ഷിരൂർ ദുരന്തത്തിൽ മരിച്ച അർജുനെ കണ്ടെത്തിയെങ്കിലും, അന്ന് ഗംഗാവലിയുടെ ആഴങ്ങളിൽ നഷ്ടപ്പെട്ട രണ്ടുപേർ ഇന്നും എവിടെ എന്നറിയില്ല. ഒരു വർഷത്തിനിപ്പുറം ദുരന്തത്തിൽ കാണാതായ ജഗന്നാഥിനേയും , ലോകേഷിനേയും ഓർത്ത് കണ്ണീർ വാർക്കുകയാണ് കുടുംബം. അർജ്ജുനെ കണ്ടെത്തി ദിവസങ്ങൾക്കുള്ളിൽ രക്ഷാദൗത്യം അവസാനിപ്പിച്ചിരുന്നു.
മലയാളിയുടെ മനസ്സിൽ കോറിയിട്ട വിങ്ങലാണ് അർജുൻ. ഒരു വർഷം മുമ്പ് ഷിരൂരിൽ മല വിണ്ടുകീറി ഗംഗാവലിയിലേക്ക് പതിച്ചപ്പോൾ അർജുനൊപ്പം കാണാമറയിലേക്ക് നീങ്ങിയത് 10 ജീവനുകളാണ്. അർജുൻ നിർത്തിയിട്ട ലോറി, സമീപം ഉണ്ടായിരുന്ന കടയുടെ നടത്തിപ്പുകാരായ കുടുംബം, പുഴയ്ക്ക് അക്കരയിൽ ഉണ്ടായിരുന്ന വീട്ടിൽ താമസിച്ചവർ അങ്ങനെ. മന്ദഗതിയിലായി രക്ഷാപ്രവർത്തനത്തിന് ശക്തി വച്ചത് മലയാള മാധ്യമ ഇടപെടലിലൂടെ.
നമ്മുടെ മനസ്സ് ഷിരൂരിൽ ഉടക്കിയ 72 ദിവസങ്ങളിലെ പ്രതീക്ഷകൾ ഇല്ലാതാക്കി അർജുന്റെ ശരീരം കണ്ടെത്തി. തൊട്ടുപിന്നാലെ രക്ഷാദൗത്യവും അവസാനിപ്പിച്ചു. കടയുടമയായ ലോകേഷും സഹായിക്കാൻ എത്തിയ ബന്ധു ജഗന്നാഥും , രണ്ടു ജീവനുകൾ ഇപ്പോഴും എവിടെ എന്നറിയില്ല. ഈ നാല് സെൻറ് വീട്ടിൽ അംഗനവാടി ജീവനക്കാരിയായ ജഗന്നാഥിൻ്റെ ഭാര്യയും, മക്കളും കണ്ണീർ ഓർമ്മകളിൽ ജീവിക്കുകയാണ്.പ്രതീക്ഷയറ്റ്,മരണ സർട്ടിഫിക്കലും ലഭിച്ചിരുന്നെങ്കിൽ എന്ന് മകൾ
അർജുനെ കണ്ടെത്തുന്നതിന് മുൻപ് തന്നെ 8 ശരീരങ്ങൾ കണ്ടെത്തിയിരുന്നു. രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി, ഒടുവിൽ അർജുന്റെ സംസ്കാര ചടങ്ങിൽ വരെ പങ്കെടുത്ത പ്രദേശത്തെ എംഎൽഎ സതീഷ് സെയിൽ, കാണാതായവരുടെ കുടുംബങ്ങളിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല.