമുണ്ട്. ഈ പവര്‍ കട്ട് എത്രയും പെട്ടെന്ന് മാറ്റിയില്ലെങ്കില്‍ സാറിന്‍റെ ഭരണം വന്‍ദുരന്തമായി ജനങ്ങള്‍ക്ക് തോന്നും. കറന്‍റ് പോയാല്‍ എല്ലാ പാര്‍ട്ടിക്കാര്‍ക്കും ഒരുപോലെ വിയര്‍ക്കും. കോണ്‍ഗ്രസുകാര്‍ക്ക് കുറവ്, കമ്മ്യൂണിസ്റ്റുകാര്‍ക്കും ബിജെപിക്കാര്‍ക്കും കൂടുതല്‍ എന്നൊന്നുമില്ല.

ഞാന്‍ പറയുന്നതില്‍ പാര്‍ട്ടി വ്യത്യാസമില്ല. ഏത് പാര്‍ട്ടിക്കാര്‍ അധികാരത്തില്‍ കയറി ഇങ്ങനെ ചെയ്താലും ഇത് തന്നേ ഞാന്‍ പറയൂ. ഒരു വ്യക്തി മുഖ്യമന്ത്രിയാവാന്‍ ജനങ്ങള്‍ തെരുവിലിറങ്ങി പ്രക്ഷോഭം നടത്തിയ ഏകവ്യക്തി താങ്കളാണ്. അത്രയും പ്രതീക്ഷയോടെയാണ് നിങ്ങളെ തിരഞ്ഞെടുത്തുവിട്ടത്. ആ പ്രതീക്ഷ നിലനിര്‍ത്തുന്നുണ്ടോ എന്ന് സ്വയം വിലയിരുത്തി നോക്കണം. അധികാരത്തിലേറിയപ്പോള്‍ കേരളത്തെ 25 വര്‍ഷം മുന്നോട്ട് കൊണ്ടുപോകുമെന്ന് പറഞ്ഞു. എന്തായാലും കേരളം പത്ത് വര്‍ഷം പിന്നോട്ട് പോയിട്ടുണ്ട്,' യൂസഫ് പറഞ്ഞു. 

ENGLISH SUMMARY:

Actor Harishree Yusuf has strongly criticized Chief Minister V.D. Sateesan over the ongoing power crisis and frequent load shedding across Kerala. In a viral social media video, Yusuf accused the Chief Minister of blaming previous governments to cover up administrative incompetence. He pointed out discrepancies in Sateesan's claims regarding a canceled long-term power contract, noting that the decision was made by the Regulatory Commission rather than the government. The actor warned that the worsening power outages are making daily life miserable for common citizens who lack high-end facilities.