കര്‍ണാടക ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരണപ്പെട്ട ലോറി ഡ്രൈവര്‍ അര്‍ജുനെ കുറിച്ച് അമ്മ എഴുതിയ പുസ്തകം പുറത്തുവന്നു. അര്‍ജുന്റെ നാടായ കോഴിക്കോട് കണ്ണാടിക്കലില്‍ വച്ച് എഴുത്തുകാരന്‍ എം.മുകുന്ദന്‍ എം.വി.ശ്രേയാംസ് കുമാറിനു കൈമാറിയാണ് പ്രകാശനം ചെയ്തത്. അര്‍ജുന് വേണ്ടി നടന്ന മാസങ്ങള്‍ നീണ്ട തിരച്ചില്‍ കാലം അമ്മയും കുടുംബവും കടന്നുപോയതാണ് പുസ്തകത്തില്‍.
ജൂലൈയിലെ തോരാമഴയില്‍ രണ്ടു കൊല്ലം മുന്‍പാണ് കണ്ണാടിക്കലിലെ അര്‍ജുന്‍ കേരളത്തിന്റെ നോവായത്. കേരളം കര്‍ണാടകവും ഒരുമെയ്യായി തിരച്ചില്‍ നടത്തുമ്പോള്‍ പുത്രവിയോഗിനിയായ ഷീല കുറുവച്ചാലിന്റെ ഉള്ളുരുക്കമാണ് അര്‍ജുന്‍ എന്റെ മകന്‍ എന്ന പുസ്തകം
സ്മൃതികളുടെ ഇരമ്പലിലാണു കടലാസിലേക്കു കുറിക്കണെമന്നു തോന്നിയത്. പ്രിയപെട്ടവനെ കൊണ്ടുപോയ മഴ ഇന്നൊരു സാമീപ്യമാണ്. ഒരമ്മയുടെ നൊന്തുപെറ്റ മകനെ കുറിച്ചുള്ള ഓര്‍മ്മ മാത്രമല്ല, കണ്ണാടിക്കലെന്ന ഗ്രാമത്തിന്റെ കാലവിശേഷം കൂടിയാണ് പുസ്തകമെന്നു പ്രകാശനം നിര്‍വഹിച്ച എം.മുകുന്ദന്റെ സാക്ഷ്യം.
അര്‍ജുന്റെ ഭാര്യ, മകന്‍ ,അച്ഛന്‍ അടക്കമുള്ള കുടുംബാംഗങ്ങളും നിറകണ്ണുകളോടെയാണു പുസ്തകത്തെ ഏറ്റുവാങ്ങിയത്. കാര്‍വാര്‍ എം.എല്‍.എ. സതീഷ് കൃഷ്ണ സെയില്‍ മഞ്ചേശ്വരം എം.എല്‍.എ. എ.കെ.എം അഷ്റഫ്, എം.കെ. രാഘവന്‍ എം.പി,ഈശ്വര്‍ മാല്‍പെ തുടങ്ങി അര്‍ജുനായി ഷിരൂരില്‍ ഒത്തുകൂടിയവരെല്ലാം പുസ്തക പ്രകാശന വേദിയിലുമെത്തി.