സമൂഹ മാധ്യമങ്ങളിൽ കുറച്ച് ദിവസങ്ങളായി പ്രചരിച്ചുകൊണ്ടിരിക്കുന്ന 'സേവ് രത്നഗിരി' എന്ന ഹാഷ്ടാഗ് കുറച്ചുപേരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടാകും.
പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഒരു വ്യവസായ സംരംഭത്തിനെതിരായ ഒരു പ്രതിഷേധമാണത്. സമ്പന്ന രാജ്യങ്ങള്‍ സ്വന്തം ജനതയുടെ ആരോഗ്യം മുന്നില്‍ക്കണ്ട് പുറംതള്ളിയ മാരകവിഷത്തിന്‍റെ ഉല്‍പാദനത്തിന് നമ്മുടെ മണ്ണില്‍ ഇടം നല്‍കിയതിനെതിരായ പോരാട്ടം.
ഇറ്റലി എന്നന്നേക്കുമായി അവസാനിപ്പിച്ച PFAS എന്ന രാസവസ്തുവിന്‍റെ ഉല്‍പാദനത്തിന് മഹാരാഷ്ട്രയാണ് ഇടം നൽകിയത്. രത്നിഗിരി ജില്ലയിലെ ലോട്ടെ പരശുരാം വ്യവസായ മേഖലയിലാണ് വിവാദമായ പ്ലാന്റ്. ഇറ്റലിയിൽ 4000 പേരുടെ മരണത്തിനാണ് മാരക വിഷമായ PFAS കാരണമായത്. ഒപ്പം മൂന്നര ലക്ഷംപേരുടെ കുടിവെള്ളവും മുട്ടി. മണ്ണും വായുവും വിഷമയമാക്കിയ രാസവസ്തുവും അതുല്‍പാദിപ്പിച്ച കമ്പനിയും അവിടെ നിരോധിക്കപ്പെട്ടിരുന്നു.
ഇറ്റലിയിലെ വിസെൻസ പ്രവിശ്യയിലായിരുന്നു കുപ്രസിദ്ധമായ മിറ്റേനി എന്ന കെമിക്കൽ ഫാക്ടറി. ഇവിടെയാണ് വ്യവസായിക അടിസ്ഥാനത്തില്‍ PFAS അഥവാ ഫോര്‍എവര്‍ കെമിക്കല്‍സ് എന്ന രാസസംയുക്തം നിര്‍മിച്ചിരുന്നത്. പോളിഫ്ലൂറോ ആൽക്കൈൽ സബ്സ്റ്റൻസ് എന്ന ഈ രാസസംയുക്തം ഒരിക്കല്‍ നിര്‍മിക്കപ്പെട്ടാല്‍ പിന്നെ ഒരുകാലത്തും നശിക്കില്ല. മനുഷ്യശരീരത്തിലും മണ്ണിലും വെള്ളത്തിലുമെല്ലാം ഇതിന്‍റെ അംശം നിലനില്‍ക്കും. കാലങ്ങളായി കമ്പനിയില്‍ ഉല്‍പാദിപ്പിക്കപ്പെട്ട ഈ രാസവസ്തു അവിടുത്തെ ഭൂഗർഭ ജലാസ്രോതസുകളില്‍ കലര്‍ന്നതോടെ കടുത്ത പ്രതിസന്ധിയാണ് രൂപപ്പെട്ടത്. ഭൂഗര്‍ഭജലത്തില്‍ നിന്നും വിസെൻസ പ്രവിശ്യയിലെ മിക്ക ജലാശയങ്ങളിലേക്കും ഇത് വ്യാപിക്കുകയും കുടിവെള്ളത്തിലൂടെ മനുഷ്യരുടെ രക്തത്തിൽ കലരുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഒട്ടേറെപ്പേര്‍ രോഗബാധിതരായി. കമ്പനിയിലെ ജോലിക്കാർക്കാണ് മാരക രോഗങ്ങൾ ബാധിച്ചത്. രക്ത പരിശോധനയിലൂടെയാണ് PFASന്‍റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ഇതോടെ വിഷയത്തിൽ ഇറ്റാലിയന്‍ സര്‍ക്കാര്‍ ഇടപെടുകയും മിറ്റെനി പ്ലാന്‍റ് 2018 ൽ അടച്ചുപൂട്ടുകയും ചെയ്തു. പരിസ്ഥിതി നശിപ്പിച്ചു എന്ന കുറ്റത്തിന്, 2024 ൽ കമ്പനിയുടെ എക്സിക്യൂട്ടീവുകൾക്ക് ജയിൽ ശിക്ഷയും വിധിച്ചു.
2019 ൽ ഈ കമ്പനി അവരുടെ ഉല്‍പന്നങ്ങള്‍ ലേലത്തില്‍ വെച്ചു, ഒരേയൊരു കമ്പനി മാത്രമാണ് ലേലത്തിനെത്തിയത്- വിവ ലൈഫ് സയൻസസ്. ഇന്ത്യൻ കമ്പനിയായ ലക്ഷ്മി ഓർഗാനിക് ഇഡസ്ട്രീസിന്‍റെ സബ്സിഡറി കമ്പനിയാണ് വിവ ലൈഫ് സയൻസസ്. ലേലത്തിൽ മുഴുവൻ പ്ലാന്‍റും അതിന്‍റെ ഇലക്ട്രോകെമിക്കൽ ഫ്ലൂറിനേഷൻ സാങ്കേതികവിദ്യയും 14 പേറ്റന്‍റുകളും വിവ ലൈഫ് സയൻസസ് സ്വന്തമാക്കി. 300 ലധികം കണ്ടെയ്നറുകളിലായി ഉപകരണങ്ങൾ ഇന്ത്യയിലെത്തിച്ചു.
ഇറ്റലിയിൽ ദുരന്തം വിതച്ച അതേ pfas തന്നെയാണ് തങ്ങളും ഉൽപ്പാദിപ്പിക്കുന്നതെന്ന് അന്നു തന്നെ കമ്പനി തുറന്ന് പറഞ്ഞിരുന്നു. രാസവസ്തു, ഫാര്‍മ മേഖലില്‍ ലാഭം കൊയ്യുകയായിരുന്നു കമ്പനിയുടെ ലക്ഷ്യം. ഇറ്റലിയിൽ മൂന്നര ലക്ഷത്തോളം ആളുകളുടെ കുടിവെള്ള സ്രോതസ്സുകളെ ഇല്ലായ്മ ചെയ്ത ഈ രാസവസ്തുവിന്‍റെ ദോഷഫലങ്ങള്‍ ഇന്ത്യന്‍ കമ്പനി പൂര്‍ണമായും അവഗണിച്ചു. മാത്രമല്ല ഈ രാസസംയുക്തം വൃക്കയിലും, വൃക്ഷണങ്ങളിലും ക്യാന്‍സര്‍, തൈറോയിഡ് സംബന്ധമായ രോഗങ്ങള്‍, കൊളസ്ട്രോള്‍, ഗര്‍ഭകാലത്തെ അമതരക്തസമ്മര്‍ദം, വന്ധ്യത എന്നിവയ്ക്കും കാരണമാകുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു. ജനിക്കുന്ന കുഞ്ഞുങ്ങളില്‍ പോലും ഈ രാസവസ്തു നിലനല്‍ക്കും. പദ്ധതിക്കനുമതി നല്‍കിയ കേന്ദ്രസംസ്ഥാനസര്‍ക്കാരുകളോ, പ്ലാന്‍റ് സ്ഥാപിച്ച വിവ ലൈഫ് സയന്‍സസോ ഇതൊന്നും പരിഗണിച്ചില്ല.
നിലവിൽ PFAS നിയന്ത്രിക്കുന്നതിനുള്ള ഒരു നിയമങ്ങളും ഇന്ത്യയിലില്ല എന്നതാണ് കമ്പനിയുടെ ഇങ്ങോട്ടേയ്ക്കുള്ള പറിച്ചു നടല്‍ എളുപ്പമാക്കിയത്. ലോട്ടെ പരശുരാമിലെ പ്ലാന്റ് ഇപ്പോൾ പൂർണ്ണമായും പ്രവർത്തനക്ഷമമാണെന്നാണ് റിപ്പോർട്ടുകൾ. PFAS ഒഴുകിയ നദികളും മറ്റ് ജല സ്രോതസുകളും പൂർണമായും ശുദ്ധീകരിക്കാൻ കഠിനമായ പരിശ്രമത്തിലാണ് ഇറ്റലി, അതേസമയം ആഗോള വിതരണ ശൃംഖലകൾക്കായി അതേ വിഷം ഉല്‍പാദിപ്പിക്കാന്‍ നമ്മുടെ മണ്ണിൽ ഒരു കമ്പനി തയ്യാറെടുക്കുന്നു എന്നതാണ് വിരോധാഭാസം.
ലോട്ടെ വ്യവസായ മേഖല ഇതിനകം തന്നെ കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. കുമിഞ്ഞുകൂടുന്നു മാലിന്യങ്ങൾ, പരിസ്ഥിതി മലിനീകരണം എന്നിവ രൂക്ഷമാണ്. ഈ ഭാഗത്ത് മല്‍സ്യബന്ധനവും പ്രതിസന്ധിയിലാണ്. ഇതിനിടെയാണ് പുതിയ പ്ലാന്‍റില്‍ മാരക വിഷത്തിന്‍റെ ഉല്‍പാദനവും തുടങ്ങുന്നത്.
യൂറോപ്പ് നിരോധിച്ച വ്യവസായങ്ങള്‍ക്ക് ഇന്ത്യയില്‍ മണ്ണൊരുക്കുന്നതിലൂടെ ഇവിടം ഒരു മലിന്യക്കൂമ്പാരമാക്കി മാറ്റുകയാണ് ബഹുരഷ്ട്രകുത്തകകളെന്നാണ് ഉയരുന്ന ആരോപണം. ഇതിന് സര്‍ക്കാരുകള്‍ ഒത്താശ ചെയ്യുന്നു. ലോട്ടെ പരശുറാമിൽ കമ്പനിയ്ക്ക് സമീപമുള്ള ഭൂഗർഭജലം പരിശോധിക്കുക, ശക്തമായ സർക്കാർ നിയന്ത്രണങ്ങൾ കൊണ്ടുവരിക, pfas ഉല്‍പാദനത്തില്‍ ലക്ഷ്മി ഓർഗാനിക്കിനുള്ള ഉത്തരവാദിത്തം അന്വേഷിക്കുക തുടങ്ങിയവയൊക്കെയാണ് 'സേവ് രത്നഗിരി' ക്യാംപെയ്ൻ ലക്ഷ്യം വെയ്ക്കുന്നത്.