കുന്നംകുളം പഴഞ്ഞിയിൽ കടബാധ്യതയെ തുടർന്ന് പ്രവാസി കുടുംബം കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗൃഹനാഥൻ സിബി (50)യും മൂത്തമകൾ അലിന (19)യും മരിച്ചു. സിബിയുടെ ഭാര്യ ബീന (40), മകൻ ആദിത്യൻ (18) എന്നിവർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
ഖത്തറിൽ ഡിസൈനറായിരുന്ന സിബി ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് നാട്ടിലെത്തിയത്. കടുത്ത സാമ്പത്തിക ബാധ്യതയിൽ നട്ടംതിരിഞ്ഞ കുടുംബം കൂട്ടത്തോടെ ജീവനൊടുക്കാൻ തീരുമാനിക്കുകയായിരുന്നു.
ഇന്ന് പുലർച്ചെ 5.40ന് കുന്നംകുളം പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ മധുവിന്റെ ഫോണിലേക്ക് ആദിത്യൻ വിളിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. "ഞങ്ങൾ നാലുപേരും ആത്മഹത്യയ്ക്ക് ശ്രമിച്ചു, ഞങ്ങളെ രക്ഷിക്കുമോ?" എന്നായിരുന്നു ആദിത്യന്റെ അഭ്യർഥന. പെട്ടെന്ന് അടുത്ത വീട്ടിലെത്തി ഫോൺ അവർക്ക് കൈമാറാൻ എ.എസ്.ഐ മധു നിർദേശിച്ചു. നിമിഷങ്ങൾക്കകം പൊലീസ് സംഘം വീട്ടിലെത്തുകയും ചെയ്തു.
പൊലീസ് എത്തിയപ്പോഴേക്കും സിബി വിഷം കഴിക്കുകയും ഞരമ്പ് മുറിച്ചശേഷം കിണറ്റിൽ ചാടുകയും ചെയ്തിരുന്നു. മകൾ അലിന വിഷം കഴിച്ചശേഷം തൂങ്ങിമരിച്ച നിലയിലായിരുന്നു. ഭാര്യ ബീന വിഷം കഴിച്ച് തൂങ്ങാൻ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചിരുന്നില്ല. ആദിത്യൻ വിഷം കഴിച്ചശേഷം തൂങ്ങിമരിക്കാൻ ശ്രമിച്ചെങ്കിലും ഭയം തോന്നി പിന്മാറുകയായിരുന്നു. തുടർന്ന് അവൻ തന്നെയാണ് പൊലീസിനെ വിവരമറിയിച്ചത്.
'ജീവിതം മടുത്തു' എന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പും സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു. കടബാധ്യതയാണ് കുടുംബത്തെ ഈ കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കുന്നംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.
നിങ്ങൾ മാനസിക സമ്മർദ്ദത്തിലൂടെയോ വിഷാദത്തിലൂടെയോ കടന്നുപോകുന്നുണ്ടെങ്കിൽ സഹായത്തിനായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്: ദിശ (DISHA): 1056, മൈത്രി: 0484 2540530