പച്ചവിരിച്ച വയനാടൻ നെൽപ്പാടത്ത് വിസ്മയം തീർത്ത്  ഒരു കർഷകൻ. പരമ്പരാഗത നെല്ലിനങ്ങൾ കൊണ്ട് വയലിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ കൂറ്റൻ ചിത്രം ഒരുക്കിയിരിക്കുകയാണ് ബത്തേരി സ്വദേശി തയ്യിൽ പ്രസീദ്. കൃഷിയും കലയും വിത്തുസംരക്ഷണവും കൈകോർക്കുന്ന കാഴ്ചയാണ് ഈ വയലില്‍ കാണാനാകുക.

 

ബത്തേരി നമ്പിക്കൊല്ലിയിലെ മലനിരകൾ അതിരിടുന്ന ഈ മുപ്പത് സെന്റ് നെൽപ്പാടം ഇപ്പോൾ വെറുമൊരു കൃഷിയിടമല്ല, ജീവൻതുടിക്കുന്ന ഒരിടം കൂടിയാണ്. തയ്യിൽ പ്രസീദ് എന്ന കർഷകൻ സുഹൃത്തും കലാകാരനുമായ പ്രസാദിനൊപ്പം ചേർന്നാണ് ഈ വിസ്മയം തീർത്തത്. 

 

പെയിന്റല്ല, പ്രകൃതിയുടെ സ്വന്തം നിറക്കൂട്ടുകളാണ് ഈ ചിത്രത്തിന് പിന്നിൽ. അഞ്ചോളം അപൂർവ നെല്ലിനങ്ങളാണ് ഈ ഛായാചിത്രത്തിന് ചായം പകരുന്നത്. പരമ്പരാഗത വിത്തുസംരക്ഷണം എന്ന വലിയ സന്ദേശമാണ് ഈ പരീക്ഷണത്തിന് പിന്നിൽ. ഇത് പന്ത്രണ്ടാം തവണയാണ് പ്രസീദ് പാടത്ത് ഇത്തരം കൂറ്റൻ ചിത്രങ്ങൾ ഒരുക്കുന്നത്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും ഇത്തരത്തിൽ വയലിൽ വിരിഞ്ഞിരുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുന്നൂറ്റമ്പതിലധികം നാടൻ നെല്ലിനങ്ങൾ ശേഖരിച്ച് ഒരു 'റൈസ് മ്യൂസിയം' തന്നെ ഒരുക്കിയിട്ടുണ്ട് പ്രസീദ്. മണ്ണറിഞ്ഞ് കല തീർക്കുന്ന ഒരു കർഷകന്റെ ഈ അപൂർവ കാഴ്ച ഒന്നു കാണേണ്ടത് തന്നെയാണ് .

ENGLISH SUMMARY:

Malayala Manorama Online News reports on a Wayanad farmer named Praseed who created a massive portrait of President Droupadi Murmu using traditional paddy varieties in his field. This stunning blend of agriculture and art highlights the importance of indigenous seed conservation.