IMD,Delhi

IMD,Delhi

കേരളം മുതല്‍ അരുണാചല്‍ പ്രദേശ് വരെ കൂറ്റന്‍ ഇടിമിന്നല്‍ മേഘങ്ങളുടെ സാന്നിധ്യം വ്യക്തമാക്കുന്ന സാറ്റലൈറ്റ് ദൃശ്യം പുറത്ത്. ഏകദേശം 3000കിലോമീറ്റര്‍ നീളത്തിലാണ് ഈ ദൃശ്യം വ്യക്തമായത്. തെക്കുപടിഞ്ഞാറൻ കാലവർഷത്തിന് മുന്നോടിയായി ഇന്ത്യയിലുടനീളം പ്രത്യക്ഷമാകുന്ന കാലാവസ്ഥാ അസ്ഥിരതയുടെ തീവ്രതയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ വിലയിരുത്തുന്നത്. 

അസാധാരണമായ ഈ മേഘചിത്രം ഇന്ത്യന്‍ ഉപദ്വീപിന്റെ തെക്കേ അറ്റത്തുനിന്നും ആരംഭിച്ച് മധ്യകിഴക്കന്‍ പ്രദേശത്തു കൂടി കടന്ന് വടക്കുകിഴക്കന്‍ മേഖലകളായ അസം, അരുണാചല്‍ എന്നീ സംസ്ഥാനങ്ങളിലേക്ക് എത്തുന്നു. ഇന്ത്യയില്‍ വ്യാപകമായി മഴയ്ക്കും മിന്നലിനും കനത്ത മേഘാവരണത്തിനും കാരണമാകുന്ന പ്രതിഭാസമാണിത്. ‘ഇടിമിന്നല്‍പ്പാത’ എന്നാണ് ഈ വിരളമായ പ്രതിഭാസത്തെ കാലാവസ്ഥാ വിദഗ്ധര്‍ വിശേഷിപ്പിക്കുന്നത്. 

rain-cloud

Image: Manorama

ഇത്രയും ദൂരം സമാനമായ രീതിയില്‍ മേഘാവരണം കാണപ്പെടുന്നത് തീര്‍ത്തും അതിശയിപ്പിക്കുന്ന കാഴ്ച കൂടിയാണ്. ഈ സമാനപാതയിലൂടെ യാത്ര ചെയ്താല്‍ 2000 മുതല്‍ 3000കിലോമീറ്റര്‍ വരെ ദൂരത്തില്‍ മഴയും ഇടിമിന്നലും മേഘാവൃതമായ അന്തരീക്ഷവും അനുഭവപ്പെട്ടേക്കും. 

ഈ ഇടിമിന്നല്‍ ഇടനാഴി കടന്നുപോകുന്ന മേഖലയില്‍ വരുന്ന കേരളം, കർണാടക, മഹാരാഷ്ട്ര, തെലങ്കാന, ഒഡിഷ, പശ്ചിമ ബംഗാൾ, ബിഹാർ, അസം, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. നിലവില്‍  ഹൈ-റെസല്യൂഷൻ ഉപഗ്രഹ ചിത്രങ്ങളും ഡോപ്ലർ റഡാറുകളും ഉപയോഗിച്ച് കാലാവസ്ഥാ ഉദ്യോഗസ്ഥർ ഈ മേഘപാതയുടെ തീവ്രതയും ചലനവും നിരീക്ഷിച്ചുവരികയാണ്.

cloud-today

Image: Manorama

കാലവര്‍ഷം തുടങ്ങുന്നതിന് മുന്നോടിയായി വരുന്ന അന്തരീക്ഷ സാഹചര്യങ്ങളാണ് ഈ അത്യൂപൂര്‍വമായ കാഴ്ചയ്ക്ക് നിദാനമാകുന്നതെന്നാണ് കാലാവസ്ഥാ ഉദ്യോഗസ്ഥര്‍ പറയുന്നത്. അന്തരീക്ഷത്തിലെ കടുത്ത ചൂട്, അറബിക്കടലിൽ നിന്നും ബംഗാൾ ഉൾക്കടലിൽ നിന്നുമുള്ള ഈർപ്പത്തിന്റെ സാന്നിധ്യം, ഇന്ത്യൻ വൻകരയുടെ അന്തരീക്ഷത്തിനു മുകളില്‍ രൂപപ്പെടുന്ന വ്യതിയാനങ്ങള്‍, ഇവയെല്ലാം ചേര്‍ന്നാണ് ഈ ഇടിമിന്നല്‍പ്പാതയ്ക്ക് സാഹചര്യമൊരുക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഈ ഇടിമിന്നല്‍പ്പാതയെ പക്ഷേ അല്‍പം ജാഗ്രതയോടെ തന്നെ കാണേണ്ടിവരും. ശക്തമായ മഴ, കാറ്റ്, മിന്നൽ, പെട്ടെന്നുണ്ടാകുന്ന പ്രളയം എന്നിവയ്ക്കെല്ലാം ഈ അസാധാരണ പ്രതിഭാസം കാരണമായേക്കാം. ഒറ്റപ്പെട്ട കൊടുങ്കാറ്റുകൾ പിന്നാലെ വലിയ ഭൂപ്രദേശങ്ങളെ ബാധിക്കും വിധത്തില്‍ ഉഗ്രരൂപമായേക്കാനും സാധ്യതയുണ്ട്. ഇന്ത്യയിലെ കാലാവസ്ഥാ വ്യതിയാനങ്ങളുടെ സങ്കീര്‍ണത കൂടിയാണ് ഇതിലൂടെ ബോധ്യമാകുന്നത്. ഉത്തരേന്ത്യയും മധ്യ ഇന്ത്യയും കടുത്ത കാലാവസ്ഥാ വ്യതിയാനങ്ങളിലൂടെ കടന്നുപോകുന്ന സമയത്തുകൂടിയാണ് ഈ പുതിയ പ്രതിഭാസവും ഉണ്ടായിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. 

Massive Lightning Cloud Formation Spans India:

A massive lightning cloud formation stretching across India from Kerala to Arunachal Pradesh has been captured in a satellite image. This rare phenomenon, dubbed 'lightning path' by meteorologists, indicates significant weather instability ahead of the Southwest Monsoon.