Gokul milk cooperative members and farmers take out a protest march, in Kolhapur, Maharashtra
മഹാരാഷ്ട്രയില്‍ പാല് സഹകരണ സംഘം തിരഞ്ഞെടുപ്പിലും ബിജെപിയുടെ രാഷ്ട്രീയ അട്ടിമറി. കോലാപ്പൂർ ജില്ല സഹകരണ പാല് ഉല്പാദക സംഘം (ഗോകുല്‍) തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാനല്‍ ജയിച്ചെങ്കിലും ബോര്‍ഡിലേക്ക് നാലു പേരെ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തതോടെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മഹായുതി സ്ഥാനാര്‍ഥി ജയിച്ചു. എന്‍സിപിയില്‍ നിന്നുള്ള രാജേഷ് പട്ടേലാണ് ജയിച്ചത്. ബോര്‍ഡ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്–13, മഹായുതി–12 എന്നിങ്ങനെയായിരുന്നു സീറ്റുനില.
ഒക്ടോബര്‍ 19 നാണ് 25 അംഗ ബോര്‍ഡിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസ് എംഎല്‍സി സതേജ് പാട്ടീൽ നയിച്ച സഖ്യം 13 സീറ്റും മഹായുതി പാനല്‍ 12 സീറ്റും നേടി. 29 തിന് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടന്നെങ്കിലും മഹായുതി പ്രതിനിധികള്‍ വിട്ടുനിന്നതോടെ ക്വാറം തികയാത്തതിനാല്‍ തിരഞ്ഞെടുപ്പ് നടന്നില്ല. പിന്നീട് നവംബര്‍ നാലിന് ദേവേന്ദ്ര ഫഡ്നാവിസ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സിലൂടെ അഞ്ചു പേരെ ബോര്‍ഡിലേക്ക് നാമനിര്‍ദേശം ചെയ്തു. നാലു പേര്‍ക്ക് വോട്ടവകാശത്തോടെയായിരുന്നു ഭേദഗതി.
ഈ നീക്കം പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മഹായുതി പാനല്‍ സ്ഥാനാര്‍ഥിക്ക് അനുകൂലമായി. രാജേഷ് പാട്ടീൽ 16 വോട്ടുകൾ നേടി വിജയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ശശികാന്ത് പാട്ടില്‍ 13 വോട്ടും നേടി. ബോര്‍ഡ് തിരഞ്ഞെടുപ്പില്‍ ജയിച്ചെങ്കിലും അട്ടമിറി നടന്നു എന്നാണ് കോണ്‍ഗ്രസ് ആരോപണം. പാല് ഉല്പാദകരുടെ വോട്ട് പോലും ബിജെപി തട്ടിയെടുത്തു എന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.
Also Read: വികൃതമാക്കപ്പെട്ട് റാണിയുടെ മൃതദേഹം; 25 വർഷം മുമ്പ് ഭർത്താവിനെ കൊന്ന കേസിലെ പ്രതി; ദുരൂഹത
മഹാരാഷ്ട്രയില്‍ ഉടനീളം വിതരണമുള്ള ഗോകുല്‍ ബ്രാന്‍ഡ് പാലിന്റെ നിര്‍മാതാക്കളാണ് കൊൽഹാപൂർ ജില്ല സഹകരണ പാല് ഉല്പാദക സംഘം. ഈ സഹകരണ സംഘത്തിന്റെ നിയന്ത്രണം പിടിക്കാനായാല്‍ പടിഞ്ഞാറന്‍ മഹാരാഷ്ട്രയില്‍ വലിയ സ്വാധീനമുണ്ടാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാകും. കർഷകർക്ക് പണം വിതരണം ചെയ്യുന്നതിലൂടെ സാമ്പത്തിക സ്വാധീനം ചെലുത്താനും ഇത് സഹായിക്കും. പരമ്പരാഗതമായി കോൺഗ്രസിന്റെയും എൻസിപിയുടെയും ശക്തികേന്ദ്രമാണിവിടം. സംസ്ഥാനത്തെ ഏറ്റവും വലിയ പാല് ഉത്പാദക സഹകരണ സംഘമാണ് ഗോകുല്‍ ഡയറി. ദിവസവും അഞ്ചു ലക്ഷം ക്ഷീരകര്‍ഷകരില്‍ നിന്നും 17 ലക്ഷം ലീറ്റര്‍ പാലാണ് സംഘം ശേഖരിക്കുന്നത്.