തൃശൂര്‍ കുന്നംകുളം പഴഞ്ഞിയില്‍ നാടിനെ നടുക്കി കുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം. ഗൃഹനാഥൻ സിബി (50)യും മൂത്തമകൾ അലിന (19)യും മരിച്ചു. സിബിയുടെ ഭാര്യ ബീന (40), മകൻ ആദിത്യൻ (18) എന്നിവർ ഗുരുതരാവസ്ഥയിൽ ചികില്‍സയിലാണ്. യുദ്ധത്തെ തുടര്‍ന്ന് ജോലി നഷ്ടമായ പ്രവാസിയാണ് സിബി. കടബാധ്യതയെ തുടര്‍ന്നാണ് കുടുംബം ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ മകന്‍ ആദിത്യന് ജീവനൊടുക്കാനുണ്ടായ ഭയമാണ് രണ്ടു പേരെ രക്ഷിക്കാന്‍ സഹായിച്ചത്.
ഇന്നലെ പുലര്‍ച്ചെയാണ് സിബി ഖത്തറില്‍ നിന്നും വീട്ടിലെത്തിയത്. സാധാരണ നാട്ടിലെത്തുമ്പോള്‍ വാട്സാപ്പില്‍ സ്റ്റാറ്റസ് പങ്കുവെയ്ക്കുന്ന രീതി സിബിക്കുണ്ട്. ഇത്തവണ ഇതുണ്ടായിരുന്നില്ല, അതിനാല്‍ സിബി നാട്ടിലെത്തിയ കാര്യം അയല്‍വാസികളിറഞ്ഞില്ല. ഇന്ന് പുലര്‍ച്ചെയാണ് കുടുംബം ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് വിവരം. പുലര്‍ച്ചെ അഞ്ചോടെ കുന്നംകുളം പൊലീസ് സ്റ്റേഷനിലേക്ക് സിബിയുടെ മകന്‍ ആദിത്യനാണ് ആത്മഹത്യ വിവരം വിളിച്ചറിയിക്കുന്നത്.
Also Read: ഞങ്ങൾ ജീവനൊടുക്കാൻ ശ്രമിച്ചു; രക്ഷിക്കാമോ, പൊലീസിന് യുവാവിന്റെ വിളി; രണ്ടുപേർ മരിച്ചു
ഫോണെടുത്ത എഎസ്ഐ മധുവിന്‍റെ നിര്‍ദ്ദേശപ്രകാരം അയല്‍ക്കാരെ വിളിക്കുകയും ഉടന്‍ പൊലീസ് സ്ഥലത്തെത്തുകയുമായിരുന്നു. അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞാണ് മകന്‍ ആദിത്യന്‍ വീട്ടിലേക്ക് വിളിച്ചതെന്ന് അയല്‍വാസിയായ സുധാകരന്‍റെ പറഞ്ഞു. 'വീട്ടിലെത്തിയപ്പോള്‍ ഗേറ്റും വാതിലും അടഞ്ഞു കിടക്കുകയായിരുന്നു. ആദിത്യനെ വിളിച്ചപ്പോള്‍ വന്ന് തുറന്നുതന്നു. ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചെന്ന് ആദിത്യന്‍ പറഞ്ഞു. അപ്പന്‍ കിണറ്റില്‍ ചാടി, ചേച്ചി മരിച്ച് കിടക്കുകയാണ്. അമ്മ തൂങ്ങി നില്‍ക്കുകയാണ്...' എന്നിങ്ങനെയാണ് സുധാകരന്‍ വാക്കുകള്‍.
അയല്‍ക്കാര്‍ വീട്ടിലെത്തുമ്പോള്‍ അമ്മയുടെ കയര്‍ മുറിച്ച് കൊണ്ടിരിക്കുകയായിരുന്നു ആദിത്യന്‍. വിഷം കഴിച്ചിരുന്നെങ്കിലും തൂങ്ങി മരിക്കാന്‍ ഭയമായതിനാലാണ് ആദിത്യന്‍ പൊലീസിനെയും നാട്ടുകാരെയും വിളിച്ചറിയിച്ചത്. ജീവിതം മടുത്തു, ഇനി പോവുകയാണെന്നാണ് എഴുതിയാണ് കുടുംബം ജീവനൊടുക്കിയത്.