വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഷെയ്ഖ് ഹസീനയെ വിട്ടുനല്‍കണമെന്ന് ഇന്ത്യയോട് വീണ്ടും ബംഗ്ലദേശ്.  ഹസീനയെ അതിവേഗം കൈമാറണമെന്നാവശ്യപ്പെട്ട് വിദേശകാര്യമന്ത്രാലയത്തിനാണ് ബംഗ്ലദേശ് കത്തയച്ചത്.  ഈ മാസം 17നാണ് ബംഗ്ലദേശിലെ വിദ്യാര്‍ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകളില്‍ ഹസീനയെ ബംഗ്ലദേശ് കോടതി വധശിക്ഷ വിധിച്ചത്.  

ഇരുരാജ്യങ്ങളും തമ്മില്‍ നിലവിലുള്ള കരാര്‍ പ്രകാരം ഹസീനയെ ഇന്ത്യ ബംഗ്ലദേശിന് കൈമാറേണ്ടതുണ്ട്. എന്നാല്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള കേസുകള്‍ക്ക് ഇതില്‍ ഒഴിവുണ്ട്. സദുദ്ദേശത്തോടെ അല്ലാത്ത കേസുകളില്‍ കൈമാറ്റ അപേക്ഷ നിരസിക്കാമെന്ന വ്യവസ്ഥ മുന്‍നിര്‍ത്തി ഹസീനയെ ഇന്ത്യ കൈമാറില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. ബംഗ്ലദേശ് ജനതയുടെ താല്‍പര്യവും സമാധാനവും കണക്കിലെടുത്തുള്ള നടപടി മാത്രമേ ഇന്ത്യ സ്വീകരിക്കുകയുള്ളൂവെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. 

2024 ഓഗസ്റ്റ്–ജൂലൈ മാസങ്ങളില്‍ ബംഗ്ലദേശില്‍ നടന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ഉത്തരവിടുകയും ഗൂഢാലോചന നടത്തുകയും ചെയ്തെന്നും അനധികൃത വധശിക്ഷകള്‍ വ്യാപകമായി നടപ്പിലാക്കിയെന്നുമുള്ള കുറ്റങ്ങള്‍ ഹസീനയ്ക്കെതിരെ തെളിഞ്ഞുവെന്നായിരുന്നു ധാക്കയിലെ സ്പെഷല്‍ ട്രൈബ്യൂണലിന്‍റെ കണ്ടെത്തല്‍. 

ENGLISH SUMMARY:

Bangladesh has again written to India's Ministry of External Affairs, demanding the immediate extradition of former Prime Minister Sheikh Hasina, who was sentenced to death by a special tribunal on November 17 in connection with the 2024 student protests. While an existing treaty generally mandates extradition, India has maintained a stance against handing her over, citing the provision that allows the rejection of politically motivated or non-bonafide cases. India's MEA previously indicated that any action would prioritize the interests and peace of the Bangladeshi people. Hasina was convicted of ordering and conspiring to suppress the student movement and carrying out widespread extrajudicial killings.