ചങ്ങനാശേരി പറാലിൽ വന്നാൽ പാടം നിറയെ പൂവിട്ട ആമ്പൽ വസന്തം കാണാം. 400 ഏക്കർ പാട ശേഖരത്തിൽ നോക്കെത്താ ദൂരത്തു ആമ്പൽ പൂക്കൾ വിരിഞ്ഞു നിൽക്കുകയാണ്. ഗ്രാമീണ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തിയാണ് പറാലിലെ ആമ്പലോത്സവം.

നെല്ല് കൊയ്തെടുത്ത വയലുകളിൽ കാലാവർഷം സമ്മാനിച്ച വസന്തം. പറാലിലെ പ്രഭാതത്തിന് ആമ്പൽ പൂക്കളുടെ ശോഭയാണ്. 400 ഏക്കറിലാണ് പറാലിലെ ആമ്പൽ പാടം.

കണ്ണെത്താദൂരം നിറയെ പിങ്ക് വസന്തമാണ്. രാവിലെ ആറു മണിക്കും ഒൻപത് മണിക്കും ഇടയിൽ എത്തിയാൽ ആമ്പൽ പൂക്കൾക്ക് ഇടയിലൂടെ കാഴ്ചകൾ കണ്ട് പൂക്കൾ പറിച്ചു വള്ളത്തിൽ യാത്ര ചെയ്യാം. സമൂഹ മാധ്യമങ്ങളിൽ റീൽസ് കണ്ട് എത്തുന്നവരാണ് അധികവും.

കടമ്പാടം - ചേരിക്കലകം പാട ശേഖര സമിതിയുടെയും വടക്കും ഭാഗം വൈബിന്റെയും നേതൃത്വത്തിൽ വാഴപ്പള്ളി പഞ്ചായത്തിന്റെ സഹകരണത്തോടെ ഗ്രാമീണ ടൂറിസം സാധ്യതകൾ പ്രയോജനപെടുത്തിയാണ് ആമ്പലോത്സവം സംഘടിപ്പിക്കുന്നത്. വിവാഹ ഫോട്ടോ ഷൂട്ടുകൾക്കും റീൽസ് ചിത്രീകരണത്തിനും ദിവസേന നിരവധി പേർ ഇവിടേക്ക് എത്തുന്നുണ്ട്.

ENGLISH SUMMARY:

Paral Ambal Festival offers a stunning lotus bloom across 400 acres, presenting a vibrant pink spring. Visitors can enjoy boat rides through the lotus fields and experience rural tourism in Changanassery.