മോഡലിങ്ങിൻ്റെ മറവില്‍ സെക്‌സ് റാക്കറ്റും മനുഷ്യക്കടത്തും നടത്തിയ സംഭവത്തില്‍, പരാതിക്കാരി പറയുന്നതെല്ലാം പച്ചക്കള്ളമാണെന്ന വാദവുമായി രണ്ടാംപ്രതി. സത്യാവസ്ഥ അറിയിക്കാനാണ് നിങ്ങളുടെ മുന്നില്‍ വരുന്നത്. തെറ്റൊന്നും ചെയ്തിട്ടില്ല. പരാതിക്കാരിയുടെ ഫോണില്‍ താന്‍ ഒരുപാട് കാര്യങ്ങള്‍ കണ്ടു. അവള്‍ ആ ഫോണ്‍ തന്‍റെ മുന്നില്‍ വച്ച്, തെളിവ് നശിപ്പിക്കാനായി തല്ലിപ്പൊട്ടിക്കുകയായിരുന്നു. ആ പൊട്ടിയ ഫോണ്‍ ഇപ്പോഴും തന്‍റെ കൈവശമുണ്ട്. അത് നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരാന്‍ തയാറാണെന്നും  രണ്ടാംപ്രതി  മനോരമ ന്യൂസിനോട് പറഞ്ഞു.  

'എന്‍റെ ഒരു ഫ്രണ്ടാണ് ബിലാലിനെ പരിചയപ്പെടുത്തി തരുന്നത്. അയാള്‍ക്ക് ഒന്നുരണ്ടു പ്രാവശ്യം മെസേജ് അയച്ചിട്ടുണ്ട്. എന്‍റെ വീസയൊക്കെ ബിലാലിന്‍റെ ഫോണില്‍ നിന്നാണ് എനിക്ക് ഇട്ടുതന്നിട്ടുള്ളത്.  എയര്‍പോര്‍ട്ടില്‍ വെച്ചാണ് ആദ്യമായി ബിലാലിനെയും ഇതില്‍ പ്രതിയായ മഞ്ജിമയെയും ഒക്കെ കാണുന്നതുതന്നെ. എയര്‍പോര്‍ട്ടില്‍ വന്ന അന്നാണ് സിന്ധു എന്നുപറയുന്ന ലേഡിയെ നമ്മള്‍ ആദ്യമായിട്ട് കാണുന്നത്. സിന്ധുവാണ് എയര്‍പോര്‍ട്ടില്‍ വന്ന് ഞങ്ങളെ പിക്ക് ചെയ്തത്. ഏഴെട്ട് പിള്ളേരുള്ള ഒരു റൂമില‍േക്കാണ് ഞങ്ങളെ കൊണ്ടുപോയത്. അവിടെ പോയപ്പോ എനിക്ക് കംഫര്‍ട്ടബിള്‍ ആയിരുന്നു. 

പിറ്റേദിവസം വന്ന മഞ്ജിമ അവിടെ സൗകര്യങ്ങള്‍ പോര എന്നുപറഞ്ഞിട്ടാണ് താഴേക്ക് പോയത്. പിന്നെ ഈ ഏഴെട്ട് പിള്ളേരുടെ കൂട്ടത്തിലാണ് ഞാന്‍ മുകളില്‍ 607ല്‍ ഉണ്ടായിരുന്നത്. അവര്‍ തൊട്ടുതാഴത്തെ റൂമിലാണ് ഉണ്ടായിരുന്നത്. മോഡലിങ്ങിന്‍റെ ഷൂട്ടും ഫാഷന്‍ ഷോയും കാര്യങ്ങളും ഒക്കെ ഉണ്ടെന്ന് പറഞ്ഞിട്ടാണ് നമ്മള്‍ ഇവിടെ വരുന്നത്.

വന്നതിന് ശേഷമാണ് യുദ്ധത്തിന്‍റെ പ്രശ്നം വന്നിട്ട് ഒരുമാസത്തോളം റൂമില്‍ ആയിപ്പോയത്. മുകളിലുള്ള റൂമില്‍ത്തന്നെയായിരുന്നു ഞങ്ങള്‍. അവിടെ ഈ പറയുന്ന ഏഴെട്ട് കുട്ടികളും ഉണ്ടായിരുന്നു. ഒരുമാസത്തിന് ശേഷം ആണ് ഞങ്ങള്‍ അറിയുന്നത് താഴത്തെ റൂമില്‍ കുറച്ച് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു എന്നത്. അത് അറിഞ്ഞപ്പോള്‍ ഞങ്ങള്‍ ചോദ്യം ചെയ്തു. സിന്ധു എന്ന വ്യക്തിയെ വിളിച്ച് ഞങ്ങള്‍ കാര്യങ്ങള്‍ പറഞ്ഞു. അവിടെയാണ് ഈ പ്രശ്നം തുടങ്ങുന്നത്. അവിടെ ഉണ്ടായിരുന്ന ഒരു പെണ്‍കുട്ടി സ്പായില്‍ പോകുകയും, ഇല്ലീഗലായിട്ട് വേറെ രീതിയില്‍ ആണുങ്ങളെ അവിടെ കയറ്റുകയും ചെയ്തിരുന്നു. അതറിഞ്ഞപ്പോള്‍ ഞങ്ങള്‍ പ്രതികരിച്ചു. 

അതുവരെ ​ഞങ്ങള്‍ ഒരുമാസത്തോളം അങ്ങനെ പുറത്തേക്കൊന്നും പോയിരുന്നില്ല. പിന്നെ ഞങ്ങള്‍ കടകളിലും മറ്റുമൊക്കെ പോകും. ഇവരെ ആരോ ബ്ലാക്മെയില്‍ ചെയ്ത് കാഷ് വാങ്ങിക്കാന്‍ തുടങ്ങിയപ്പോള്‍ വലിയ പ്രശ്നം വന്നു. അങ്ങനെ അക്കാര്യം ഞങ്ങള്‍ ചോദിച്ചു. അപ്പോഴാണ് ഇവര്‍ ഞങ്ങളോട് സത്യം എന്താണെന്ന് പറയുന്നത്. 

പിന്നെ സിഐഡികള്‍ വരും, നമുക്ക് എല്ലാവര്‍ക്കും പ്രശ്നമാകും എന്നെല്ലാം പറഞ്ഞ് ഞങ്ങളെ ഭയപ്പെടുത്തി. നിങ്ങള്‍ താഴെ ചെയ്തുവച്ചതിന്‍റെ ഭവിഷ്യത്ത് നിങ്ങളല്ലേ അനുഭവിക്കേണ്ടത് എന്നുള്ള രീതിയില്‍ നമ്മള്‍ സംസാരിക്കവേ, ഇവര്‍ നമ്മളെ ഭയപ്പെടുത്താന്‍ നോക്കി. 

ഞങ്ങള്‍ അതെല്ലാം വിളിച്ച് സിന്ധു എന്ന വ്യക്തിയോട് പറഞ്ഞു. അവര്‍ തമ്മില്‍ സംസാരിക്കുന്ന ഓഡിയോ വരെ ഞങ്ങളുടെ കയ്യിലുണ്ട്. പിന്നെ പരാതിക്കാരി എന്നുപറയുന്ന പെണ്‍കുട്ടിയുടെ ഫോണില്‍ ഒരുപാട് കാര്യങ്ങള്‍ കാണുകയും അവള്‍ ആ ഫോണ്‍ ഞങ്ങളുടെ മുന്നില്‍ വച്ച്, തെളിവ് നശിപ്പിക്കാനായി തല്ലിപ്പൊട്ടിക്കുകയും ചെയ്തിട്ടുണ്ട്. ആ പൊട്ടിയ ഫോണ്‍ ഇപ്പോഴും എന്‍റെ കൈവശമുണ്ട്. അത് നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരാന്‍ ഞാന്‍ തയാറാണ്.

ഞങ്ങള്‍  തെറ്റ് ചെയ്തിട്ടില്ല. തെറ്റ് ചെയ്തവര്‍ താഴത്ത് നിന്ന പെണ്‍കുട്ടുകളാണ്.  നമ്മള്‍ ചെയ്യാത്ത തെറ്റിന് നമ്മളെ ശിക്ഷിക്കേണ്ട ആവശ്യമുണ്ടോ?. ഞങ്ങള്‍ അവിടുന്ന്, തൊട്ടടുത്തുള്ള, മാത്യൂസ് ബില്‍ഡിങ് എന്നുപറയുന്ന ഇടത്തേക്ക് മാറ്റി. ഈ പെണ്‍കുട്ടികളും ഒപ്പം ഉണ്ടായിരുന്നു. അവരെ ഓരോ ഇടത്ത് കൊണ്ട് പോകുമ്പോഴൊക്കെ പര്‍ദ ധരിപ്പിച്ചിരുന്നു. കാരണം അവര്‍ ആരെയൊക്കെയോ പേടിക്കുന്നുണ്ടായിരുന്നു. 

ഞങ്ങള്‍ ആരെയും ബ്ലാക്മെയില്‍ ചെയ്തിട്ടില്ല. അന്ന് ഞങ്ങള്‍ ഭയങ്കരമായിട്ട് ഇവര്‍ക്കെതിരെ സംസാരിച്ചിട്ടുണ്ട്. പരാതി വരാന്‍ കാരണം അതാണ്. ഇതിനകത്ത് അലീന എന്നുപറഞ്ഞിട്ട്  ഒരു പെണ്‍കുട്ടിയെ ടോര്‍ച്ചര്‍ ചെയ്യുന്നുണ്ട്. ആ കുട്ടി ആകെ കുറച്ചുദിവസമേ മുകളില്‍ ഉണ്ടായിരുന്നുള്ളൂ. നമ്മുടെ കൂടി മുകളിലുണ്ടായിരുന്ന കുട്ടിയാണ് അതും. ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന കുട്ടിയാണ് അലീന. അത് നേരത്തേ എങ്ങനെയായിരുന്നു എന്താണെന്നൊന്നും നമുക്ക് അറിയില്ല. പക്ഷേ നമ്മുടെ കൂടെ വന്നിട്ട് ആ കുട്ടി ആരെയും ഉപദ്രവിക്കുകയോ അല്ലെങ്കില്‍ ഈ വിഡിയോഗ്രാഫര്‍മാര്‍ പറയുന്നത് പോലെ വിഡിയോ എടുത്തിട്ട് നഗ്നതപ്രദര്‍ശനം നടത്തുകയോ ഒന്നും ചെയ്തിട്ടില്ല. ഞങ്ങള്‍ എങ്ങനെയാണോ അതേ രീതിയില്‍ തന്നെയായിരുന്നു ആ പെണ്‍കുട്ടിയും അവിടെ ഉണ്ടായിരുന്നത്.

പിന്നെ സിന്ധു എന്നുപറയുന്ന വ്യക്തിക്ക് കേരളത്തില്‍ വച്ച് ഒരു പ്രശ്നമുണ്ടായിട്ടുണ്ട്. ഒബ്റോണ്‍ മാളിലെ സിസിടിവിയില്‍ നോക്കിക്കഴിഞ്ഞാല്‍ അവരെ ഉപദ്രവിക്കുന്നതും അവരുടെ കയ്യില്‍ സ്വര്‍ണം ഊരിവാങ്ങിക്കുന്നതും, കൈ ബലമായി പിടിച്ച് വലിച്ചുകൊണ്ട് പോവുന്നതും കാണാം. അവര്‍ അന്നുതന്നെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആകുകയും ചെയ്തു. അതുകഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോള്‍ അവര്‍ കേസ് കൊടുത്തതിന്‍റെ എഫ്.ഐ.ആര്‍ ഇട്ടിട്ടുണ്ട്. അതിന്‍റെ പിറ്റേ ദിവസമാണ് ഈ സംഭവം നടക്കുന്നത്. 

ഞങ്ങള്‍ ഇവിടെ കുറച്ചുകാര്യങ്ങള്‍ കണ്ടുപിടിച്ച് അത് ചേച്ചിക്ക് അയച്ചുകൊടുത്തു. നമ്മളെ അത് ബാധിക്കാന്‍ പാടില്ല എന്ന് കരുതിയിട്ടാണ് അത് അയച്ചുകൊടുത്തത്. പക്ഷേ ഇത്രമാത്രം പ്രശ്നമാകുമെന്നോ  ഒരു തെറ്റും ചെയ്യാതെ നമ്മള്‍ കുറ്റക്കാരാകുമെന്നോ കരുതിയില്ല. ആ കുട്ടി  പരാതിക്കകത്ത് പറയുന്നത് എന്തോ വെള്ളത്തിനകത്ത് വെള്ളപ്പൊടി കലക്കി കൊടുത്തുവെന്നും, പെണ്‍കുട്ടികളെല്ലാം കൂടി ചേര്‍ന്ന് അവളെ ഡ്രസ് മാറ്റി ആണുങ്ങള്‍ക്ക് കാഴ്ചവച്ചു എന്നുമാണ്. 

ഒരു മിനിമം ബുദ്ധിയുള്ള ആളുകള്‍ക്ക് മനസിലാകും, ഒരു പെണ്‍കുട്ടിയെയും അങ്ങനെ നമ്മള്‍ ചെയ്യില്ലെന്ന്. അഥവാ അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ത്തന്നെ ലാസ്റ്റ് മൊമെന്‍റില്‍ ആ പെണ്‍കുട്ടി പറയുന്നത്, നമ്മുടെ ബന്ധുക്കളാണ് ഇവിടെനിന്ന് രക്ഷപെടുത്തിയതെന്നാണ്. ആദ്യംതന്നെ പാസ്പോര്‍ട്ടും ഫോണും വാങ്ങിവച്ചുവെന്നാണ് ഈ കുട്ടി പരാതിയില്‍ പറയുന്നത്. അങ്ങനെയുണ്ടെങ്കില്‍ ഈ കാര്യം ഇവിടെ ദുബായ് പൊലീസിനെ എന്തുകൊണ്ട് ആ കുട്ടി അറിയിച്ചില്ല.  ഇത്രയും വലിയ ഒരു ആപത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടി ആദ്യം ഇക്കാര്യം അറിയിക്കുന്നത് ദുബായ് പൊലീസിനെയാണ്. അതുകഴിഞ്ഞിട്ടാണ് കേരളത്തിലേക്ക് പോകുന്നത്. 

കേരളത്തില്‍ ചെന്നിട്ട് ഈമാതിരി പരാതിയൊക്കെ കൊടുക്കുമ്പോള്‍ ആ പരാതി കൊടുക്കുന്ന പെണ്‍കുട്ടി പറഞ്ഞത് സത്യമാണോ എന്നാണ് പൊലീസുകാര്‍ തിരക്കേണ്ടത്.  ആ പെണ്‍കുട്ടിയുടെ ഫോണ്‍ എടുത്ത് നോക്കിക്കഴിഞ്ഞാല്‍ സൈബര്‍ സെല്ലുകാര്‍ക്ക് മനസിലാകും കാര്യങ്ങള്‍. 

അതുപോലെ തന്നെ പാസ്പോര്‍ട്ട് എടുത്ത് നോക്കിയാല്‍ ദുബായില്‍ അവള്‍ എത്രാമത്തെ തവണയാണ് വരുന്നത് എന്നുള്ളതും അറിയാന്‍ പറ്റും. അവള്‍ ഏതെങ്കിലും ഹോട്ടലില്‍ റൂം എടുത്തുണ്ടെങ്കിലോ, പുറത്തുപോയിട്ടുണ്ടെങ്കിലോ ഒക്കെ അതിന്‍റെ സിസിടിവി ലഭ്യമാക്കാവുന്നതേയുള്ളൂ. ദുബായി പൊലീസിനാണ് ആ കുട്ടി പരാതി കൊടുത്തിരുന്നതെങ്കില്‍ അവര്‍ ഉറപ്പായിട്ടും സിസിടിവിയിലൂടെ സത്യം കണ്ടുപിടിച്ചെനേ. അന്ന് അതായിരുന്നു ആ കുട്ടി ചെയ്യേണ്ടിയിരുന്നത്. എന്തുകൊണ്ട് ചെയ്തില്ല.?. 

അതുപോലെ തന്നെ 15 ഗ്രാം എംഡിഎംഎ അവളുടെ ബാഗിന്‍റെ സൈഡില്‍ വച്ചുകൊടുത്തു, അവള്‍ ബാത്‍റൂമിനകത്ത് ഫ്ലഷ് അടിച്ചു എന്നാണ് പറഞ്ഞത്. അത്രയും ധൈര്യമുള്ള ഒരു പെണ്‍കുട്ടിക്ക് എന്തുകൊണ്ട് ദുബായില്‍ കേസുകൊടുത്തില്ല? അവളുടെ ഭാഗത്ത് തെറ്റില്ലായിരുന്നെങ്കില്‍ അതല്ലേ ചെയ്യേണ്ടിയിരുന്നത്.  

ഇവിടെ നിന്ന് പോയശേഷം അവിടെ ഒരു കള്ളപ്പരാതി കൊടുത്തുകഴിഞ്ഞാല്‍, അതിന്‍റെ പുറകേ ഇങ്ങനെ മാധ്യമപ്രവര്‍ത്തകരും പൊലീസുകാരും പോയിട്ട് ഒരു കാര്യവുമില്ല. അതില്‍ എന്തെങ്കിലും സത്യമുണ്ടോയെന്ന് അറിയാന്‍ പറ്റണം. അല്ലാതെ ഇങ്ങനെ കുറേ കെട്ടിച്ചമച്ച കഥകള്‍ കൊണ്ട് ഒരുതെറ്റും ചെയ്യാത്ത ഞങ്ങളെ കുടുക്കുന്നത് എന്തിനാണ്. 

മൂന്നുമാസത്തിനിടെ ഇത്തരം സംഭവങ്ങളൊന്നും നടന്നിട്ടില്ല. ആ പെണ്‍കുട്ടിയെ നമ്മള്‍ ഉപദ്രവിച്ചിട്ടുണ്ട്, ചൂരല്‍ കൊണ്ട് അടിച്ചിട്ടുണ്ട്,  ഫുഡ് പോലും കൊടുക്കാതെ പീഡിപ്പിച്ചിട്ടുണ്ട് എന്നൊക്കെയാണ് പറയുന്നത്. ഒരു പെണ്‍കുട്ടിക്ക് ഫുഡ് കഴിക്കാതെ ഒന്നോ രണ്ടോ ദിവസം പിടിച്ചുനില്‍ക്കാന്‍ പറ്റുമായിരിക്കും. മൂന്നാമത്തെ ദിവസം പിടിച്ചുനില്‍ക്കാന്‍ പറ്റുമോ?. ഈ മൂന്നുമാസത്തില്‍ രണ്ടരമാസത്തോളം ആ പെണ്‍കുട്ടി ദുബായിലുണ്ടായിരുന്ന ആളാണ്. ഇതിന്‍റെ പിന്നില്‍ ആ കുട്ടി മാത്രമാണെന്ന് ഞാന്‍ ഒരിക്കലും പറയില്ല. കാരണം ഈ പെണ്‍കുട്ടിയെക്കൊണ്ട് ആരൊക്കെയോ ഇതൊക്കെ ചെയ്യിക്കുന്നതാണ്'.  – രണ്ടാം പ്രതി ആരോപിക്കുന്നു.

ENGLISH SUMMARY:

Shamla, the second accused in a sex racket and human trafficking case operating under the guise of modeling, claims the complainant's statements are false. She asserts her innocence and claims to have evidence to prove it.