rini-ann-george

സത്യപ്രതിജ്ഞ ചടങ്ങിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂക്കി വിളച്ചതില്‍ പ്രതികരിച്ച് നടി റിനി ആന്‍ ജോര്‍ജ്. 'ചില കുലംകുത്തികൾ ഓരിയിട്ടു...' എന്നാണ് റിനി സംഭവത്തെ വിശേഷിപ്പിച്ചത്. ഇന്നലെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്കിടെയാണ് റിനിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂവിയത്. 

സത്യപ്രതിജ്ഞ ചടങ്ങില്‍ ദേശിയ നേതാക്കളെ അടുത്ത് കാണാനും സംസാരിക്കാനുമുള്ള അവസരം ലഭിച്ചു. ഇതെല്ലാം കണ്ടു കണ്ണുകടി ഉണ്ടായ ചില കുലംകുത്തികൾ ഓരിയിട്ടു. അതിനെ അർഹിക്കുന്ന അവജ്ഞയോടെ അപ്പോൾ തന്നെ അവഗണിക്കുകയും ചെയ്തു എന്നാണ് റിനിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. കൂവിയത് കോൺഗ്രസുകാരാണെന്ന് കരുതുന്നില്ലെന്നും കോണ്‍ഗ്രസുകാര്‍ സ്നേഹത്തോടെയാണ് പെരുമാറിയതെന്നും റിനിയുടെ പോസ്റ്റിലുണ്ട്.

അത്രയും സ്നേഹവായ്‌പോടെയാണ് എന്നോട് പെരുമാറിയത്. തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡിക്ക്  ഒപ്പമുള്ള ചിത്രം പങ്കുവച്ചാണ് റിനിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. സത്യപ്രതിജ്ഞയ്ക്ക് വന്ന എന്നെ കോണ്‍ഗ്രസുകാര്‍ ആട്ടിയോടിച്ചെന്ന് പറയുന്നവര്‍ക്ക് ചിത്രം സമര്‍പ്പിക്കുന്നുവെന്നും റിനി എഴുതി. 

മുഖ്യമന്ത്രി വി.ഡി. സതീശനുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് റിനി. നേരത്തെ ഒരു അഭിമുഖത്തിനിടെ റിനി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് രാഹുലിനെതിരായ ഓഡിയോ സന്ദേശങ്ങള്‍ പുറത്തുവന്നതും, പീഡനത്തിനരയായ പെണ്‍കുട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതും.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം,

എന്‍റെ ജീവിതത്തിലെ മനോഹരമായ ഒരു സുദിനം.. ഞാൻ എംഎല്‍എ എന്ന് സ്നേഹപൂർവ്വം വിളിച്ചിരുന്ന വ്യക്തി കേരളത്തിന്‍റെ സിഎം ആയ ദിവസം. എന്‍റെ സ്വപ്ന സാക്ഷാത്കാരം കൂടി  ആയിരുന്നു അദ്ദേഹത്തിന്‍റെ മുഖ്യമന്ത്രി പദം. വേദിയിൽ നിന്ന് തന്നെ ആ ചരിത്ര മുഹൂർത്തം കണ്ണ് കുളിർക്കെ കാണാനുള്ള ഭാഗ്യം എനിക്കുണ്ടായി. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു നിമിഷം. ഒരുപാട്‌ ദേശിയ നേതാക്കളെ അടുത്ത് കാണാനും സംസാരിക്കാനുമുള്ള അവസരം ലഭിച്ചു. ഇതെല്ലാം കണ്ടു കണ്ണുകടി ഉണ്ടായ ചില കുലംകുത്തികൾ ഓരിയിട്ടു... അതിനെ ഞാൻ അർഹിക്കുന്ന അവജ്ഞയോടെ അപ്പോൾ തന്നെ  അവഗണിക്കുകയും ചെയ്തു. അവർ കോൺഗ്രസുക്കാർ ആണെന്ന് ഞാൻ കരുതുന്നില്ല. കാരണം കോൺഗ്രസുകാർ അത്രയും സ്നേഹവായ്‌പോടെയാണ് എന്നോട് പെരുമാറിയത്. സത്യപ്രതിജ്ഞക്ക് വന്ന എന്നെ കോൺഗ്രസുക്കാർ ആട്ടി ഓടിച്ചു എന്ന് പറയുന്നവർക്കായി ചടങ്ങിൽ സന്നിഹിതൻ ആയിരുന്ന തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡിക്ക്  ഒപ്പമുള്ള എന്‍റെ ചിത്രം പങ്കു വെക്കുന്നു.

ENGLISH SUMMARY:

Actress Rini Ann George strongly reacted to the incident where she was heckled by a section of people during the UDF government's swearing-in ceremony at the Central Stadium. Sharing a photograph with Telangana Chief Minister Revanth Reddy, Rini described the protesters as "traitors who howled out of jealousy" upon seeing her interact closely with national leaders. She clarified that she does not believe genuine Congress workers were behind the hooting, emphasizing that the party members treated her with immense love and respect throughout the historic event. Rini, who shares a close bond with Chief Minister V.D. Satheesan, dedicated the post to critics who claimed she was chased away from the venue by party workers.