Image: Manorama, File
മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി പാട്ടെഴുതിയ ഇടത് അനുകൂല സര്‍വീസ് സംഘടനാ നേതാവ് പുറത്ത്. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ നേതാവായിരുന്ന പൂവത്തൂർ ചിത്രസേനന്റെ സേവനമാണ് യുഡിഎഫ് സര്‍ക്കാര്‍ അവസാനിപ്പിച്ചത്.
പിണറായി മുഖ്യമന്ത്രിയായിരിക്കെയായിരുന്നു ചിത്രസേനന്‍ അദ്ദേഹത്തെ പുകഴ്ത്തിയുള്ള വരികളെഴുതിയത്.
പിണറായി വിജയനെ വേദിയിലിരുത്തി അസോസിയേഷൻ ഭാരവാഹികൾ ആലപിച്ച ‘ഇരുളടഞ്ഞ പാതയിൽ ജ്വലിച്ച സൂര്യനായി’ എന്നു തുടങ്ങുന്ന വരികളായിരുന്നു ഇത്.
സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ സുവർണ ജൂബിലിയുടെ ഭാഗമായാണ് അന്ന് ഗാനമാലപിച്ചത്. സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിൽനിന്നു വിരമിച്ച ശേഷം ചിത്രസേനന്‍ ധനകാര്യ വകുപ്പിൽ സ്പെഷൽ മെസഞ്ചർ ആയി തുടരുകയായിരുന്നു. ആ നിയമനം ലഭിച്ചതും സ്തുതിഗാനത്തെ തുടര്‍ന്നാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ മുന്‍ സര്‍ക്കാറിനും പിണറായി വിജയനും പ്രിയപ്പെട്ട ഉദ്യോഗസ്ഥരെയുള്‍പ്പെടെ തല്‍സ്ഥാനത്തുനിന്നും മാറ്റിയിട്ടുണ്ട്. ഐഎഎസ്, ഐപിഎസ് തലത്തിലുള്‍പ്പെടെ വലിയ മാറ്റമാണ് സര്‍ക്കാര്‍ മാറ്റത്തോടെ ഉണ്ടായത്.