കഴിഞ്ഞ പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് കടുത്ത നീതിനിഷേധം നേരിട്ടെന്ന് സർവീസിൽ നിന്ന് വിരമിച്ച സ്പെഷ്യൽ സെക്രട്ടറി ഷൈനി ജോർജ് മനോരമ ന്യൂസിനോട് വെളിപ്പെടുത്തി. സ്പെഷ്യല്‍ സെക്രട്ടറി ആയിരുന്ന സമയത്ത് പൊതുഭരണ വകുപ്പിലെ സ്ഥാനവും വഹിച്ചിരുന്നു. ആ സമയത്ത് മുഖ്യമന്ത്രിയുടെ ഓഫിസിലെ ഒരു ഉന്നനെതിരെ ഒരു കൂട്ടം ജീവനക്കാര്‍ പോഷ് ആക്റ്റ് പ്രകാരം പരാതി നല്‍കിയിരുന്നു. ആ സംഭവം അന്വേഷിക്കുകയും റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്യുന്നതിനിടയിലാണ് ഷൈനിയെ ബാലാവകാശ കമ്മീഷനിലേക്ക് സ്ഥലം മാറ്റിയത്. തിരികെ പലവട്ടം സെക്രട്ടേറിയറ്റിലേക്ക് മാറാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നാലെ സെക്രട്ടേറിയറ്റില്‍ എത്താനായെങ്കിലും തനിക്ക് പദവികളൊന്നും ലഭിച്ചില്ലെന്ന് ഷൈനി വ്യക്തമാക്കുന്നു.
പിന്നീട് തന്‍റെ സാഹചര്യം പറഞ്ഞ് പാര്‍ട്ടി സെക്രട്ടറി എം.വി.ഗോവിന്ദനെയും മുതിര്‍ന്ന നേതാക്കളായ എം.വി.ജയരാജനെയും സി.എസ്. സുജാതയെയും കണ്ടു. എം.എ.ബേബിയെ ഫോണ്‍വിളിച്ചും ബന്ധപ്പെട്ടു. ഗത്യന്തരമില്ലാതെ പിണറായി വിജയന്‍റെ ഭാര്യയെയും വിളിച്ചു. എന്നാല്‍ കുടുംബകാര്യങ്ങള്‍ ചര്‍ച്ചചെയ്യാനാവില്ലെന്ന് പറഞ്ഞ് അവഗണിക്കുകയാണ് ചെയ്തത്. 10 വര്‍ഷം കാത്തിരുന്നിട്ടും തനിക്ക് മുഖ്യമന്ത്രിയെ ഒരുവട്ടം പോലും കാണാന്‍ സാധിച്ചില്ല എന്ന് ഷൈനി പറഞ്ഞു. നിലവിലെ ചീഫ് സെക്രട്ടറി ഡോ. ജയതിലക് മോശം കോൺഫിഡൻഷ്യൽ റിപ്പോർട്ട് നൽകിയെന്നും അവർ ആരോപിച്ചു.
എന്നാൽ വി.ഡി.സതീശൻ മുഖ്യമന്ത്രിയായപ്പോൾ തനിക്ക് നീതി ലഭിച്ചെന്നും വിരമിക്കുന്നതിന് മുൻപ് പുതിയ നിയമനം നൽകിയെന്നും ഷൈനി ജോർജ് വ്യക്തമാക്കി. വി.ഡി.സതീശന്‍ മനുഷ്യസ്നേഹിയാണെന്ന് പലതവണ തോന്നിയിട്ടുണ്ടായിരുന്നെന്നും സമൂഹമാധ്യമങ്ങളില്‍ ഇത് വ്യക്തമായതിനാലാണ് മുഖ്യമന്ത്രിയെ സമീപിച്ചതെന്നും ഷൈനി വ്യകതമാക്കി. വിഷയം വ്യക്തമായി കേട്ട മുഖ്യമന്ത്രി പ്രശ്നം ഉടന്‍ പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കിയതായും താന്‍ യുഡിഎഫുകാരിയല്ല എല്‍ഡിഎഫുകാരിയാണെന്നും ഷൈനി കൂട്ടിച്ചേര്‍ത്തു.