old-man-got-stuck-bw-walls

TOPICS COVERED

മഹാരാഷ്ട്രയിലെ പാൽഘറിലുള്ള നവാലിയിൽ വീടുകൾക്കിടയിലെ വിടവിൽ കുടുങ്ങിയ വിനോദ് വിഷ്ണു യാദവ് എന്ന 70കാരനെ ചുമർ തകർത്ത് ഫയർഫോഴ്സ് രക്ഷപ്പെടുത്തി.

കഴിഞ്ഞ ദിവസം പുലർച്ചെ നാലുമണിയോടെയായിരുന്നു സംഭവം. രണ്ട് വീടുകളുടെ ചുമരുകൾക്കിടയിലാണ് യാദവ് കുടുങ്ങിയത്. വിവരമറിഞ്ഞെത്തിയ പാൽഘറിൽനിന്നുള്ള അഗ്നിരക്ഷാസേനാംഗങ്ങളാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. അഗ്നിരക്ഷാസേനാംഗങ്ങൾ അദ്ദേഹത്തെ സുരക്ഷിതമായി പുറത്തെത്തിക്കാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.

ഇടുങ്ങിയ വിടവിലൂടെ യാദവിനെ പുറത്തെടുക്കാൻ ഒരു വഴിയുമില്ലെന്ന് മനസ്സിലാക്കിയ അഗ്നിരക്ഷാസേനാംഗങ്ങൾ തുടർന്ന് മറ്റ് മാർഗങ്ങൾ തേടി. ഒരാൾക്ക് കൂടി കയറിച്ചെല്ലാൻ സ്ഥലമില്ലാത്തതിനാൽ വീടിന്റെ ഭിത്തി തുരന്ന് വഴിയുണ്ടാക്കാൻ തീരുമാനിച്ചു. ഡ്രില്ലിങ് മെഷീൻ ഉപയോഗിച്ച് ഇയാൾ കുടുങ്ങിയ സ്ഥലത്തോട് ചേർന്നുള്ള ചുമരിൽ വലിയൊരു ദ്വാരമുണ്ടാക്കി. തുടർന്ന് അതുവഴി വിഷ്ണു യാദവിനെ പുറത്തെടുക്കുകയായിരുന്നു.

ഏറെ നേരം നീണ്ട പരിശ്രമത്തിനൊടുവിൽ കാര്യമായ പരിക്കുകളില്ലാതെ അദ്ദേഹത്തെ പുറത്തെടുക്കുകയും തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. വിഡിയോ പ്രചരിച്ചതോടെ ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടലിനെ പ്രശംസിക്കുകയാണ് സമൂഹമാധ്യമ ഉപയോക്താക്കൾ.