Image Credit:facebook/PriyankaG.IAS

Image Credit:facebook/PriyankaG.IAS

പരിസ്ഥിതിയെ കൂടി കണക്കിലെടുത്ത് വേണം ദൈനംദിന ജീവിതം മുന്നോട്ട് കൊണ്ടുപോകാനെന്ന് എറണാകുളം ജില്ലാ കലക്ടര്‍ ജി.പ്രിയങ്ക. വടക്കന്‍ പറവൂരില്‍ നടന്ന പരിസ്ഥിതി ദിനാഘോഷത്തില്‍ സംസാരിക്കവേയാണ് തന്‍റെ 'വാര്‍ഡ്രോബിനെ' കുറിച്ച് പ്രിയങ്ക വെളിപ്പെടുത്തിയത്. ആകെ എട്ടു പാന്‍റ്സും 15 ഷര്‍ട്ടും മൂന്ന് ജോഡി ചെരുപ്പുമാണ് ഉള്ളതെന്നും ഇത് തന്നെ മാറ്റിയും തിരിച്ചുമിടുകയാണ് ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു. ആവശ്യമുള്ളത്, അത്യാവശ്യമുള്ളത് മാത്രം വാങ്ങി ഉപയോഗിക്കുന്ന കോണ്‍ഷ്യസ് കണ്‍സ്യൂമറിസമാണ് താന്‍ ശീലിക്കുന്നതെന്നും അത് എല്ലാവരും ശീലമാക്കിയാല്‍ നന്നാകുമെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

ബ്ലാക്കും ബ്രൗണും പിങ്കും നിറങ്ങളിലായി മൂന്ന് ഷൂവാണുള്ളതെന്നും ഇത് തന്നെയാണ് എല്ലാ വസ്ത്രങ്ങള്‍ക്കൊപ്പവും താനിടുന്നതെന്നും പ്രിയങ്ക വെളിപ്പെടുത്തി. ചീത്തയാകുമ്പോള്‍ മാത്രമേ പുതിയത് വാങ്ങുന്ന കാര്യം ആലോചിക്കുകയുള്ളൂവെന്നും അവര്‍ പറഞ്ഞു. ബോധപൂര്‍വമുള്ള ചില ചെറിയ നിയന്ത്രണങ്ങള്‍ പ്രകൃതിയെ സംരക്ഷിക്കാന്‍ കൂടി സഹായിക്കുമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. വ്യക്തികളുടെ പുറംമോടിയല്ല, സ്വഭാവമാണ് അവരെന്താണെന്ന് തീരുമാനിക്കുന്നതെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

ജില്ലാ കലക്ടറുടെ വാക്കുകള്‍ ഇങ്ങനെ: 'എന്‍റെ കയ്യിലുള്ളത് എട്ട് പാന്‍റ്സും 15 ഷര്‍ട്ടുകളുമാണ്. അത് തന്നെ കോമ്പിനേഷന്‍ മാറ്റിയാണ് ഞാനിടുന്നത്. 15 ദിവസം കഴിഞ്ഞാല്‍ ഇത് തന്നെ പിന്നെയും ഇടും. ബോധപൂര്‍വമുള്ള ഉപഭോഗം എന്നാണ് ഈ രീതിയെ പറയുന്നത്. ഞങ്ങളുടെ കുട്ടിക്കാലത്ത് വര്‍ഷത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം മാത്രമാണ് പുതിയ തുണിയെടുക്കുന്നത്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം മാത്രമാകും പുറത്ത് റസ്റ്ററന്‍റില്‍ പോയി കഴിക്കുന്നത്. അന്ന് അങ്ങനെയായിരുന്നു ജീവിത നിലവാരം. പക്ഷേ ഇപ്പോള്‍ അങ്ങനെയല്ല, നമ്മുടെ ജീവിത നിലവാരം നന്നായി ഉയര്‍ന്നിട്ടുണ്ട്.  ഇന്ന് മാസത്തില്‍ രണ്ടുപ്രാവശ്യം പുതിയ വസ്ത്രം വാങ്ങാം, ആഴ്ച തോറും പുറത്ത് നിന്ന് ഭക്ഷണം കഴിക്കാം, അതിനൊക്കെയുള്ള സാമ്പത്തിക സ്ഥിതി നമുക്കുണ്ട്. പക്ഷേ അത് സുസ്ഥിരവികസനത്തെ ബാധിക്കുന്നതാണ്. 

മാസാമാസം നമ്മള്‍ പുതിയ വസ്ത്രങ്ങള്‍ വാങ്ങേണ്ടതുണ്ടോ?  പുതിയ സാധനങ്ങള്‍ വാങ്ങേണ്ടതുണ്ടോ? എല്ലാ പരിപാടികള്‍ക്കും പുതിയ വസ്ത്രവും ചെരുപ്പും വാങ്ങേണ്ടതുണ്ടോ? ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്. ഒന്നോ രണ്ടോ പ്രാവശ്യമിട്ട് പിന്നെ ഓരോന്നും വലിച്ചെറിയുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഇത് നമ്മുടെ പരിസ്ഥിതിയെ നാശമാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് 365 ദിവസവും നമ്മള്‍ പാലിക്കേണ്ട ആശയമാണ് കോണ്‍ഷ്യസ് കണ്‍സ്യൂമറിസം. എന്നുവച്ചാല്‍, നമുക്ക് വേണമെങ്കില്‍ മാത്രമേ, അതും അത്യാവശ്യമുണ്ടെങ്കിലേ എന്തെങ്കിലും വാങ്ങാവൂ. അല്ലാതെ മറ്റാരെയെങ്കിലും കാണിക്കാനോ? കയ്യില്‍ പൈസയുള്ളത് ചെലവാക്കാനോ വാങ്ങേണ്ട ആവശ്യമില്ല. നമ്മുടെ  സ്വഭാവമാണ് നമ്മളെന്താണെന്ന് പറയുന്നത്. അല്ലാതെ നമ്മളിടുന്ന വസ്ത്രമല്ല. ചെറിയ ഉദാഹരണം പറയട്ടെ? എന്‍റെ കയ്യിലുള്ളത് മൂന്ന് ഓഫിസ് ഷൂവാണ്. ഒരു ബ്ലാക്ക്, ബ്രൗണ്‍, പിങ്ക്. എല്ലാ വസ്ത്രത്തിനും ഇത് മാച്ചാകും. ഇത് മോശമായാല്‍ പുതിയത് വാങ്ങാം. പത്തും ഇരുപതും ജോഡിയും വാങ്ങേണ്ട ആവശ്യമില്ല. അങ്ങനെ മതിയല്ലോ? പൈസയുണ്ടെന്ന് പറഞ്ഞ് വെറുതേ വാങ്ങിക്കൂട്ടേണ്ടതില്ലല്ലോ. എന്ന് വച്ച് ഞാന്‍ പുതിയതൊന്നും വാങ്ങുന്നില്ല എന്നല്ല'.

ENGLISH SUMMARY:

Ernakulam District Collector G. Priyanka has advocated for sustainable living by sharing a personal insight into her minimal wardrobe during an Environment Day event in North Paravur. The IAS officer revealed that she owns just eight pairs of pants, fifteen shirts, and three pairs of office shoes in black, brown, and pink, which she systematically mixes and matches. Priyanka urged the public to practice "conscious consumerism," buying items out of absolute necessity rather than a dynamic urge to display wealth or status. She structurally compared current high-spending habits with older generational lifestyles, warning that discarding clothes after minimal use severely degrades the ecosystem. Emphasizing that an individual's character defines them rather than their attire, the Collector clarified that financial capability should not translate into reckless overconsumption.