QUIT

ലോകകപ്പ് തോല്‍വിക്ക് പിന്നാലെ നെതര്‍ലന്‍ഡ്സ് പരിശീലകന്‍ റൊണാള്‍ഡ് കൂമാന്‍ രാജിവച്ചു. അതേസമയം പെനല്‍റ്റി നഷ്ടപ്പെടുത്തിയ ഡച്ച് ടീമിലെ കറുത്തവര്‍ഗക്കാരായ താരങ്ങള്‍ക്കെതിരെ വംശീയ അധിക്ഷേപം ഉയരുകയാണ്. 

മൊറോക്കോയോട് പെനല്‍റ്റി ഷൂട്ടൗട്ടില്‍ തോറ്റ് പുറത്തായതിനു പിന്നാലെ, പരിശീലകസ്ഥാനമൊഴിഞ്ഞ് റൊണാൾഡ് കൂമാൻ. പരിശീലകനായുള്ള രണ്ടാം വരവിലെ മോശം പ്രകടനവും ഡച്ച് മാധ്യമങ്ങളുടെ രൂക്ഷവിമർശനവും രാജിയിലേക്ക് നയിച്ചു. പ്രതിരോധത്തിലൂന്നിയുള്ള കളിരീതിയുടെ പേരിൽ കൂമാന്‍ കടുത്ത വിമർശനം നേരിട്ടിരുന്നു. മൊറോക്കോയ്‌ക്കെതിരെ അഞ്ച് പ്രതിരോധതാരങ്ങളെ ഇറക്കി, ഡച്ച് ഫുട്ബോളിന്റെ മുഖമുദ്രയായ ആക്രമണശൈലി കൂമാൻ കൈവിട്ടുവെന്നായിരുന്നു പ്രധാനവിമര്‍ശനം.

കൂമാന്‍ തന്‍റെ തന്ത്രങ്ങളെ ന്യായീകരിച്ചെങ്കിലും വിമർശകരെ തൃപ്തിപ്പെടുത്താനായില്ല. നാല് വർഷം മുൻപ് ഖത്തറിൽ ലൂയി വാൻ ഗാലിന് കീഴിൽ നെതർലൻഡ്‌സ് ക്വാർട്ടർ ഫൈനലിൽ എത്തിയിരുന്നു. തൊട്ടടുത്തവര്‍ഷമാണ് കൂമാന്‍ പരിശീലകനാകുന്നത്.

മൊറോക്കോയ്ക്കെതിരെ പെനല്‍റ്റി നഷ്ടപ്പെടുത്തിയ ജസ്റ്റിൻ ക്ലൈവർട്ട്, ക്വിൻ്റൻ ടിംബർ, ക്രിസെൻസിയോ സമ്മർവിൽ എന്നിവര്‍ക്കെതിരെ വംശീയവും വിദ്വേഷപരവുമായ പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്. ഡച്ച് ഫുട്ബോള്‍ അസോസിയേഷന്‍ അന്വേഷണം നടത്തിയശേഷം നിയമനടപടി സ്വീകരിക്കും.

Ronald Koeman has resigned as the Netherlands coach following their World Cup exit, and the team's Black players are facing racist abuse after missing penalties. :