• കേരളത്തില്‍ സമീപകാലത്ത് ആരും വധശിക്ഷയ്ക്ക് വിധേയരാക്കപ്പെട്ടില്ലെന്നതാണ് സത്യം. 35 വര്‍ഷങ്ങള്‍ക്കു മുന്‍പ് റിപ്പർ ചന്ദ്രന്‍ ആണ് അവസാനമായി തൂക്കിലേറ്റപ്പെട്ടത്. കണ്ണൂർ സെൻട്രൽ ജയിലിൽ 1991 ജൂലൈ ആറിനായിരുന്നു അത്. അന്ന് ആരാച്ചാരായ തമിഴ്നാട് പൊള്ളാച്ചി സ്വദേശിക്ക് 1500 രൂപയാണ് പ്രതിഫലം നൽകിയത്.

നെന്മാറ ഇരട്ടക്കൊലക്കേസിലെ ചെന്താമരയ്ക്ക് തൂക്കുകയര്‍. ആരാച്ചാരുടെ മുന്നില്‍ എത്തിപ്പെടാതിരിക്കാന്‍ ചെന്താമരയ്ക്ക് ഇനി മുന്നില്‍ നിയമത്തിന്റെ വഴികളുണ്ട്.  നീതി കനിയുമോ എന്ന പ്രതീക്ഷയില്‍ ഇതേപോലെ മുപ്പതിലേറെ കുറ്റവാളികളാണ് ഇപ്പോള്‍ കേരളത്തിലെ ജയിലില്‍ കഴിയുന്നത്.  ഇക്കൂട്ടത്തില്‍   അമീറുള്‍ ഇസ്‌ലാമും അസ്ഫാക് ആലവും  മാത്രമല്ല, ഒരു അമ്മയും മകനും വരെയുണ്ട്.    ഒരേ കൊലക്കേസില്‍ പ്രതികളായ 16 പേര്‍ക്ക് പുറമെ മൂന്ന് സ്ത്രീകളും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരായി ജയിലില്‍ കഴിയുന്നു – കഷായത്തില്‍ വിഷം കലര്‍ത്തി കാമുകനെ കൊന്ന ഗ്രീഷ്മയും ഭര്‍ത്താവിന്റെ കാമുകിയെ കൊല്ലാന്‍ കൂട്ടുനിന്ന രജനിയും അയല്‍വാസിയായ വയോധികയെ കൊന്ന റഫീക്കയും മകനും.

അതേസമയം, കേരളത്തില്‍ സമീപകാലത്ത് ആരും വധശിക്ഷയ്ക്ക് വിധേയരാക്കപ്പെട്ടില്ലെന്നതാണ് സത്യം. 35 വര്‍ഷങ്ങള്‍ക്കു മുന്‍പ്  റിപ്പർ ചന്ദ്രന്‍ ആണ് അവസാനമായി തൂക്കിലേറ്റപ്പെട്ടത്. കണ്ണൂർ സെൻട്രൽ ജയിലിൽ 1991 ജൂലൈ ആറിനായിരുന്നു അത്. അന്ന് ആരാച്ചാരായ തമിഴ്നാട് പൊള്ളാച്ചി സ്വദേശിക്ക് 1500 രൂപയാണ് പ്രതിഫലം നൽകിയത്.  1979ൽ കളിയിക്കാവിള സ്വദേശി അഴകേശനെയാണ് പൂജപ്പുര ജയിലിൽ ഏറ്റവും ഒടുവിലായി തൂക്കിലേറ്റിയത്. 

വധശിക്ഷയ്ക്ക് കീഴ്‌ക്കോടതി വിധിച്ചാല്‍ തന്നെ ഹൈക്കോടതിയും സുപ്രീം കോടതിയും ഒടുവില്‍ പ്രസിഡന്‍റിനുള്ള ദയാഹര്‍ജിയും വരെ പ്രതികള്‍ക്ക് രക്ഷാമാര്‍ഗങ്ങളായുണ്ട്. ഇതില്‍ പലതും ഉപയോഗിച്ച് വധശിക്ഷയില്‍ നിന്ന് രക്ഷപെട്ടവരും ഇപ്പോള്‍ ജയിലുകളിലുണ്ട്. ഗോവിന്ദച്ചാമിയെയും നിനോ മാത്യുവിനെയും തോമസ് ചാക്കോയെയും പോലുള്ളവര്‍.

തൂക്കുകയര്‍ നിഴലില്‍ മുപ്പതിലേറെപ്പേര്‍   

അമീറുള്‍ ഇസ്‌ലാം: പെരുമ്പാവൂർ കുറുപ്പംപടിയിലെ നിയമ വിദ്യാർഥിനി കൊല്ലപ്പെട്ട കേസിലെ കുറ്റവാളി അസം നാഗോൺ സോലപത്തൂർ സ്വദേശി അമീറുൽ ഇസ്‌ലാമിനു (24) എറണാകുളം പ്രത്യേക കോടതി 2017 ഒക്ടോബർ 12നാണ് വധശിക്ഷ വിധിച്ചത്. കൊല നടന്നത് 2016ന് ഏപ്രില്‍ 28ന്. ഹൈക്കോടതി വധശിക്ഷ ശരിവച്ചെങ്കിലും പിന്നീട് സുപ്രീംകോടതി സ്റ്റേ ചെയ്തു.

പെരുമ്പാവൂര്‍ കുറുപ്പംപടിയിലെ നിയമ വിദ്യാര്‍ഥിനി കൊല്ലപ്പെട്ട കേസിലെ കുറ്റവാളി അമീറുല്‍ ഇസ്‌ലാം വിധി കേട്ടശേഷം കോടതിക്ക് പുറത്തേക്ക് വരുന്നു. ചിത്രം: മനോരമ

രണ്‍ജീത് വധക്കേസ് പ്രതികള്‍: ബിജെപി നേതാവ് രൺജീത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസ്.  ഇതില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടത് 16 പേരാണ്. 2021 ഡിസംബർ 19ന് ആലപ്പുഴ വെള്ളക്കിണറിലെ വീട്ടിൽ അതിക്രമിച്ചു കയറിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ രൺജീത്തിനെ കൊലപ്പെടുത്തിയെന്നാണു കേസ്. ശിക്ഷിക്കപ്പെട്ടവരെല്ലാം പോപ്പുലർ ഫ്രണ്ട്– എസ്ഡിപിഐ പ്രവർത്തകരാണ്. കൂടുതൽ പ്രതികളുള്ള കേസിൽ എല്ലാവർക്കും വധശിക്ഷ വിധിക്കുന്ന കേരളത്തിലെ ആദ്യ കേസാണിത്. വധശിക്ഷ വിധിക്കപ്പെട്ടവരുടെ എണ്ണമനുസരിച്ചു രൺജീത് വധക്കേസ് രാജ്യത്ത് 4–ാം സ്ഥാനത്താണ്.

ഗ്രീഷ്മ: കഷായത്തിൽ കളനാശിനി കലർത്തി ഷാരോൺ രാജിനെ കൊലപ്പെടുത്തിയ  കാമുകി ഗ്രീഷ്മ (24). 2022 ഒക്ടോബർ 14നാണ് ഗ്രീഷ്മ തന്റെ വീടായ പാറശാല തേവിയോടു പൂമ്പള്ളിക്കോണം ശ്രീനിലയത്തിലേക്കു വിളിച്ചുവരുത്തി കഷായത്തിൽ കളനാശിനി കലർത്തി നൽകിയത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കപ്പെട്ട ഷാരോൺ ഒക്ടോബർ 25നു മരിച്ചു. 

പ്രബീഷ്, രജനി: ആലപ്പുഴ പുന്നപ്ര തെക്കേമഠം ശശിധരന്റെ മകൾ അനിതയെ (32) കൊലപ്പെടുത്തിയ കേസ്. മലപ്പുറം നിലമ്പൂർ മുതുകാട് പൂക്കോടൻ വീട്ടിൽ പ്രബീഷ്,  (37)  കൈനകരി തോട്ടുവാത്തല പടിഞ്ഞാറ് പതിശേരി വീട്ടിൽ രജനി (38) എന്നിവര്‍ക്കാണ്  അഡിഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്.   അടുപ്പമുണ്ടായിരുന്ന സ്ത്രീ ഗർഭിണിയായപ്പോൾ ഒഴിവാക്കാൻ കൊലപ്പെടുത്തിയെന്നാണ് കേസ്.  2021 ജൂലൈ 9നാണ്  അനിത  കൊല്ലപ്പെടുന്നത്.

അസ്ഫാക് ആലം: ആലുവയിൽ 5 വയസ്സുള്ള ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട  ബിഹാർ സ്വദേശി അസ്ഫാക് ആലം. 2023 ജൂലൈ 28നാണ് അതിഥി തൊഴിലാളി കുടുംബത്തിലെ കുഞ്ഞിനെ ആലുവ മാർക്കറ്റിനു സമീപത്തു വച്ചു ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയത്.

ആലുവയില്‍ ബാലികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക് ആലം എറണാകുളം പോക്സോ കോടതി വിധിക്കുശേഷം പുറത്തേക്ക് വരുന്നു. ചിത്രം: മനോരമ

വിഴിഞ്ഞം കൂട്ടക്കൊല:  ഒറ്റയ്ക്കു താമസിച്ചിരുന്ന വയോധികയെ സ്വർണാഭരണങ്ങൾക്കായി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം വാടക വീടിന്റെ തട്ടിൻപുറത്ത് ഒളിപ്പിച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്   അമ്മയും മകനും മകന്റെ സുഹൃത്തും.   അമ്മയ്ക്കും മകനും തൂക്കുകയർ വിധിച്ചത് സംസ്ഥാനത്ത് ആദ്യം.   2022 ജനുവരി 14നു രാവിലെ 9ന് വിഴിഞ്ഞം മുല്ലൂർത്തോട്ടം ആലുമൂട് വീട്ടിൽ ശാന്തകുമാരിയെ (74) കൊലപ്പെടുത്തിയ കേസിലാണ് വിഴിഞ്ഞം ടൗൺഷിപ് കോളനി ഹൗസ് നമ്പർ 44ൽ റഫീക്ക (51), പാലക്കാട് പട്ടാമ്പി വിളയൂർ വള്ളികുന്നത്ത് വീട്ടിൽ അൽ അമീൻ (27), റഫീക്കയുടെ മകൻ ഷെഫീക്ക് (25) എന്നിവരെ നെയ്യാറ്റിൻകര  കോടതി ശിക്ഷിച്ചത്.

അര്‍ജുന്‍: കൽപറ്റ  പനമരം നെല്ലിയമ്പത്ത് വയോധികദമ്പതികളെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ടത് അയല്‍വാസി   അർജുന്‍ (24) . 2021 ജൂൺ 10ന് രാത്രിയാണ്   നെല്ലിയമ്പം പത്മാലയത്തിൽ കേശവൻ (75), ഭാര്യ പത്മാവതി (65) എന്നിവർക്കു വെട്ടേറ്റത്. മോഷണശ്രമം കൊലപാതകത്തിൽ കലാശിച്ചെന്നാണ് പൊലീസ് കണ്ടെത്തൽ. 

ഹമീദ് മക്കാര്‍:  ഉറങ്ങിക്കിടന്ന മകനെയും മരുമകളെയും അവരുടെ രണ്ടു മക്കളെയും മുറിയിൽ പൂട്ടിയിട്ടു പെട്രോളൊഴിച്ചു തീയിട്ടു കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ടത് പിതാവ് ആലിയക്കുന്നേൽ ഹമീദ് മക്കാര്‍.  ( 2022 മാർച്ച് 19നു പുലർച്ചെ 12.30ന് ആയിരുന്നു സംഭവം. തൊടുപുഴ ചീനിക്കുഴി മുഹമ്മദ് ഫൈസൽ (ഷിബു–45), ഭാര്യ ഷീബ (40), മക്കളായ മെഹ്റിൻ (16), അസ്ന (13) എന്നിവരാണു പൊള്ളലേറ്റു മരിച്ചത്.സ്വത്തുതർക്കത്തിന്റെ പേരിൽ പിതാവും മകനുമായുണ്ടായ വഴക്കാണു കൊലപാതക കാരണം.

നജ്ബുദ്ദീൻ:   ഭാര്യയെ അറവുശാലയിൽ കൊണ്ടുപോയി കഴുത്തറുത്തു കൊലപ്പെടുത്തിയ കേസ്  . പരപ്പനങ്ങാടി നെടുവ ചുടലപ്പറമ്പ് പഴയകത്ത് നജ്ബുദ്ദീനെ (ബാബു–44) ആണ് മഞ്ചേരി ജില്ലാ അഡീഷനൽ സെഷൻസ്  ശിക്ഷിച്ചത്. കൊല്ലപ്പെട്ടത് നരിക്കുനി കുട്ടമ്പൂർ സ്വദേശിനി റഹീന (30) 

രാജേന്ദ്രന്‍: അമ്പലമുക്കിലെ അലങ്കാരച്ചെടി വിൽപനശാലയിലെ ജീവനക്കാരി നെടുമങ്ങാട് കരിപ്പൂർ ചരുവള്ളികോണത്ത് വിനീതയെ (38) കൊലപ്പെടുത്തി 4 പവൻ മാല കവർന്ന കേസിലെ പ്രതി കന്യാകുമാരി തോവാള വെള്ളമടം രാജീവ് നഗറിൽ രാജേന്ദ്രന്‍ (42). 2022 ഫെബ്രുവരി 6നു പകൽ 11.50നായിരുന്നു സംഭവം

കുട്ടികൃഷ്ണന്‍:  സംശയത്തിന്റെ പേരിൽ ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്തുകയും മൃതദേഹത്തെ അനാദരിക്കുകയും ചെയ്ത കേസില്‍ ഭര്‍ത്താവ് കുട്ടികൃഷ്ണന്‍ ശിക്ഷിക്കപ്പെട്ടത് കൊല നടന്ന് 20 വര്‍ഷത്തിനു ശേഷമാണ്. 2004 ഏപ്രിൽ 2ന്  കൊല്ലപ്പെട്ടത്  മാന്നാർ ആലുംമൂട്ടിൽ ജംക്‌ഷനു തെക്ക് താമരപ്പള്ളി വീട്ടിൽ ജയന്തി(39). ഒന്നേകാൽ വയസ്സുള്ള മകളുടെ കൺമുന്നിൽ ഭാര്യയുടെ തലയറുത്തു കൊലപ്പെടുത്തിയെന്നും വേർപെട്ട തല മൃതദേഹത്തിനു മുകളിൽ വച്ചെന്നുമാണു കേസ്. ജാമ്യത്തിലിറങ്ങി ഒളിവില്‍പോയ പ്രതി പിന്നീട് അറസ്റ്റിലായത് 2023ലാണ്. 

കച്ചേരിവിള വീട്ടില്‍ ഉണ്ണി: സ്വകാര്യ ആശുപത്രിയിൽ വാക്കുതർക്കത്തെത്തുടർന്ന് നെടുമങ്ങാട് സ്വദേശി വിനോദിനെ സംഘം ചേർന്ന് കുത്തിക്കൊലപ്പെടുത്തിയ കേസ്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്   കൊല്ലം കച്ചേരിവിള വീട്ടിൽ ഉണ്ണി (കാട്ടുണ്ണി–37യ   2016 ജനുവരി 31നായിരുന്നു കേസിനാസ്പദമായ സംഭവം. മുറിവേറ്റ് ആശുപത്രിയിൽ  എത്തിയ ഗുണ്ടാസംഘത്തോട് വിവരം ചോദിക്കുന്നതിടെ പ്രതികൾ ചേർന്ന് വിനോദിനെയും സുഹൃത്തുക്കളെയും ആക്രമിക്കുകയായിരുന്നു. 

തൂക്കുകയര്‍ ഒഴിഞ്ഞുപോയവര്‍

ഗോവിന്ദച്ചാമി: ഷൊർണൂർ സ്വദേശിനിയായ യുവതിയെ 2011 ഫെബ്രുവരി ഒന്നിന് റെയിൽവേ ട്രാക്കിനരികിൽ തലയ്ക്കു മാരക പരുക്കുകളോടെ അബോധാവസ്ഥയിൽ കണ്ടെത്തി. കൊച്ചിയിൽനിന്നു വീട്ടിലേക്കു പോകുകയായിരുന്നു യുവതി. ചികിത്സയ്ക്കിടെ ഫെബ്രുവരി ആറിനു മരിച്ചു. പ്രതി ഗോവിന്ദച്ചാമി അറസ്റ്റിൽ. വള്ളത്തോൾ നഗർ സ്റ്റേഷൻ വിട്ടപ്പോൾ കംപാർട്മെന്റിൽ ഒറ്റയ്ക്കായ യുവതിയെ ഗോവിന്ദച്ചാമി ആക്രമിക്കുകയും ട്രെയിനിൽനിന്നു തെറിച്ചുവീണ യുവതിയെ അവിടെവച്ചു ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തെന്നു കേസ്. തൃശൂർ ഫാസ്റ്റ് ട്രാക്ക് കോടതി 2011 നവംബർ 11നു വധശിക്ഷ വിധിച്ചു. 2013 ഡിസംബറിൽ ഹൈക്കോടതി ശരിവച്ചു. 2016 സെപ്റ്റംബറിൽ സുപ്രീംകോടതി വധശിക്ഷ റദ്ദാക്കി. എന്നാൽ പീഡനത്തിനു നൽകിയ ജീവപര്യന്തം തടവു നിലനിർത്തി. 2017 ഏപ്രിലിൽ പിഴവുതിരുത്തൽ ഹർജിയും തള്ളി.

തോമസ് ചാക്കോ: അമ്മയു‌ടെ കൺമുന്നിൽ 2 പിഞ്ചുകുട്ടികളെ അതിദാരുണമായി കൊലപ്പെടുത്തിയ കേസ്. കു‌‌ട്ടികളു‌ടെ പിതൃസഹോദരനാണ് പ്രതി റാന്നി കീക്കൊഴൂർ മാടത്തേത്ത് വീട്ടിൽ ഷിബു എന്ന തോമസ് ചാക്കോ(47). കൊല നടന്നത് 2013 ഒക്ടോബർ 27ന്.  വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടെങ്കിലും  പകരം 30 വർഷം ഇളവില്ലാതെ കഠിനതടവ് അനുഭവിക്കണമെന്നായി ഹൈക്കോടതി ശിക്ഷ ഇളവ് ചെയ്തു.   

എഎസ്ഐ ജിതകുമാര്‍, സീനിയര്‍ സിപിഒ: എസ്.വി.ശ്രീകുമാര്‍: ഫോര്‍ട്ട് സ്റ്റേഷനിലെ ഉരുട്ടിക്കൊലക്കേസ് പ്രതികള്‍. മോഷണക്കുറ്റം ആരോപിച്ചു തിരുവനന്തപുരം ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത ആക്രിക്കട തൊഴിലാളി ഉദയകുമാറിനെ (28) ഉരുട്ടിക്കൊലപ്പെടുത്തിയെന്ന കേസിൽ വിചാരണക്കോടതി ശിക്ഷിച്ച 4 പേരില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍. സിബിഐയ്ക്ക് വീഴ്ച പറ്റിയെന്ന് പറഞ്ഞ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇവരുടെ ശിക്ഷ റദ്ദാക്കി.   

നിനോ മാത്യു: ആലംകോട് അവിക്സ് ജംക്‌ഷനു സമീപം പണ്ടാരക്കോണം ലെയ്നിലെ തുഷാരയിൽ തങ്കപ്പൻ ചെട്ടിയാരുടെ ഭാര്യ ഓമന (58), ചെറുമകൾ സ്വാസ്തിക (നാല്) എന്നിവരെ കൊലപ്പെടുത്തുകയും ഓമനയുടെ മകനും സ്വാസ്തികയുടെ അച്ഛനുമായ ലിജീഷിനെ വധിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിലാണു ഒന്നാംപ്രതി നിനോ മാത്യു ശിക്ഷിക്കപ്പെട്ടത്. ശിക്ഷ വിധിച്ചത്  തിരുവനന്തപുരം സെഷൻസ് കോടതി 2016 ഏപ്രിൽ 18ന്. എന്നാല്‍ഹൈക്കോടതി ശിക്ഷ ജീവപര്യന്തം കഠിനതടവായി കുറച്ചു.  25 വര്‍ഷത്തില്‍ ഇളവില്ലാത്ത തടവുശിക്ഷ അനുഭവിക്കണമെന്നായിരുന്നു വിധി.

തോമസ് ആല്‍വ എഡിസന്‍: 3 തൊഴിലാളികളെ കൊച്ചിയില്‍  മുറിക്കുള്ളിൽ തീയിട്ടു കൊന്ന കരാറുകാരനായ തൂത്തുക്കുടി  സ്വദേശി തോമസ് ആൽവ എഡിസന്‍. ഹൈക്കോടതി 25 വര്‍ഷം തടവുശിക്ഷയായി ഇളവു ചെയ്തു. 2009 ഫെബ്രുവരി 21 നായിരുന്നു കേസിനാസ്പദമായ കൊല. നിർമാണ തൊഴിലാളികളെ കൊച്ചിയിലെത്തിക്കുന്ന കരാറുകാരനായിരുന്നു തോമസ്.

റജികുമാര്‍:  പാലക്കാട് ജില്ലയിലെ പട്ടാമ്പി ആമയൂരിൽ ഭാര്യയെയും നാലു മക്കളെയും രണ്ടാഴ്‌ചയ്‌ക്കിടെ കൊലപ്പെടുത്തുകയും മകളെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്‌ത കേസിലെ പ്രതി പാലാ ചക്കാമ്പുഴ പറമ്പത്തേട്ട് റജികുമാര്‍. മറ്റൊരു സ്‌ത്രീയ്ക്കൊപ്പം ജീവിക്കാൻ വേണ്ടി 2008 ജൂലൈ 8നും 22നും ഇടയ്‌ക്കുള്ള ദിവസങ്ങളിൽ പ്രതി കൊലപാതക പരമ്പര നടത്തിയെന്നാണു കേസ്. കേസിൽ വിചാരണ കോടതി വിധിച്ച വധശിക്ഷ 2014 ൽ ഹൈക്കോടതി ശരിവച്ചു. ഇതിനെതിരെ നൽകിയ ഹർജിയില്‍ സുപ്രീംകോടതി റജികുമാറിന്റെ ശിക്ഷ   ജീവിതാവസാനം വരെ തടവാക്കി മാറ്റി.

നരേന്ദ്രകുമാര്‍: പാറമ്പുഴ കൂട്ടക്കൊലക്കേസിൽ പ്രതി ഉത്തർപ്രദേശ് സ്വദേശി നരേന്ദ്രകുമാര്‍.  (28)   തുരുത്തേൽക്കവലയിലെ വാഷ് വേൾഡ് ഡ്രൈക്ലീനിങ് സ്ഥാപന ഉടമ മൂലേപ്പറമ്പിൽ ലാലസൻ (72), ഭാര്യ പ്രസന്നകുമാരി (57), മകൻ പ്രവീൺ (26) എന്നിവരെ കൊലപ്പെടുത്തി എട്ടര പവൻ സ്വർണം കവർന്ന കേസിലാണ് കോട്ടയം പ്രിൻസിപ്പൽ ജില്ലാ ജഡ്ജി 2017 മാർച്ച് 21നു നരേന്ദ്ര കുമാറിനു വധശിക്ഷ വിധിച്ചത്.  ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ജീവപര്യന്തം തടവായി കുറച്ചു. 20 വർഷം ഇളവില്ലാതെ ശിക്ഷ അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.

മീമ്പാറ രജിത്:  ചോറ്റാനിക്കരയിൽ 4 വയസ്സുകാരിയെ കൊലപ്പെടുത്തിയെന്ന കേസിൽ അമ്മയുടെ കാമുകന്‍ പിറവം ഐക്കരനാട് മീമ്പാറ രജിത്. 2013 ഒക്ടോബർ 29 നാണു കുട്ടിയെ കാണാതാകുന്നത്.  അമ്മയുടെ വഴിവിട്ട ജീവിതത്തിനു മുൻ വിവാഹത്തിൽ നിന്നുള്ള കുട്ടി തടസ്സമായതിനാൽ  ഗൂഢാലോചന നടത്തി കൊലപ്പെടുത്തിയെന്നായിരുന്നു   കേസ്.

ENGLISH SUMMARY:

Following the recent death sentence handed down in the Nenmara double murder case, over thirty convicts remain on death row in Kerala prisons awaiting legal appeals, even though no executions have been carried out in the state for decades. Notable individuals facing capital punishment include high-profile offenders like Ameerul Islam, Greeshma, and Ashfaq Alam, alongside several convicts whose death sentences were previously commuted by higher courts to life imprisonment.