abhayam

കേരളം പലർക്കും പ്രതീക്ഷകളുടെ തുരുത്താണ്.. അങ്ങനെ ഏറെ പ്രതീക്ഷകളോടെ കേരളത്തിലേക്ക് എത്തിയ ഒരു കുടുംബം.. സ്വന്തം അസ്തിത്വം പോലും തെളിയിക്കാനാവാതെ വഴിമുട്ടിയ മനുഷ്യരുടെ വേദനയെക്കുറിച്ചാണ് പറയാനുള്ളത്. അവർ അധികാരികളുടെ കനിവ് തേടുകയാണ്. മതിയായ രേഖകളില്ലാത്തതിനാല്‍ സ്കൂളില്‍ ചേരാന്‍ സാധിക്കാത്ത അവസ്ഥയിലാണ് നാലു കുഞ്ഞുങ്ങള്‍.

മിണ്ടാൻ കഴിയാത്ത തമിഴ്നാട് സ്വദേശിയായ അച്ഛനും പൂനൈ സ്വദേശിയായ അമ്മയും അവരുടെ തനിയാവർത്തനമായ നാല് കുഞ്ഞുങ്ങളെയും മാറോട് ചേർത്ത് കേരളത്തിലേക്ക് എത്തിയത് പ്രതീക്ഷകളോടെയാണ്. മക്കളെ പഠിപ്പിക്കണം, ഒരു കുഞ്ഞു വീട് വേണം. ഞങ്ങളോട് ഈ ആഗ്രഹങ്ങൾ പങ്കുവെക്കുമ്പോൾ ഹാജ മൊയ്ദീന്‍റെയും ശാരദയുടെയും കണ്ണുകൾ വിടർന്നു. പുഞ്ചിരി തൂകി. എന്നാൽ ഒരു നിമിഷം മൗനം..രേഖകൾ ഇല്ല. റെയിൽവേ സ്റ്റേഷനിൽവെച്ച് രേഖകൾ അടങ്ങിയ ബാഗ് മോഷണം പോയി.

ജനന സർട്ടിഫിക്കറ്റും ആധാറും ഇല്ലാത്തതിനാൽ സ്കൂൾ രേഖകളിൽ മക്കളെ ചേർക്കാനാകുന്നില്ല. പക്ഷേ മൂന്ന് വർഷമായി സ്കൂളിൽ ചേരാതെ തന്നെ ഈ കുഞ്ഞുങ്ങൾ പഠനം തുടരുന്നു . അമീറയും സൽമയും ആമീറും അനഹസും രേഖകളില്ലാത്താവരാകുമ്പോൾ ഇവർക്ക് നഷ്ടമാകുന്നത് അർഹമായ ആനുകൂല്യങ്ങളും കരുതലുമാണ്. എറണാകുളം സെയ്ന്‍റ് ക്ലെയർ ബധിരാ വിദ്യാലയത്തിലെ സിസ്റ്റർ അഭയയാണ് 2022 മുതൽ ഈ കുടുംബത്തിന്‍റെ ശബ്ദം. എഴുതാനും വായിക്കാനും ഒന്നും അറിയാതെ സ്‌കൂളിലേക്ക് എത്തിയ കുഞ്ഞുങ്ങൾ ഇന്ന് അവരവരുടെ ക്ലാസിലെ മികച്ച വിദ്യാർഥികളാണ്. കൂലി വേല ചെയ്ത് കിട്ടുന്നതെല്ലാം അച്ഛനും അമ്മയും കുഞ്ഞുങ്ങൾക്ക് കൊണ്ടുവന്നു കൊടുക്കും. അവിടെ ശബ്ദമില്ല, ഭാഷയില്ല സ്നേഹം മാത്രം. സ്‌കൂളിലേക്ക് കുഞ്ഞുങ്ങളെ എത്തിച്ചതോടെ ഹാപ്പിയാണെന്ന് ഹാജയും ശാരദയും പറയുമ്പോഴും മക്കളെ നോക്കി അവർ ഒന്ന് നെടുവീർപ്പിട്ടു. 

ENGLISH SUMMARY:

A family arrived in Kerala with high hopes, seeking a better future and education for their four children. However, their dreams are shattered as they struggle with missing vital documents, preventing their children from being enrolled in school and accessing basic rights.