പിണറായി വിജയനെതിരെ കേസെടുക്കണമെന്ന എഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കത്തിന്റെ പശ്ചാത്തലത്തിൽ എടുത്തുചാടി പെട്ടെന്ന് ഒരു തീരുമാനം കൈക്കൊള്ളേണ്ടതില്ലെന്ന് കെപിസിസി യോഗം വിലയിരുത്തി. വിഷയം ഗൗരവത്തോടെ ആലോചിച്ച് നിയമപരമായി മുന്നോട്ട് പോകാനാണ് കോൺഗ്രസിന്റെ തീരുമാനം. ഇതിനായി ഔദ്യോഗികമായി നിയമോപദേശം തേടുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കി. വിഷയത്തിൽ സിപിഎം നടത്തുന്ന ന്യായീകരണങ്ങൾ തൃപ്തികരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Also Read: 'ആദ്യം പിണറായി, പിന്നെ വീണ, ഒടുവിൽ എന്‍റെ പേര്'; ഇ.ഡിക്കെതിരെ റിയാസ്
അതേസമയം, പിണറായി വിജയന്റെ കുടുംബത്തിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി മാത്യു കുഴല്‍നാടന്‍ രംഗത്തെത്തി. ഇത് പിണറായി കുടുംബം നടത്തിയേടത്തോളം വലിയ കൊള്ളയാണെന്നും വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.
ടി. വീണ കൈപ്പറ്റിയ പണം മാറ്റിസ്ഥാപിച്ചിട്ടില്ലെന്ന് പറയാൻ സിപിഎമ്മിന് ധൈര്യമുണ്ടോയെന്ന് മാത്യു കുഴൽനാടൻ വെല്ലുവിളിച്ചു. സുഹൃത്തുക്കളുടെയും മറ്റും അക്കൗണ്ടുകളിലേക്ക് പണം മാറ്റിയെന്നും അദ്ദേഹം ആരോപിച്ചു. ഭാര്യ കോടിക്കണക്കിന് രൂപ വിദേശത്തേക്ക് കടത്തിയെന്ന തരത്തിലുള്ള ആരോപണങ്ങളിൽ റിയാസ് മറുപടി പറയണമെന്നും മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടു.
മുന്‍മന്ത്രി പി.എ.മുഹമ്മദ് റിയാസ് 20.5 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നും അതില്‍ ഒരു ഭാഗം ഹവാല ഇടപാടിന് ഉപയോഗിച്ചെന്നും ഇ.ഡി. ടി.വീണയുടെ ഡയറിയിലെ ഏഴ് പേജുകളില്‍ പണം കൈമാറ്റത്തിന്‍റെ വിവരങ്ങളുണ്ടെന്നും വീണയും റിയാസിന്‍റെ സുഹൃത്തുക്കളും ഇടപാട് സമ്മതിച്ചിട്ടുണ്ടെന്നും ഡി.ജി.പിക്ക് നല്‍കിയ കത്തില്‍ അവകാശപ്പെട്ടു. സിഎംആര്‍എല്ലില്‍ നിന്നല്ല റിയാസിന് പണം ലഭിച്ചതെന്ന് പറഞ്ഞ്, കൈക്കൂലി വ്യാപകമെന്ന സൂചനയും ഇ.ഡി ഉയര്‍ത്തുന്നുണ്ട്. കത്തിലെ പൂര്‍ണവിവരങ്ങള്‍ മനോരമ ന്യൂസ് പുറത്തുവിട്ടു
സിഎംആര്‍എല്ലില്‍ നിന്ന് മകള്‍ വീണ വഴി പിണറായി വിജയന്‍ 3.28 കോടിയുടെ കൈക്കൂലി വാങ്ങിയെന്നതിനേക്കാള്‍ ഞെട്ടലുണ്ടാക്കുന്ന ആരോപണമാണ് മുന്‍ പൊതുമരാമത്ത് മന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ മുഹമ്മദ് റിയാസിനെതിരെ ഇ.ഡി ഉയര്‍ത്തുന്നത്. പൊതുമരാമത്ത് മന്ത്രിയായിരിക്കെ 20.5 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചു. ഇതില്‍ ഒരു ഭാഗം ഹവാല ഇടപാട് വഴി ദുബായിലേക്ക് കടത്തി. 2024–25 കാലഘട്ടത്തിലാണ് പണം കടത്തെന്നും ഇ.ഡി പറയുന്നു. ദുബായില്‍ ബിസിനസും കമ്പനിയും തുടങ്ങാനായിരുന്നു പണം കടത്ത്. റിയാസിന് പണം ലഭിച്ചത് പിണറായി വിജയന് കിട്ടിയത് പോലെ സി.എം.ആര്‍.എല്‍ കമ്പനിയില്‍ നിന്നല്ല എന്ന് പറയുന്ന ഇ.ഡി, പക്ഷെ എവിടെ നിന്നാണെന്ന് വ്യക്തമാക്കുന്നില്ല.
ഡയറിയിലെ ഏഴ് പേജില്‍ പണം ഇടപാടിന്‍റെ വിവരങ്ങള്‍ എഴുതി സൂക്ഷിച്ചിട്ടുണ്ടെന്നാണ് ഇ.ഡിയുടെ അവകാശവാദം. മാത്രവുമല്ല, പണം കടത്തിയത് സമയത്ത് രണ്ട് ആഴ്ചയോളം വീണ ദുബായില്‍ താമസിച്ചതിന്‍റെ തെളിവ് ലഭിച്ചെന്നും ചോദ്യം ചെയ്യലില്‍ വീണ കുറ്റംസമ്മതിച്ചെന്നും അവകാശപ്പെടുന്നുണ്ട്. വീണയുടെ ഡയറി കൂടാതെ റിയാസിന്‍റെ സുഹൃത്തുക്കളായ ഹസന്‍ വാരിസ്, പി.നിഖില്‍, ഷൈജല്‍ എന്നിവരുടെ മൊഴിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പണം കടത്ത് ഇവര്‍ വഴിയാണെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചെന്നാണ് കത്തില്‍ സൂചിപ്പിക്കുന്ന മൊഴി. 25 പേജുള്ള കത്തില്‍ 18 പേജും റിയാസിനെ ലക്ഷ്യംവെച്ചുള്ള വിവരങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.