TAGS

വയനാട് ബത്തേരിയിൽ ഹൃദയാഘാതം വന്ന് ഡ്രൈവിങ് സീറ്റിൽ പിടഞ്ഞുവീണ ലോറി ഡ്രൈവർക്ക് രക്ഷകയായി യുവതി. ബത്തേരി ഇഖ്റ ആശുപത്രിയിലെ നഴ്സായ ആതിരയും ഭർത്താവ് രജിത്തുമാണ് സമയോചിതമായ ഇടപെടലിലൂടെ ഒരു ജീവൻ തിരികെ പിടിച്ചത്. ഈങ്ങാപ്പുഴ സ്വദേശിയായ ഡ്രൈവർ ഷാജഹാനാണ്  ആതിരയുടെ പരിചരണത്തിലൂടെ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.

സംഭവം ഇങ്ങനെ

ഇന്ന് രാവിലെ പൊൻകുഴി സീതാ ശ്രീരാമ ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഷാജഹാൻ ലോറി മൺതിട്ടയിലേക്ക് ഇടിപ്പിച്ച് നിർത്തുകയായിരുന്നു. ഈ സമയം ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ആതിരയും ഭർത്താവ് രജിത്തും അപകടം കണ്ട് ഓടിയെത്തി.

ഓടിയെത്തി മാലാഖ

നെഞ്ചിൽ കൈവെച്ച് പിടയുന്ന ഡ്രൈവറെ കണ്ടയുടൻ തന്നെ ഹൃദയാഘാതമാണെന്ന് നഴ്സായ ആതിര തിരിച്ചറിഞ്ഞു. നാട്ടുകാരുടെ സഹായത്തോടെ അദ്ദേഹത്തെ പുറത്തെത്തിച്ച് വേഗം സ്വന്തം കാറിലേക്ക് മാറ്റി. ബോധം മറഞ്ഞുതുടങ്ങിയ ഷാജഹാന് കാറിലിരുന്ന് ആതിര തുടർച്ചയായി സിപിആർ നൽകിക്കൊണ്ടിരുന്നു. ഈ സമയം ഭർത്താവ് രജിത്ത് 20 കിലോമീറ്റർ ദൂരമുള്ള ആശുപത്രിയിലേക്ക് മിന്നൽ വേഗത്തിൽ വാഹനം പറപ്പിച്ചു.

തിരികെ ജീവിതത്തിലേക്ക്

യാത്രയ്ക്കിടയിൽ തന്നെ ആതിര താൻ ജോലിചെയ്യുന്ന ഇഖ്റ ആശുപത്രിയിലേക്ക് വിവരമറിയിച്ചിരുന്നു. ഇവർ എത്തുമ്പോഴേക്കും അത്യാഹിത വിഭാഗത്തിൽ എല്ലാം സജ്ജമായിരുന്നു. ആതിര നൽകിയ സിപിആറിലൂടെ ആശുപത്രിയിൽ എത്തുമ്പോഴേക്കും ഷാജഹാന് ബോധം തെളിഞ്ഞിരുന്നു. അദ്ദേഹം ഇപ്പോൾ ചികിത്സയിലാണ്.

ENGLISH SUMMARY:

A nurse and her husband in Sulthan Bathery, Wayanad, have been hailed as heroes for their swift intervention in saving a lorry driver who suffered a heart attack while driving. The quick thinking and immediate medical assistance provided by the nurse ensured the driver's survival and recovery.