മോഡലിങ്ങിൻ്റെ മറവില്‍ സെക്‌സ് റാക്കറ്റും മനുഷ്യക്കടത്തും നടത്തിയ സംഭവത്തില്‍, എല്ലാം കെട്ടിച്ചമച്ച കഥയാണെന്ന വാദവുമായി അഞ്ചാംപ്രതി. പരാതിക്കാരി പറയുന്നതുപോലെ ലൈംഗിക ചൂഷണം നടന്നിട്ടുണ്ടെങ്കില്‍, എന്തുകൊണ്ടാണ് ദുബായില്‍ വെച്ച് പൊലീസില്‍ പരാതിപ്പെടാത്തതെന്നും, എല്ലാം സ്ക്രിപ്റ്റഡാണെന്നും അഞ്ചാംപ്രതി ആരോപിക്കുന്നു. ഇത്തരം കാര്യങ്ങള്‍ നടക്കുന്ന സ്ഥലമാണിതെങ്കില്‍, തന്നെ കാണാനായി ഇവിടേക്ക് എങ്ങനെയാണ് തന്‍റെ കുടുംബം വന്നത്. പരാതിക്കാരിയെ ദ്രോഹിക്കാനോ ഉപദ്രവിക്കാനോ പോയിട്ടില്ല. തെറ്റുചെയ്തതിന് അതിനോട് ദേഷ്യത്തില്‍ സംസാരിച്ചിട്ടുണ്ട്. അല്ലാതെ ഉപദ്രവിച്ചിട്ടില്ലെന്നും അഞ്ചാംപ്രതി മനോരമ ന്യൂസിനോട് പറഞ്ഞു. 

 

ഞാന്‍ ഇവിടെ വന്നത് എന്‍റെ ഓണ്‍ വീസയിലും ടിക്കറ്റിലുമാണ്. പിന്നെ ഷൂട്ടും ഷോയും ഒക്കെ ചെയ്യുന്ന എന്‍റെ ഒരു ഫ്രണ്ടാണ് ചേച്ചിയെ പരിചയപ്പെടുത്തി തന്നത്. പുള്ളിക്കാരി ഷൂട്ട്, കൊളാബൊറേഷന്‍, പ്രൊമോഷന്‍ വര്‍ക്കൊക്കെ ചെയ്യുന്നുണ്ട്. ഞാന്‍ നാട്ടിലും അതൊക്കെത്തന്നെയാണ് ചെയ്യുന്നത്. പിന്നെ എന്‍റെ കുടുംബം ഇവിടെയുണ്ട്. അവര്‍ ഞങ്ങളുടെ റൂമില്‍ വന്നിട്ടുമുണ്ട്. അപ്പോ ഇങ്ങനെയൊക്കെ നടക്കുന്ന സ്ഥലത്താണെങ്കില്‍ ഒരിക്കലും കുടുംബത്തെ കൊണ്ടുവരാന്‍ സമ്മതിക്കില്ലല്ലോ?. എന്‍റെ കുടുംബം വന്നതും പോയതും ഇങ്ങനെയൊക്കെ നടക്കുന്ന സ്ഥലത്താണോ. അല്ലല്ലോ?

 

ഇനി അങ്ങനെ നടന്നിട്ടുണ്ടെങ്കില്‍ തന്നെ, അവര്‍ ഇവിടത്തെ പൊലീസിലോ അല്ലെങ്കില്‍ നാട്ടിലെത്തിയ അന്നുതന്നെ നാട്ടിലെ പൊലീസ് സ്റ്റേഷനിലോ കംപ്ലെയിന്‍റ് ചെയ്യണം. ഇവര്‍ അവിടെ ചെന്ന ശേഷം എല്ലാവരും കൂടി കൂടിയാലോചിച്ച് സ്ക്രിപ്റ്റ് റെഡിയാക്കിയിട്ടാണ് രണ്ടാഴ്ച കഴിഞ്ഞ ശേഷം ഈ കേസ് കൊടുത്തിരിക്കുന്നത്. വ്യക്തിവൈരാഗ്യം മൂലമാണ് ഈ കേസ് കൊടുത്തിരിക്കുന്നത്. കേസ് കൊടുത്ത കുട്ടിക്ക് വൈരാഗ്യം ഉണ്ടാവില്ല. ഇതിന്‍റെ പിന്നില്‍ കുറേപ്പേര്‍ നിന്ന് കളിക്കുന്നുണ്ട്. കേസ് കൊടുത്ത രണ്ടുമൂന്നുപേരും, തിരുവനന്തപുരത്തുള്ള ഒരു പുള്ളിയും ഒക്കെക്കൂടി ആലോചിച്ചുണ്ടാക്കിയ ഒരു കേസ് തന്നെയാണിത്. 

 

ഒരിക്കലും ആ കൊച്ചിനെ ദ്രോഹിക്കാനോ ഉപദ്രവിക്കാനോ പോയിട്ടില്ല. തെറ്റുചെയ്തതിന് അതിനോട് ദേഷ്യത്തില്‍ സംസാരിച്ചിട്ടുണ്ട്. അല്ലാതെ ഉപദ്രവിക്കാനോ മറ്റെന്തെങ്കിലും ചെയ്യാനോ ഒന്നും പോയിട്ടില്ല. യുദ്ധം തുടങ്ങിയശേഷം എല്ലാവരും റൂമില്‍ ഷൂട്ടും കാര്യങ്ങളും ഒന്നും ഇല്ലാതെ ഇരിക്കുകയായിരുന്നു. അപ്പോള്‍ എല്ലാവരും പൊതുവേ ടൈറ്റ് ആയിരുന്നു. അപ്പോള്‍ അവര്‍ കാശിനുവേണ്ടിയാണ് ഈ ചെയ്തുകൂട്ടിയതെല്ലാം. 

 

മൂന്നുപ്രാവശ്യം അവര്‍ അവിടെനിന്ന് കാര്‍ഗോ അയച്ചിട്ടുണ്ട്. ഇവരുടെ കയ്യില്‍ നല്ല എമൗണ്ട് വന്നുപോയിട്ടുണ്ട്. ഞങ്ങള്‍ ഇങ്ങനെ  ചെയ്യുകയാണെങ്കില്‍ ഞങ്ങളുടെ കയ്യില്‍ പണം ഉണ്ടാവേണ്ടേ? ഞങ്ങളുടെ ബാങ്ക് ഡീറ്റെയില്‍സും ട്രാന്‍സാക്ഷന്‍സും നോക്കിയാല്‍ എല്ലാം അറിയാം. ഇവരുടെ കൂടെ വന്ന ഞാന്‍ വീട്ടില്‍ ഒരു രൂപ പോലും അയച്ചിട്ടില്ല. ഇവര്‍ മൂന്നുപ്രാവശ്യം ഈ പെണ്‍കുട്ടികള്‍ കാര്‍ഗോ അയച്ചിട്ടുണ്ട്. ഇവര്‍ക്ക് എവിടെനിന്നുകിട്ടി ഇത്രയും പൈസ?. നമുക്കും ഉണ്ടാവണ്ടേ അത്രയും പൈസയൊക്കെ? നമ്മള്‍ ഒരു ഷൂട്ടിന് പോയാല്‍, അല്ലെങ്കില്‍ നമ്മള്‍ ഒരു ഷോയ്ക്ക് പോയാല്‍ ഇത്രക്ക് ഇത്ര രൂപയേ നമ്മുടെ കയ്യില്‍ ഉണ്ടാകുള്ളു. മൂന്നുപ്രാവശ്യം ഒക്കെ കാര്‍ഗോ അയക്കാനും വേണ്ടിയുള്ള പൈസയൊന്നും നമ്മുടെ കയ്യില്‍ ഉണ്ടാവില്ല. 

 

ഇത്രയും പൈസ അവര്‍ക്ക് എവിടെനിന്ന് വന്നു. ഞങ്ങള്‍ ഇതുപോലെ കുറച്ച് ചോദ്യങ്ങള്‍ ചോദിച്ചു. അല്ലാതെ അവരെ ഉപദ്രവിക്കുകയോ മറ്റോ ചെയ്തിട്ടില്ല. ഈ പെണ്‍കുട്ടി എയര്‍പോര്‍ട്ടില്‍ നിന്ന് ഇവിടെ റൂമില്‍ എത്തിയശേഷം പുറംലോകം കണ്ടിട്ടില്ല എന്നാണ് പറയുന്നത്. അവള്‍ പബില്‍ പോയിട്ടുണ്ട്. ഡേ–ടു–ഡേയില്‍ പോയിട്ടുണ്ട്. അതുപോലെ പലയിടത്തും ഷൂട്ടും കാര്യങ്ങളും ചെയ്യാനായിട്ട് ഈ പെണ്‍കുട്ടി പോയിട്ടുണ്ട്. അങ്ങനെയുള്ള പെണ്‍കുട്ടിയാണ് പുറംലോകം കണ്ടിട്ടില്ല എന്ന് നുണ പറയുന്നത്. – അഞ്ചാംപ്രതി ആരോപിക്കുന്നു.

പരാതിക്കാരി പറയുന്നതെല്ലാം പച്ചക്കള്ളമാണെന്ന വാദവുമായി രണ്ടാംപ്രതിയും രംഗത്തെത്തി. സത്യാവസ്ഥ അറിയിക്കാനാണ് നിങ്ങളുടെ മുന്നില്‍ വരുന്നത്. തെറ്റൊന്നും ചെയ്തിട്ടില്ല. പരാതിക്കാരിയുടെ ഫോണില്‍ താന്‍ ഒരുപാട് കാര്യങ്ങള്‍ കാണ്ടു. അവള്‍ ആ ഫോണ്‍ തന്‍റെ മുന്നില്‍ വച്ച്, തെളിവ് നശിപ്പിക്കാനായി തല്ലിപ്പൊട്ടിക്കുകയായിരുന്നു. ആ പൊട്ടിയ ഫോണ്‍ ഇപ്പോഴും തന്‍റെ കൈവശമുണ്ട്. അത് നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരാന്‍ തയാറാണെന്നും  രണ്ടാംപ്രതി ഷംല ഷംല മനോരമ ന്യൂസിനോട് പറഞ്ഞു.   

ENGLISH SUMMARY:

Fifth accused in the modeling sex racket and human trafficking case claims the allegations are a fabricated story. The accused questions why the complainant did not file a police report in Dubai if sexual exploitation occurred, suggesting the entire case is scripted and motivated by personal vendetta.