pinarayi-vijayan-ed-attack-families-discontent

തലസ്ഥാനത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ജയിലിലുള്ള സിപിഎം അണികളെ പ്രതിപക്ഷ നേതാവ്  പിണറായി വിജയന്‍ സന്ദര്‍ശിക്കാത്തതില്‍ പാര്‍ട്ടി കുടുംബങ്ങളില്‍ കടുത്ത അതൃപ്തി. പിണറായിയുടെ മകള്‍ക്കെതിരായ റെയ്ഡ്  രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് ആരോപിച്ചായിരുന്നു ഇഡിക്കെതിരായ ആക്രമണം. സാധാരണ പാര്‍ട്ടി കുടുംബങ്ങളിലുള്ളവര്‍ ജയിലായിട്ടും പിണറായി കാണാന്‍ എത്താത്തത് പാര്‍ട്ടി നേതാക്കള്‍ക്കിടയിലും ചര്‍ച്ചയായിട്ടുണ്ട്. 

മേയ് 28നാണ് പിണറായി വിജയന്‍റെ തിരുവനന്തപുരത്തെ വീട്ടിലേക്ക് അതിരാവിലെ ഇഡി എത്തിയത്. എക്സാലോജിക്  സിഎംആര്‍‌എല്‍ കേസില്‍ മകള്‍ വീണയെ ചോദ്യം ചെയ്യാനായിരുന്നു ഇഡി സംഘമെത്തിയത് . പരിശോധനയ്ക്ക് ശേഷം വൈകിട്ട് തിരികെ ഇറങ്ങുവഴിയാണ് വീടിന് പുറത്തെ റോഡില്‍വെച്ച് സിപിഎം അണികള്‍ ആക്രമിച്ചത്. കമ്പ് കൊണ്ടും വടികൊണ്ടും ആക്രമിച്ച പ്രവര്‍ത്തകര്‍ ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെ മുട്ടയേറും നടത്തി. പാളയം ലോക്കല്‍ കമ്മറ്റി സെക്രട്ടറി ഐപി ബിനു ഉള്‍പ്പെട്ട 25 പേരാണ് കേസില്‍ അറസ്റ്റിലായത്.

ഒരാള്‍ക്ക് ജാമ്യം കിട്ടിയെങ്കിലും 24 പേര്‍ 40 ദിവസമായിട്ടും ജയിലിലാണ്. ഇഡി കൂടി കേസില്‍ കക്ഷിചേരുന്നതിനാല്‍  ഇനി ജാമ്യം എപ്പോള്‍ കിട്ടുമെന്ന കാര്യത്തില്‍ അഭിഭാഷകര്‍ക്കും വ്യക്തതയില്ല. ഇതിനിടെയാണ് പിണറായി വിജയന്‍റെ സമീപനം പാര്‍ട്ടി അണികള്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്. മകള്‍ക്കെതിരായ അന്വേഷണത്തെ എതിര്‍ത്ത് ഇഡി ആക്രമിച്ച സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരെ ജയിലിലെത്തി ഒരു തവണ പോലും കാണാന്‍ പിണറായി തയ്യാറായിട്ടില്ല. ജയിലിലുള്ള പാര്‍ട്ടി അണികളുടെ കുടുംബത്തില്‍ കടുത്ത അതൃപ്തിയാണ്. പാര്‍ട്ടിയിലെ ജില്ലാ നേതാക്കളോട് പാര്‍ട്ടി കുടുംബങ്ങളിലുള്ളര്‍ ഇക്കാര്യം അറിയിച്ചുണ്ട്.

പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍, കെ.കെ.ശൈലജ, പി.ജയരാജന്‍,  എം.സ്വരാജ് എന്നിവര്‍ ജയിലിലെത്തി സന്ദര്‍ശിച്ചിരുന്നു. എന്നിട്ടും പിണറായി എത്താത്തതിനാലാണ് പാര്‍ട്ടി കുടുംബങ്ങള്‍ക്ക് അ‍തൃപ്തിയുള്ളത്. 

ENGLISH SUMMARY:

Pinarayi Vijayan's failure to visit CPI(M) cadres jailed for attacking ED officials has caused significant discontent among party families. This lack of visitation is being discussed among party leaders, especially after other prominent leaders have visited the jailed members.