വയനാട്ടിൽ കെ.എസ്.ആർ.ടി.സി കണ്ടക്ടറെ വ്യാജ ആരോപണം ഉന്നയിച്ച് സസ്പെൻഡ് ചെയ്തതായി പരാതി. വനിതകൾക്കുള്ള സൗജന്യ പ്രിയദർശിനി ടിക്കറ്റ് പുരുഷ യാത്രക്കാരന് നൽകി പണം തട്ടിയെന്നാരോപിച്ചായിരുന്നു നടപടി. എന്നാൽ, വ്യക്തിവൈരാഗ്യം മൂലം ഇൻസ്പെക്ടർ തന്നെ കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്ന് ഹൃദ്രോഗബാധിതനായ കണ്ടക്ടർ എം.വി. മാത്യു ആരോപിക്കുന്നു. അതേസമയം, കണ്ടക്ടർ നിരപരാധിയാണെന്ന് വ്യക്തമാക്കി മുപ്പത്തിയഞ്ചിലധികം യാത്രക്കാർ ഒപ്പിട്ട പരാതിയും സത്യവാങ്മൂലവും പുറത്തുവന്നു.
കഴിഞ്ഞ ഇരുപത്തിയെട്ടാം തീയതി രാവിലെ മാനന്തവാടിയിൽ നിന്നും കുട്ടയിലേക്ക് പോയ പ്രിയദർശിനി ബസിലാണ് സംഭവങ്ങളുടെ തുടക്കം. ഹൃദ്രോഗബാധിതനായ കണ്ടക്ടർ എം.വി. മാത്യുവിന് അന്ന് രാവിലെ മുതൽ അസ്വസ്ഥതകളുണ്ടായിരുന്നു. ഇരുമ്പുപാലം എത്തിയപ്പോൾ നൂറിലധികം യാത്രക്കാരുമായി ബസ് തിങ്ങിനിറഞ്ഞു. മുന്നോട്ട് നീങ്ങാൻ കഴിയാത്ത അവസ്ഥ വന്നതോടെ, അടുത്തുനിന്ന പോളിടെക്നിക് വിദ്യാർഥി മുഖേനയാണ് മാത്യു മുൻവശത്തെ യാത്രക്കാർക്ക് ടിക്കറ്റുകൾ കൈമാറിയത്. എന്നാൽ, കാട്ടിക്കുളം സ്റ്റാൻഡിൽ പരിശോധനയ്ക്കെത്തിയ ഇൻസ്പെക്ടർ ലെനിൻ ജോസഫ്, ഒരു പുരുഷ യാത്രക്കാരന് വനിതകളുടെ സൗജന്യ പ്രിയദർശിനി ടിക്കറ്റ് നൽകി പണം വാങ്ങിയെന്നാരോപിച്ച് നടപടി തുടങ്ങുകയായിരുന്നു.
ടിക്കറ്റുകൾ കൈമാറിയപ്പോൾ മാറിപ്പോയതാണോ എന്ന് അറിയാൻ ബസിലെ മുഴുവൻ യാത്രക്കാരുടെയും ടിക്കറ്റ് പരിശോധിക്കണമെന്നും, ബസ് നേരെ പൊലീസ് സ്റ്റേഷനിലെത്തിച്ച് സത്യാവസ്ഥ തെളിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടും പരിശോധനാ ഉദ്യോഗസ്ഥൻ കൂട്ടാക്കിയില്ല. ശാരീരിക നില വഷളായതോടെ യാത്രക്കാരാണ് മാത്യുവിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ആംബുലൻസിൽ മെഡിക്കൽ കോളജിലും എത്തിച്ചത്. കണ്ടക്ടറെ അനുകൂലിച്ച് 35 യാത്രക്കാർ ഒപ്പിട്ട കത്തും രണ്ട് യാത്രക്കാരുടെ സത്യവാങ്മൂലവും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ഒരു ജീവനക്കാരന്റെ കാൽനൂറ്റാണ്ടിന്റെ സത്യസന്ധതയെ ഇല്ലാതാകുന്ന ഈ സസ്പെൻഷൻ നാടകത്തിന് പിന്നിലെ യഥാർത്ഥ ലക്ഷ്യമെന്തന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.