Untitled design - 1

അൻസിബയുടെ തെളിഞ്ഞ ബുദ്ധിയും കഴിവും സമൂഹത്തിന് വേണമെന്നും, അമ്മ സംഘടനയിൽ അല്ലെങ്കിൽ പൊതുരംഗത്ത് സജീവമാകണമെന്നും മാല പാര്‍വതി. താരസംഘടനയായ അമ്മയുമായി ബന്ധപ്പെട്ട് ഇനിയൊരു മത്സരത്തിന് താൻ തയാറല്ലെന്ന്  നടി അൻസിബ ഹസൻ വ്യക്തമാക്കിയതിന് പിന്നാലെയാണ് മാല പാര്‍വതി ഫെയ്സ്ബുക്ക് പോസ്റ്റുമായെത്തിയത്. 

'പ്രിയപ്പെട്ട അൻസിബ, അൻസിബ ഇൻസ്റ്റായിൽ ഷെയർ ചെയ്ത കത്ത് കണ്ടു. പത്ത് മാസം നേരിട്ട അവഗണനകൾ, അപവാദ പ്രചരണങ്ങൾ, മനോവീര്യം തകർക്കാനുള്ള ഗൂഢാലോചനകൾ എല്ലാം നേരിട്ട് ,തല കുനിക്കാതെ, കണ്ണ് താഴ്ത്താതെ ആർജ്ജവത്തോടെ വാദിച്ച് ജയിച്ച ദിവസമായിരുന്നു ഇന്നലെ. അങ്ങനെ ഒരു ദിവസത്തിന് ശേഷം ഇനി ഒരു അധികാര സ്ഥാനവും വേണ്ട എന്ന് തോന്നുന്നത് സ്വാഭാവികമാണ്. മടുത്ത് പോയിട്ടുണ്ടാകും എന്നറിയാം. പക്ഷേ.. 

അമ്മ സംഘടനയിൽ അല്ലെങ്കിൽ പൊതുരംഗത്തെങ്കിലുമുണ്ടാവണം. സമയമെടുത്തോളു. അടുത്ത തവണ ഇല്ലെങ്കിൽ വേണ്ട. പക്ഷേ വരാതിരിക്കരുത്. കാരണം  ലക്ഷത്തിൽ ഒരാളാണ്.. അപൂർവ്വ സിദ്ധിയുണ്ട്. നയിക്കണം.  വേട്ടയാടപ്പെടും. തളരരുത്. ഇപ്പോൾ പോലും   സൈബർ ആക്രമണങ്ങൾ അടക്കം ഇനിയും അഴിച്ച് വിടാം.കാരണം പലർക്കും മുറിഞ്ഞിട്ടുണ്ട്.. 

പക്ഷേ അൻസിബ ഇന്നൊരു പ്രതീക്ഷയാണ്. കേരളം അൻസിബയെ മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു. കാരണം വലിയ അക്ഷേപങ്ങളെ, നിഷ്കളങ്കമായ ചോദ്യങ്ങൾ ചോദിച്ച് തകർത്ത് കളയാനുള്ള ഇച്ഛാശക്തി. അത് ഒരു സാധാരണ വ്യക്തിയിൽ കാണാത്ത കഴിവാണ്. തെളിഞ്ഞ ബുദ്ധിയുടെ പ്രതിഫലനമാണ്. 

അസാധാരണമായ എന്തോ ഒന്ന് അൻസിബയിലുണ്ട്. അത് നാടിൻ്റെ നന്മയ്ക്കായി വിനിയോഗിക്കണം. മടുത്ത് പോകണ്ട. ധൈര്യമായിട്ടിരിക്കു. ഈ മണ്ണ് ചതിക്കില്ല. ശക്തമായി മുന്നോട്ട് നടക്കണം'.– മാല പാര്‍വതി കുറിച്ചു. 

 

ENGLISH SUMMARY:

Ansiiba Hassan's decision to step away from contesting in the Amma actress association has prompted a supportive Facebook post from Mala Parvathi, highlighting Ansiiba's intelligence and resilience. Mala Parvathi encourages Ansiiba to remain active in public life or the association, emphasizing her unique capabilities and the need for her to serve society.