haaland

മെസ്സിയും റൊണാൾഡോയും നെയ്മറുമെല്ലാം ഭരിക്കുന്ന ഫുട്ബോള്‍ ലോകകപ്പ് മൈതാനത്തേക്ക്  കന്നിക്കാരനായെത്തി റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ പുതിയൊരു വേട്ടക്കാരന്‍... The one and only 'Erling Haaland'. 

ആറടി അഞ്ചിഞ്ച് ഉയരമുള്ള ബലിഷ്ഠമായ ശരീരം. കണ്ടാല്‍ അമാനുഷികനെന്ന് തോന്നുന്നിപ്പോകും. ഓടിത്തുടങ്ങിയാല്‍ ചീറ്റപ്പുലിയുടെ വേഗത. ഡിഫെൻഡർമാരെങ്ങാനും ഇയാളുടെ മുന്നിൽ പെട്ടാൽ വഴിമാറിക്കൊടുക്കുകയല്ലാതെ വേറെ വഴിയില്ല. തന്‍റെ പോരാട്ടവീര്യം  കൊണ്ട് നോർവെയെ ലോകത്തിന്‍റെ നെറുകയിൽ എത്തിക്കാൻ ഇറങ്ങിപ്പുറപ്പെട്ട കളിക്കളത്തിലെ യഥാർത്ഥ 'സൈബോർഗ്'.

മാഞ്ചസ്റ്റർ സിറ്റിയുടെയും നോർവേ നാഷണൽ ടീമിന്റെയും സ്ട്രൈക്കാറാണ് എർലിങ് ഹാളണ്ട്. കളിച്ച എല്ലാ ക്ലബ്ബുകളിലും മത്സരങ്ങളേക്കാൾ കൂടുതൽ ഗോൾ എന്ന റെക്കോർഡ് ഈ ഇരുപത്തഞ്ചുകാരൻ സ്വന്തമാക്കിയിട്ടുണ്ട്. മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി പ്രീമിയർ ലീഗിലെ തന്‍റെ ആദ്യ സീസണിൽ തന്നെ 36 ഗോളുകൾ നേടി ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം എന്ന സർവകാല റെക്കോർഡും ഹാലണ്ടിന്‍റെ പേരിലാണ്. കൂടാതെ നോർവേ നാഷണൽ ടീമിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരം, പ്രീമിയർ ലീഗിൽ ഏറ്റവും വേഗത്തിൽ 8 ഹാട്രിക്കുകൾ തികച്ച പ്ലെയർ, യുവേഫ ചാമ്പ്യൻസ് ലീഗിൽ വേഗത്തിൽ 50 ഗോളുകൾ തികയ്ക്കുന്ന താരമെന്ന റെക്കോർഡും ഹാലണ്ടിനാണ്. മെസ്സിയെയും റൊണാൾഡോയെയും മറികടന്നാണ് ഈ നേട്ടം. യൂറോപ്യൻ ഗോൾഡൻ ബൂട്ട് തുടങ്ങിയ പുരസ്കാരങ്ങൾ വേറെയും. 

ഇനി കളിക്കളത്തിലെ കണക്കുകൾ മാറ്റിവെച്ചാലും സോഷ്യൽ മീഡിയയിലും സ്റ്റാറാണ് ഹാളണ്ട്. സ്വർണനിറമുള്ള തന്‍റെ നീളന്മുടി അഴിച്ചിട്ട് ആവേശത്തിൽ ഡ്രസിങ് റൂമിലേക്ക് ഓടുന്ന ഹാളണ്ടിന്‍റെ റീൽസ് കണ്ടിട്ടില്ലേ.. സൈബർ ലോകത്തിപ്പോൾ ഹോട്ട് ടോപ്പിക്കാണത്. റോ മീറ്റ്, റോ മിൽക്ക്, റോ ഹണി, ബീഫിന്റെ കരളും ഹൃദയവും ഒക്കെ അടങ്ങിയ ഹൈ കലോറി ഡയറ്റാണ് ഹാളണ്ടിന്‍റെ എനർജി സീക്രട്ട്. 

ഫുട്ബോൾ ലോകത്തെ അത്ഭുതപ്പെടുത്തുന്ന ഒരു പ്രതിഭാസമാണ് എർലിങ് ഹാളണ്ട്. മെസ്സിയും റൊണാൾഡോയും ഭരിച്ച സാമ്രാജ്യത്തിലേക്ക് സ്വന്തം പേരെഴുതിച്ചേർത്ത ഈ നോർവീജിയൻ കരുത്തൻ ഇനിയും എത്ര റെക്കോർഡുകൾ തകർക്കുമെന്ന് കാത്തിരുന്ന് കാണാം.

ENGLISH SUMMARY:

Erling Haaland is a football phenomenon who has broken records and established himself as a new force in the world of football. This Norwegian powerhouse has already left his mark, surpassing legends like Messi and Ronaldo, and fans are eagerly anticipating how many more records he will shatter.