Image: X

ഒരു ഇസ്രയേലി വനിതയുള്‍പ്പെടെ രണ്ടുപേരെ കൂട്ടബലാത്സംഗം ചെയ്ത കേസിലും ഒരു വിനോദസഞ്ചാരിയെ കൊലപ്പെടുത്തിയ കേസിലും പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചു. കര്‍ണാടക കൊപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. മല്ലേഷ്, സായി, ശരണപ്പ എന്നിവര്‍ക്കാണ് വധശിക്ഷ ലഭിച്ചത്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹംപിയ്ക്കടുത്ത് തുംഗഭദ്ര ലെഫ്റ്റ് ബാങ്ക് കനാല്‍ പരിസരത്താണ് സംഭവം നടന്നത്. മാര്‍ച്ച് ആറിന് മറ്റ് മൂന്ന് പുരുഷന്‍മാരായ വിനോദസഞ്ചാരികള്‍ക്കൊപ്പം നില്‍ക്കുകയായിരുന്ന ഇസ്രയേലി വനിതയോടും വനിതാ ഹോംസ്റ്റേ ഓപ്പറേറ്ററോടും പ്രതികള്‍ പണമാവശ്യപ്പെട്ടു. ആവശ്യം നിരസിച്ചപ്പോള്‍ മൂന്ന് പുരുഷന്‍മാരേയും കനാലിലേക്ക് തള്ളിയിട്ട ശേഷം വനിതകളെ പിടിച്ചുകൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു.

രണ്ടുപേര്‍ ഒരുവിധം നീന്തി രക്ഷപ്പെട്ടെങ്കിലും ഒഡീഷ സ്വദേശിയായ സഞ്ചാരി രക്ഷപ്പെടാനാവാതെ മുങ്ങിമരിച്ചു. സംസ്ഥാനത്താകെ കോളിളക്കം സൃഷ്ടിച്ച കൊലപാതകമായിരുന്നു ഇത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായതുകൊണ്ടാണ് വധശിക്ഷ തന്നെ നല്‍കുന്നതെന്ന് കോടതി വിധിയില്‍ വ്യക്തമാക്കുന്നു.

 
ENGLISH SUMMARY:

Death penalty has been awarded in a case involving the gang rape of two women, including an Israeli national, and the murder of a tourist. The Karnataka Koppal Sessions Court pronounced the sentence on Mallesh, Sai, and Sharanappa, marking a significant judgment in a case that sent shockwaves across the state.