സെക്രട്ടേറിയറ്റില്‍ ഇപ്പോള്‍ ആള്‍ത്തിരക്കാണ്.  ഭരണം മാറിയതും സെക്രട്ടേറിയറ്റും മാറി. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണാന്‍ കോണ്‍ഗ്രസ് , യുഡിഎഫ് പ്രവര്‍ത്തകര്‍ കൂട്ടമായി എത്തുന്നതാണ് കാരണം. അഭിനന്ദനം , പൂച്ചെണ്ട് കൂടെയൊരു സെല്‍ഫിയോ റീലോ എന്നതാണ് ഇപ്പോഴത്തെ രീതി. ഇതിനും പുറമേ നിവേദനങ്ങള്‍ , പരാതികള്‍ എന്നിവയുമായെത്തുന്നവരുടെ എണ്ണവും ഏറെയാണ്. പുതിയഭരണം എങ്ങനെയുണ്ടെന്ന് കാണാനെത്തുന്ന ജനങ്ങളും കുറവല്ല. സെക്രട്ടേറിയറ്റിലേക്ക് പത്തു വര്‍ഷം കയറനാകാതെ നിന്ന ഉദ്യോഗസ്ഥരുടെ വന്‍നിരതന്നെ പടികടന്നെത്തി. ഇതോടെ പൂരപ്പറമ്പുപോലെയാണ് ഭരണനിര്‍വഹണത്തിന്‍റെ ആസ്ഥാനം.

നോര്‍ത്ത് ബ്ളോക്കില്‍ ജനക്കൂട്ടം

സെക്രട്ടേറിയറ്റിലെ സുരക്ഷാ ജീവനക്കാരും ട്രാഫിക്ക് വാര്‍ഡന്‍മാരും തുടങ്ങി പൊലീസ് ഉദ്യോഗസ്ഥര്‍വരെ മന്ത്രിസഭായോഗം ചേരുന്ന ദിവസത്തെ തിക്കും തിരക്കും കണ്ട് അന്തം വിട്ടു നിന്നു. മുഖ്യമന്ത്രിയുടെ ഒാഫിസിന് മുന്നിലും കഴിഞ്ഞദിവസം തിരക്ക് നിയന്ത്രണാതീതമായി. 'ആളുകളെ തടയരുത്, അനാവശ്യ സുരക്ഷയൊന്നും വേണ്ട' എന്ന നിര്‍ദേശമാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. ഇതോടെ എന്തുചെയ്യണമെന്നറിയാത കുഴങ്ങുകയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍. നോര്‍ത്ത് ബ്ളോക്കിലെ സുരക്ഷാ വേലികളും ഒാട്ടോമാറ്റിക്ക് സുരക്ഷാ കവചങ്ങളും എല്ലാം തുറന്നിട്ടിരിക്കുകയാണ്. മുഖ്യമന്ത്രി, വ്യവസായമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവരുടെ ഒാഫിസ് പ്രവര്‍ത്തിക്കുന്ന നോര്‍ത്ത് ബ്ലോക്കിന് മുന്നില്‍ പൊലീസുകാര്‍പോലും കുറവാണ്. സെക്രട്ടേറിയറ്റ് സുരക്ഷാ ഉദ്യോഗസ്ഥരകാട്ടെ വെറും രണ്ടുപേരും. 

വണ്ടിയിടാനും ഇടമില്ല; പാര്‍ക്കിനും നെട്ടോട്ടം

സെക്രട്ടേറിയറ്റ് പരിസരത്ത് വാഹന പാര്‍ക്കിങിന് അല്ലെങ്കിലേ സ്ഥലം കുറവാണ് . ജീവനക്കാരുടെയും മന്ത്രിമാരുടെയും വാഹനങ്ങള്‍ പോലും പലപ്പോഴും റോഡില്‍ പാര്‍ക്ക് ചെയ്യേണ്ട സ്ഥിതിയാണ് ഉണ്ടായിരുന്നത്. ഇപ്പോഴാകട്ടെ സെക്രട്ടേറിയറ്റിന് ചുറ്റുമുള്ള റോഡുകള്‍ മുഴുവന്‍ വാഹനങ്ങളാല്‍ നിറഞ്ഞു. എല്ലാ ഊടുവഴിയിലും സന്ദര്‍ശകരുടെ വാഹനങ്ങള്‍ ഇടംപിടിച്ചു. ഇത് വേണ്ടവിധം നിയന്ത്രിക്കാന്‍ ആവശ്യമായ ട്രാഫിക്ക് പൊലീസുമില്ല. 

പുതിയ നിര്‍ദേശങ്ങള്‍: പുതിയസര്‍ക്കാര്‍ വന്നതിന്‍റെ ആവേശം ഒന്നു അടങ്ങുമ്പോള്‍ തീരുമോ ഈ ആള്‍ക്കൂട്ടവും തിരക്കും? സുരക്ഷയും ഒാഫീസ് അച്ചടക്കവും തിരികെ കൊണ്ടുവരമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥര്‍. ചീഫ് സെക്രട്ടറിയും പൊതുഭരണ സെക്രട്ടറിയുമാകും ഇതിന് മുന്‍കൈയ്യെടുക്കുക. ഒപ്പം ഡിജിപിയുടെ അഭിപ്രായത്തിനും പ്രാധാന്യമുണ്ട്. മുഖ്യമന്ത്രിയും മന്ത്രിസഭയുമാണ് ഇതില്‍ അവസാന തീരുമാനമെടുക്കേണ്ടത്. ഒരാഴ്ചയില്‍ ഏതാനും ദിവസം മുഖ്യമന്ത്രി നിയന്ത്രിതമായി ജനസമ്പര്‍ക്കം പോലെ ആളുകളെ കാണുക, എല്ലാദിവസവും മൂന്നു മണിമുതല്‍ അഞ്ചുമണിവരെ ജനങ്ങള്‍ക്ക് സെക്രട്ടേറിയറ്റിലേക്ക് സന്ദര്‍ശന അനുമതി നല്‍കുക, മന്ത്രിമാരെ  ജില്ലാ ആസ്ഥാനത്ത് കണ്ട് നിവേദനം നല്‍കാന്‍ അവസരവും വേദിയും ഒരുക്കുക.. തുടങ്ങിയുള്ള ഒരുകൂട്ടം നിര്‍ദേശങ്ങളാവും ഉദ്യോഗസ്ഥര്‍ മുന്നോട്ട് വയ്ക്കുക. ഏതായാലും ജനകീയ സര്‍ക്കാരെന്ന ഇമേജിന് കോട്ടം വരാത്ത നിര്‍ദേശങ്ങളെ പുതിയ മന്ത്രിസഭ അംഗീകരിക്കാനിടയുള്ളൂ. 

ENGLISH SUMMARY:

The Kerala Government Secretariat in Thiruvananthapuram is witnessing an unprecedented surge of visitors following the recent political transition and change of governance in the state. Thousands of UDF and Congress party workers, alongside the general public, are flooding the administrative hub daily to present petitions, take selfies, and even record social media Reels with the Chief Minister and newly appointed cabinet ministers. Adhering to strict government directives against blocking the public, security personnel have completely opened the automated safety barriers at the crucial North Block, leaving only a skeleton force to manage the overwhelming crowd. This sudden influx has caused severe logistical chaos outside the premises, with visitors' vehicles clogging every adjacent pocket road and blocking parking slots reserved for secretariat staff and official dignitaries. To restore administrative discipline without denting the government's populist image, top bureaucrats including the Chief Secretary and DGP are drafting a proposal to restrict general visiting hours daily from 3:00 PM to 5:00 PM.