vasuki-ias-kerala-oath-ceremony

ഇന്നത്തെ വി.ഡി.സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയില്‍ കാഴ്ചക്കാര്‍ ഏറെ ശ്രദ്ധിച്ച മറ്റൊരു സാന്നിധ്യം കൂടിയിട്ടുണ്ട്. മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ അവർക്ക് അതിനായുള്ള സത്യവാചകം അടങ്ങിയ ഫയൽ കൈമാറുന്ന വാസുകി ഐഎഎസ്. സത്യപ്രതിജ്ഞാ ചടങ്ങിന് പിന്നാലെ സോഷ്യല്‍ മീഡിയയിലാകെ ശ്രദ്ധേയമാകുകയാണ് വാസുകിയുടെ ദൃശ്യങ്ങളും. ‘സത്യപ്രതിജ്ഞാ ചടങ്ങില്‍ ഏറ്റവും ആളുകള്‍ ശ്രദ്ധിച്ച മുഖം, ക്യാമറ കണ്ണുകളും സോഷ്യൽ മീഡിയയും ഒരുപോലെ ശ്രദ്ധിച്ച മുഖം’ എന്നിങ്ങനെ നീളുന്നു ദൃശ്യങ്ങള്‍ക്കൊപ്പമുള്ള വാചകങ്ങള്‍. വാസുകിയെ അറിയാത്ത ചിലരെങ്കിലും ആരാണെന്നറിയാന്‍ ഗൂഗിളില്‍ പരതിയിട്ടുണ്ടെന്നും പോസ്റ്റുകളില്‍ വ്യക്തമാണ്.

എന്നാല്‍ സത്യവാചകം അടങ്ങിയ ഫയൽ കൈമാറുന്ന വ്യക്തമാത്രമല്ല വാസുകി ഐഎഎസ്. വിദ്യാഭ്യാസ വകുപ്പിൽ നിന്നും പടിയിറങ്ങി കഴിഞ്ഞ ദിവസമാണ് വാസുകി ഗവർണറുടെ സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നത്. നേരത്തേ വിദ്യാഭ്യാസ വകുപ്പിൽ പൊതു വിദ്യാഭ്യാസ സെക്രട്ടറിയായിരുന്നു കെ.വാസുകി. വി.ഡി.സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയില്‍ മാത്രമല്ല, 2016ല്‍ പിണറായി വിജയൻ മന്ത്രിസഭയുടെ സത്യ പ്രതിജ്ഞാ ചടങ്ങില്‍ ചടങ്ങ് പ്ലാസ്റ്റിക് മുക്തമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതും ഡോ. കെ. വാസുകിയായിരുന്നു. 

2008 ലാണ് ചെന്നൈ സ്വദേശിയായ വാസുകി സിവിൽ സർവീസിലെത്തുന്നത്. മധ്യപ്രദേശ് കേഡറിലായിരുന്നു നിയമനം. ഭര്‍ത്താവ് ഡോ. എസ്.കാർത്തികേയൻ കൂടി സിവിൽ സർവീസിൽ എത്തിയശേഷം 2013ൽ ഇരുവരും കേരള കേഡറിലേക്കു മാറുകയായിരുന്നു. ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ എന്ന നിലയിൽ ആദ്യം സേവനം. തുടര്‍ന്ന് 2017ല്‍ തിരുവനന്തപുരത്തിന്‍റെ കലക്ടറായി. 2018 ല്‍ കേരളത്തെ പ്രളയംം വിഴുങ്ങിയപ്പോള്‍ ദുരന്തത്തിൽ നിന്നു കരയേറാൻ കേരളത്തിനു കരുത്തേകിയ കരങ്ങളില്‍ വാസുകിയുമുണ്ടായിരുന്നു, എല്ലാ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിച്ച്.

ഡോക്ടര്‍ ജോലി ഉപേക്ഷിച്ചാണ് വാസുകി സിവില്‍ സര്‍വീസിലേക്കെത്തിയത്. സമൂഹത്തിനുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഡോക്ടറായാൽ ജനങ്ങളെ സംരക്ഷിക്കാൻ കഴിയുമെന്ന് തോന്നിയത് കൊണ്ടാണ് എം.ബി.ബി.എസിന് ചേർന്നതെന്ന് ഒരിക്കല്‍ വാസുകി പറഞ്ഞിരുന്നു. പിന്നീട് മനസ്സിലായി ഡോക്ടറേക്കാളും ഒരു ഐ.എ.എസ് ഓഫീസർക്ക് ജനങ്ങൾക്ക് വേണ്ടി കൂടുതൽ കാര്യങ്ങൾ കഴിയുമെന്ന് മനസ്സിലായി. അങ്ങനെ സിവിൽ സർവ്വീസിലേക്ക്...

അതേസമയം, സെൻട്രൽ സ്റ്റേഡിയത്തിൽ ആയിരങ്ങളെ സാക്ഷിനിർത്തി വി.ഡി സതീശൻ കേരളത്തിന്റെ 24 ാമത്തെ മുഖ്യമന്ത്രിയായി, ആ കസേരയിൽ എത്തിയ 13ാം വ്യക്തിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മന്ത്രിസഭയിലെ രണ്ടാമനായ പി കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെ 20 മന്ത്രിമാർക്കും ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സത്യവാതകം ചൊല്ലിക്കൊടുത്തു. യുഡിഎഫിന്റെ ചരിത്രത്തിൽ ആദ്യമായി മുഴുവൻ മന്ത്രിസഭയും ഒരുമിച്ച് അധികാരം ഏൽക്കുന്ന കാഴ്ചയ്ക്കും കേരളം സാക്ഷിയായി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി, പ്രിയങ്ക ഗാന്ധി, മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ നീണ്ടനിരയെ വേദിയിലിരുത്തിയാണ് മന്ത്രിസഭ അധികാരമേറ്റത്.

ENGLISH SUMMARY:

Dr. K. Vasuki IAS, the newly appointed Secretary to the Governor of Kerala, captured significant social media attention during the swearing-in ceremony of Chief Minister VD Satheesan's cabinet. Walking the stage gracefully to hand over the official oath files to the ministers, her striking presence prompted thousands of viewers to search for her identity online. The 2008-batch IAS officer from Chennai previously served as the Public Education Secretary and had notably spearheaded the historic plastic-free 'Green Protocol' during Pinarayi Vijayan's 2016 oath ceremony. Vasuki, along with her IAS husband Dr. S. Karthikeyan, transferred to the Kerala cadre in 2013 and later earned widespread public admiration for her exceptional crisis management as the Trivandrum District Collector during the devastating 2018 floods. Her seamless coordination added flavor to the historic event where Satheesan took charge as Kerala's 24th Chief Minister alongside a consolidated 20-member cabinet in front of national leaders like Rahul Gandhi and Mallikarjun Kharge.