sea-tuttle

കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിനു ശേഷം ട്രോളുകളത്രയും കടലാമകള്‍ക്കാണ്. എന്നാൽ അങ്ങനെ കളിയാക്കേണ്ടവരാണോ കടലാമകൾ. അറിയാം ചില കടലാമക്കാര്യങ്ങൾ. 

ദിനോസറിനെ കണ്ടവർ 

ഏകദേശം 11 കോടി (110 മില്യൺ) വർഷങ്ങൾക്ക് മുൻപ്, അതായത് ഭീമാകാരന്മാരായ ദിനോസറുകൾ ഭൂമി ഭരിച്ചിരുന്ന അതേ കാലഘട്ടത്തിൽ തന്നെ കടലാമകളുടെ പൂർവ്വികർ ഇവിടെയുണ്ടായിരുന്നു. എൺപത് മുതൽ നൂറ് വർഷം വരെയാണ് ശരാശരി ആയുസ്സ്.

വീട്ടിലെത്തും ജി.പി.എസ് 

പ്രകൃതിയിലെ  അത്ഭുതങ്ങളിലൊന്നാണ് ഈ കടലാമ.  ജനിച്ച ശേഷം പതിനായിരക്കണക്കിന് കിലോമീറ്ററുകൾ സഞ്ചരിച്ചാലും,  അതേ കടൽതീരത്തുതന്നെ ഇവര്‍  ഇവര്‍ തിരിച്ചെത്തും . എന്തിനാണെന്നല്ലേ ;  മുട്ടയിടാൻ . ഇതിനെ "Natal Homing" എന്നാണ് വിളിക്കുന്നത്. 

ഇത് സാധ്യമാക്കുന്ന പ്രധാന ഘടകങ്ങൾ ഇവയാണ്

 

ഭൂമിയുടെ കാന്തിക മണ്ഡലം (Magnetic Mapping) : കടലാമകളുടെ തലയിൽ ഭൂമിയുടെ കാന്തിക മണ്ഡലം തിരിച്ചറിയാൻ സഹായിക്കുന്ന ചെറിയ കണികകളുണ്ട്. ഇത് ഒരു  ജി.പി.എസ് (GPS) പോലെ പ്രവർത്തിക്കുന്നു.

കെമിക്കൽ ഇംപ്രിന്റിംഗ് (Chemical Imprinting)

കുഞ്ഞായിരിക്കുമ്പോൾ കടലിലേക്ക് ഇറങ്ങുന്ന സമയത്ത്, ആ തീരത്തെ മണലിന്‍റെയും വെള്ളത്തിന്‍റെയും പ്രത്യേക ഗന്ധവും രാസഘടനയും അവയുടെ തലച്ചോറിൽ പതിയുന്നു. വർഷങ്ങൾക്ക് ശേഷം മുട്ടയിടാൻ പാകമാകുമ്പോൾ, ഈ "ഓർമ്മ" അവരെ കൃത്യം അതേ തീരത്തേക്ക് നയിക്കുന്നു

നക്ഷത്രങ്ങളും തരംഗങ്ങളും: സമുദ്രത്തിലെ അലകളുടെ ദിശയും  സൂര്യന്‍റെ സ്ഥാനവും ചന്ദ്രന്‍റെയും നക്ഷത്രങ്ങളുടെയും സ്ഥാനവും ദിശ മനസ്സിലാക്കാൻ ഇവയെ സഹായിക്കുന്നുണ്ടെന്നാണ് പഠനം.

ലിംഗനിർണ്ണയം മണലിലെ ചൂടിലൂടെ!

കടലാമക്കുഞ്ഞുങ്ങൾ ആണാണോ പെണ്ണാണോ എന്ന് തീരുമാനിക്കുന്നത് മുട്ടയിട്ടിരിക്കുന്ന മണലിലെ താപനിലയാണ്. മണലിന് ചൂട് കൂടുതലാണെങ്കിൽ ജനിക്കുന്ന കുഞ്ഞുങ്ങൾ പെണ്ണായിരിക്കും. മണലിന് തണുപ്പാണെങ്കിൽ കുഞ്ഞുങ്ങൾ ആണായിരിക്കും.

ഇതുകൊണ്ടാണ് ആഗോളതാപനം കടലാമകളുടെ വംശവർദ്ധനയെ  ദോഷകരമായി ബാധിക്കുമെന്ന് പറയുന്നത്.

ലോസ്റ്റ് ഇയേഴ്സ്

കടലിൽ എത്തിക്കഴിഞ്ഞാൽ പിന്നെ വർഷങ്ങളോളം ഈ ആമക്കുഞ്ഞുങ്ങളെ ആരും കാണാറില്ല. അവ ആഴങ്ങളിലേക്ക് നീന്തിപ്പോകുകയും പായലുകൾക്കിടയിൽ ഒളിച്ചുതാമസിക്കുകയും ചെയ്യും. ഏകദേശം 10-15 വർഷത്തിന് ശേഷം വലുതായ ശേഷമേ അവ പിന്നീട് മനുഷ്യരുടെ ശ്രദ്ധയിൽപ്പെടാറുള്ളൂ. ഈ കാലഘട്ടത്തെയാണ് 'ലോസ്റ്റ് ഇയേഴ്സ്' എന്ന് വിളിക്കുന്നത്

sea-turtle

തോടിനു ഉള്ളിൽ കയറാൻ പറ്റില്ല!

കരയിലും കുളങ്ങളിലും കണ്ടുവരുന്ന ആമകൾ ഒരു അപകടം വരുമ്പോൾ തോടിനുള്ളിലേക്ക് ഒളിക്കുന്നത് കണ്ടിട്ടില്ലേ. എന്നാൽ കടലാമകൾക്ക് അതിന് കഴിയില്ല. കാരണം പെട്ടന്ന് നീന്തി രക്ഷപ്പെടാൻ കഴിയുന്ന തരത്തിലാണ് അവയുടെ ശരീരം ഡിസൈൻ ചെയ്തിരിക്കുന്നത്.

ആമക്കണ്ണീർ

കടലാമകൾ മുട്ടയിടാൻ കരയിൽ വരുമ്പോൾ അവ കരയുന്നത് പോലെ തോന്നും. ഇത് ശരീരത്തിലെ അമിതമായ ഉപ്പ് പുറന്തള്ളുന്നതാണ്. ഇതിനെ "Crying Salt" എന്ന് വിളിക്കുന്നു. കള്ളക്കണ്ണീർ ആണെന്ന് ചുരുക്കം.

കടലാമകൾ നശിച്ചാൽ?

ഗ്രീൻ ടർട്ടിലുകളുടെ പ്രധാന ആഹാരം ആണ് കടൽ പുല്ലുകൾ. ആമകൾ നശിച്ചാൽ പുല്ലുകൾ അമിതമായി വളരുകയും പിന്നീട് വെളിച്ചം കിട്ടാതെ നശിക്കുകയും ഒപ്പം മറ്റുപല ജീവജാലങ്ങളുടെ നാശത്തിനും കാരണമാവുകയും ചെയ്യും. ആമകളുടെ പ്രധാന ആഹാരമാണ് ജെല്ലിഫിഷുകൾ. ആമകൾ നശിച്ചാൽ ജെല്ലി ഫിഷുകൾ പെരുകും. അത് മത്സ്യ സമ്പത്തിനെയും മത്സ്യബന്ധനത്തേയും ബാധിക്കും. 

turtle

ചില ആമകൾ പവിഴപ്പുറ്റുകൾക്കിടയിലെ കടൽ സ്പോഞ്ചുകളെ (Sponges) തിന്നുന്നു. ആമകൾ ഇല്ലെങ്കിൽ സ്പോഞ്ചുകൾ പവിഴപ്പുറ്റുകളെ മൂടുകയും അവ ചത്തുപോവുകയും ചെയ്യും. ലക്ഷക്കണക്കിന് കടൽജീവികളുടെ ആവാസവ്യവസ്ഥയാണ് ഇതിലൂടെ തകരുക. ആമകൾ ഇല്ലാതായാൽ തീരങ്ങളുടെ പോഷണം നഷ്ടമാകും. തീരശോഷണവും സംഭവിക്കും. 

ആമകൾ നേരിടുന്ന വെല്ലുവിളികൾ

കടലിൽ ഒഴുകി നടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇവർ ജെല്ലി ഫിഷ് എന്ന് തെറ്റിദ്ധരിക്കുകയും തിന്നുകയും ചെയ്യാറുണ്ട്. ഒരുപാട് ആമകളാണ് ഇങ്ങനെ ചത്തൊടുങ്ങുന്നത്. തുടക്കത്തിൽ സൂചിപ്പിച്ചപോലെ ആഗോളതാപനം കാരണം ചൂട് വർദ്ധിക്കുമ്പോൾ ഉണ്ടാകുന്നതിൽ ഭൂരിഭാഗവും പെൺ ആമകൾ ആകുന്നു. ഇത് ആണാമകളുടെ എണ്ണം കുറയുന്നതിനും വംശ വർദ്ധനവിന് തടസ്സമാവുകയും ചെയ്യുന്നു.

വലിയ വലകളിലും ട്രോളറുകളിലും കുടുങ്ങി ഒട്ടേറെ ആമകളാണ് ചത്തൊടുങ്ങാറുള്ളത്. ആമകൾക്ക് മുട്ടയിടാൻ വൃത്തിയും ശാന്തവുമായ തീരങ്ങൾ വേണം. എന്നാൽ തീരെ പ്രദേശങ്ങളിലെ നിർമ്മാണ പ്രവർത്തനങ്ങളും വലിയ ലൈറ്റുകളും ആമകളെ തീരങ്ങളിൽ നിന്ന് അകറ്റുന്നു. ഇറച്ചിക്കും മുട്ടയ്ക്കും തോടിനും വേണ്ടി വേട്ടയാടുന്നത് ആമകളെ ദോഷകരമായി ബാധിക്കുന്നു. 

കടലാമകൾ എത്ര തരം 

ഒലീവ് റിഡ്‌ലി : ഇന്ത്യയിലും കേരള തീരത്തും ഏറ്റവും സാധാരണമായി കാണുന്നത് ഇവയെയാണ്. കൂട്ടമായി മുട്ടയിടൽ (Arribada) ഇവരുടെ പ്രത്യേകതയാണ്

കെംപ്‌സ് റിഡ്‌ലി: ലോകത്തിലെ ഏറ്റവും അപൂർവമായ കടലാമ. പ്രധാനമായി മെക്സിക്കോ ഉൾക്കടലിൽ കാണുന്നു.ഇന്ത്യയിൽ അത്യപൂർവം

ഗ്രീൻ ടർട്ടിൽ: വലിയ ശരീരം. സസ്യാഹാരിയാണ്. അപൂർവമായി കേരള തീരത്ത് എത്താറുണ്ട്.

ഹോക്ക്സ്ബിൽ കടലാമ: കടലാമക്കൂട്ടത്തിലെ സുന്ദരി. പക്ഷിയുടെ പോലുള്ള ചുണ്ടുകളാണ് പ്രത്യേകത. അത്യന്തം വംശനാശ ഭീഷണി നേരിടുന്നു

ലോഗർഹെഡ്: വലുതും കട്ടിയുള്ളതുമായ തല. ശക്തമായ താടിയെല്ലുകൾ. ഇന്ത്യയിൽ അപൂർവം. 

ലെതർബാക്ക്: ലോകത്തിലെ ഏറ്റവും വലിയ കടലാമ കട്ടിയുള്ള ഷെൽ ഇല്ല. ലെതർ പോലുള്ള പുറംചട്ടയാണ് പ്രത്യേകത.

ഫ്ലാറ്റ്ബാക്ക് കടലാമ: ഓസ്‌ട്രേലിയയ്ക്ക് ചുറ്റുംമാത്രം കാണപ്പെടുന്നു. ഇന്ത്യയിൽ കാണാറില്ല.

ENGLISH SUMMARY:

Amazing sea turtle facts reveal their incredible navigation abilities and ancient lineage, dating back to the time of dinosaurs. These fascinating creatures possess remarkable instincts and adaptations that allow them to survive and reproduce in challenging marine environments.