Image Credit:instagram/ahaana_krishna
ആഴ്ചകള്‍ക്ക് മുന്‍പ് സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളിലും കുടുംബവഴക്കിലും പ്രതികരിച്ച് നടി അഹാന കൃഷ്ണ. കുടുംബത്തിലെ തീര്‍ത്തും സ്വകാര്യമായ വിഷയങ്ങള്‍ പൊതുവിടത്തിലേക്ക് വലിച്ചിഴയ്ക്കപ്പട്ടതില്‍ കടുത്ത ദുഃഖമുണ്ടെന്നും താരം സമൂഹമാധ്യമത്തില്‍ പങ്കുവച്ച് നീണ്ട കുറിപ്പില്‍ വ്യക്തമാക്കി. വൈകാരികമായി പ്രതികരിച്ചു പോയിട്ടുണ്ടെന്നും തന്‍റെ അമ്മയെ അപമാനിക്കുന്നത് സഹിക്കാന്‍ കഴിയാതെയാണ് പൊട്ടിത്തെറിച്ചതെന്നും അഹാന കുറിച്ചു.
താന്‍ ആ സമയത്ത് മിണ്ടാതെയിരുന്നെങ്കില്‍ തെറ്റിദ്ധാരണയും അപമാനവും കുടുംബത്തിന് മേല്‍ വന്നേനെയെന്നും അത് ശരിയായ കാര്യമായി തോന്നയില്ലെന്നും താരം പറയുന്നു. സത്യം പറയുന്നത് കൊണ്ട് നേരിടേണ്ടി വരുന്ന പ്രത്യാഘാതം സ്വീകരിക്കാന്‍ തയാറായിരുന്നുവെന്നും ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ അഹാനയെഴുതി. അമ്മൂമ്മ തന്നെ ലൈംഗികമായി അധിക്ഷേപിച്ചുവെന്നും അമ്മൂമ്മയെ നേരിട്ട് അറിയാവുന്ന ആര്‍ക്കും അക്കാര്യത്തില്‍ അതിശയം തോന്നില്ലെന്നും അവര്‍ പറയുന്നു. 2025 ഒക്ടോബര്‍ മുതല്‍ അമ്മൂമ്മയും തന്‍റെ കുടുംബവുമായുള്ള ബന്ധം വഷളായിത്തുടങ്ങിയിരുന്നുവെന്നും അതിന് പൂര്‍ണമായും അമ്മൂമ്മ മാത്രമായിരുന്നു ഉത്തരവാദിയെന്നും കുറിപ്പില്‍ പറയുന്നു.
അഹാനയുടെ കുറിപ്പിലെ ചിലഭാഗങ്ങള്‍ ഇങ്ങനെ: 'എന്‍റെ അമ്മൂമ്മയോട് ഞാന്‍ പ്രത്യേക രീതിയില്‍ സംസാരിക്കുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടെങ്കില്‍ ഒരു മുത്തശ്ശി സംസാരിക്കരുതാത്ത രീതിയില്‍ അവരെന്നോട് സംസാരിച്ചതിന്‍റെ ഫലമാണ്. തിരിച്ചെടുക്കാന്‍ പറ്റാത്ത വാക്കുകള്‍ അവരെന്നോട് സംസാരിച്ചു. അതങ്ങേയറ്റം അശ്ലീലവും ലൈംഗികമായി അധിക്ഷേപിക്കുന്നതും മനുഷ്യത്വരഹിതവും എന്‍റെ അമ്മൂമ്മയെന്ന് ഞാന്‍ കരുതുന്ന ആളില്‍ നിന്നുണ്ടാകാന്‍ പാടില്ലാത്തതുമായിരുന്നു. അമ്മൂമ്മയോട് ഞാന്‍ പറഞ്ഞ വാക്കുകള്‍ ആവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, അന്നത്തെ സംഭവത്തിന്‍റെ മുറിവുകള്‍ ദീര്‍ഘകാലം എന്നിലുണ്ടാകും. ബഹുമാനം കൊടുത്താല്‍ മാത്രമേ തിരികെ കിട്ടൂ എന്നാണ് എന്‍റെ വിശ്വാസം. പ്രായമോ, ബന്ധമോ സ്ഥാനമോ ഒരാളെ മുറിവേല്‍പ്പിക്കാനോ അപമാനിക്കാനോ ഉള്ള ലൈസന്‍സല്ല. ബഹുമാനം നല്‍കിയില്ലെങ്കില്‍ തിരിച്ച് കിട്ടുകയുമില്ല. ബഹുമാനമില്ലായ്മ സഹിക്കാന്‍ ഞാന്‍ പഠിച്ചിട്ടില്ല.
ഈ തര്‍ക്കമാകെ സ്വത്തിന് വേണ്ടിയുള്ളതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം ഉണ്ടായിരുന്നു. പക്ഷേ അതങ്ങനെയല്ല. ഞാനും എന്‍റെ സഹോദരിമാരും കഠിനാധ്വാനത്തിലൂടെ സ്വപ്രയത്നത്തിലൂടെ വളര്‍ന്നുവന്നവരാണ്. മാതാപിതാക്കളെയോ അവരുടെ മാതാപിതാക്കളെയോ ഒരുകാലത്തും സാമ്പത്തിക സ്രോതസായി കണ്ടിട്ടില്ല. ഭൗതികമായ നേട്ടങ്ങളുടെ പുറത്തല്ല ഞങ്ങളാരും ഒരു ബന്ധത്തെയും കണ്ടിട്ടുള്ളത്.
അമ്മൂമ്മ അവരുടെ ഫോണില്‍ കുറച്ച് മെസേജ് കാണിക്കുന്നത് നിങ്ങള്‍ കണ്ടില്ലേ? ഒരു കാര്യം ഞാന്‍ ചോദിക്കട്ടെ? എന്തുകൊണ്ടാണ് ഒരാള്‍ അവര്‍ പറഞ്ഞതൊന്നും പറയാതെ പ്രതികരണം മാത്രം കേള്‍പ്പിക്കുന്നത്? ആ മറുപടി കിട്ടണമെങ്കില്‍ എന്താകും പറഞ്ഞിട്ടുണ്ടാകുക? പ്രൈവറ്റ് വാട്സാപ്പ് ഗ്രൂപ്പില്‍ ഞാനയച്ച മെസജ് എന്‍റെ കസിന്‍ വായിക്കുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടാകും. പറഞ്ഞതൊന്നും ഞാന്‍ നിഷേധിക്കുന്നില്ല. നല്ല ദേഷ്യത്തിലായിരുന്നു. സാധാരണഗതിയില്‍ ഉപയോഗിക്കാത്ത വാക്കുകള്‍ ഞാന്‍ ഉപയോഗിച്ചു. ഞാന്‍ പറഞ്ഞത് മാത്രമാണ് നിങ്ങള്‍ കേട്ടത്. അല്ലാതെ ആ സംഭാഷണങ്ങളുടെ പൂര്‍ണരൂപമല്ല. അമ്മൂമ്മയില്‍ നിന്ന് നേരിട്ട കുറേക്കാര്യങ്ങള്‍ എന്‍റെ കസിന്‍ അതില്‍ പറയുന്നുണ്ട്. അവര്‍ പറഞ്ഞതിന് മറുപടി നല്‍കുക മാത്രമാണ് ഞങ്ങള്‍ ചെയ്തത്. ഇതാണ് വാസ്തവമെന്നിരിക്കെ അവര്‍ പറഞ്ഞതെല്ലാം ഒഴിവാക്കി, റിപ്ലെ മാത്രം പുറത്തുവിട്ടത് നടുക്കമുണ്ടാക്കി.
അമ്മൂമ്മയെ ഞാന്‍ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു എനിക്കെതിരെ ഉയര്‍ന്ന ഏറ്റവും വലിയ ആരോപണം. അത് തീര്‍ത്തും തെറ്റാണ്. എന്റെ അപ്പൂപ്പന്റെ മരണത്തിന് 2 മാസത്തിന് ശേഷം, കുടുംബപരമായ ചില കാര്യങ്ങൾ സംസാരിക്കാൻ ഞാനും അമ്മയും അനിയത്തിമാരും ഒരു സുഹൃത്തും കൂടി അമ്മൂമ്മയെ സന്ദർശിച്ച സംഭവത്തെക്കുറിച്ചാണ് അവർ പറയുന്നത്. മുൻപും സംഭവിക്കാത്ത കാര്യങ്ങൾ സംഭവിച്ചു എന്ന് അമ്മൂമ്മ അവകാശപ്പെട്ടിരുന്നതിനാൽ, ഇത്തരം സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യുന്നത് ഞങ്ങൾ ഒരു പതിവാക്കിയിരുന്നു. അന്ന് ഞങ്ങൾ അവിടെ എത്തിയത് മുതൽ തിരികെ പോകുന്നതുവരെയുള്ള മുഴുവൻ റെക്കോർഡിങും ഞങ്ങളുടെ പക്കലുണ്ട്. അന്ന് എന്താണ് സംഭവിച്ചതെന്ന് അതിൽ വ്യക്തമാണ്, എനിക്കെതിരെ ഇപ്പോൾ ഉന്നയിക്കപ്പെട്ട ആരോപണം അതിൽ എവിടെയുമില്ല. ഇത് ഒരു ഉദാഹരണം മാത്രം. ഇവർ രണ്ടുപേരും ചേർന്ന് എനിക്കെതിരെ ഉന്നയിച്ച മറ്റ് പല ആരോപണങ്ങളും അസത്യമാണ്. ചാറ്റുകളിലും റെക്കോർഡിങ്ങുകളിലും സത്യം ഭദ്രമാണ്, അത് തെളിയിക്കേണ്ട സ്ഥിതി ഉണ്ടായാല്‍ പുറത്തുവിടും.
മാസങ്ങൾക്ക് മുൻപ് വരെ ഞാൻ എന്റെ അമ്മൂമ്മയുടെ ഏറ്റവും പ്രിയപ്പെട്ട കൊച്ചുമകളായിരുന്നു. കാരണം അവരുടെ വാക്കുകളിൽ, അവർക്കൊപ്പം ഏറ്റവും കൂടുതൽ സമയം ചെലവഴിച്ചതും പരിചരിച്ചതും ഒരു കൊച്ചുമകൾ ചെയ്യേണ്ടതിലും അപ്പുറം കാര്യങ്ങൾ ചെയ്തതും ഞാനായിരുന്നു. ഇതിനർഥം എന്റെ സഹോദരിമാർ ഒന്നും ചെയ്തിട്ടില്ല എന്നല്ല, അവരും തങ്ങളുടേതായ രീതിയിൽ അമ്മൂമ്മയെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ തനിക്ക് ഏറ്റവും കൂടുതൽ കാര്യങ്ങൾ ചെയ്തു നൽകുന്നവരെ അതാത് സമയങ്ങളിൽ പുകഴ്ത്തുന്ന രീതി അമ്മൂമ്മയ്ക്കുണ്ടായിരുന്നു. തിരിഞ്ഞുനോക്കുമ്പോൾ, ആ സ്നേഹം ഞാൻ ആരാണെന്നതിനേക്കാൾ ഞാൻ അവർക്ക് ചെയ്തു നൽകിയ കാര്യങ്ങളോടായിരുന്നോ എന്ന് ഞാൻ സംശയിക്കുന്നു. ഞാൻ അവരുടെ പ്രവൃത്തികളെ ചോദ്യം ചെയ്യുകയും അവർക്ക് എന്നിൽ നിന്നുള്ള സാമ്പത്തികമോ അല്ലാത്തതോ ആയ നേട്ടങ്ങൾ നിൽക്കുകയും ചെയ്ത നിമിഷം, ഞാൻ ചെയ്തതെല്ലാം ഒറ്റരാത്രികൊണ്ട് മായ്ച്ചുകളയപ്പെട്ടു.എന്റെ അമ്മൂമ്മ ഞാൻ ചെയ്ത നല്ല കാര്യങ്ങൾ മറന്നിട്ടുണ്ടാകാം, മനുഷ്യർ അവർക്ക് ഓർക്കാൻ ഇഷ്ടമുള്ള കാര്യങ്ങൾ മാത്രം ഓർക്കുന്നു എന്ന കാര്യം ഞാൻ മനസ്സിലാക്കുന്നു. അതു സാരമില്ല. ഞങ്ങൾ ഒന്നിച്ചു പങ്കുവച്ച നല്ല നിമിഷങ്ങൾ അവർ മറക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഞാൻ അത് മറന്നിട്ടില്ല. ഞാൻ അവർക്കായി ചെയ്തതൊക്കെ എന്തിനാണെന്ന് എനിക്കറിയാം, ആ നല്ല ഓർമ്മകൾ ഞാൻ എന്നും മനസ്സിൽ സൂക്ഷിക്കും.
ഇനി ഞങ്ങൾക്ക് അമ്മൂമ്മയെ സംരക്ഷിക്കാൻ കഴിയില്ല. അതിൽ നിന്ന് ഇറങ്ങിപ്പോരുക എന്നത് അധിക്ഷേപങ്ങളിൽ നിന്ന് ഞങ്ങളെത്തന്നെ സംരക്ഷിക്കാനുള്ള ഒരേയൊരു വഴിയായിരുന്നു. എന്നാൽ അവർക്ക് 74 വയസ്സായി, ഈ വിവാദങ്ങളെല്ലാം ലോകം മറന്ന ശേഷവും അവരെ നോക്കാൻ ആരെങ്കിലും ഒരാൾ വേണം. താൻ കാനഡയിലെ ജീവിതം ഉപേക്ഷിച്ച് തിരികെ വന്നത് അമ്മൂമ്മയെ പരിചരിക്കാനാണെന്ന് എന്റെ കസിൻ ലോകത്തോടു പറഞ്ഞു. അമ്മൂമ്മയുടെ നന്മയ്ക്കായി അത് സത്യമാകട്ടെ എന്ന് ഞാൻ പ്രാർഥിക്കുന്നു. വിഡിയോകൾ ചെയ്യാനില്ലാതാവുകയും കാണാൻ പ്രേക്ഷകരില്ലാതാവുകയും ചെയ്യുമ്പോൾ പോലും ആ പരിചരണം തുടരുമെന്ന് ഞാൻ പ്രത്യാശിക്കുന്നു. .ഓൺലൈനിൽ കണ്ട കാര്യങ്ങളുടെ അടിസ്ഥാനത്തിൽ എന്നെ വിധി എഴുതാൻ ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ, എനിക്ക് അത് മനസ്സിലാകും. എല്ലാവർക്കും അവരുടേതായ അഭിപ്രായങ്ങൾക്ക് അവകാശമുണ്ട്. കുറച്ചു സ്ക്രീൻഷോട്ടുകൾക്കും ക്ലിപ്പുകൾക്കും ഒരു കഥയുടെ മുഴുവൻ വശങ്ങളും കാണിക്കാൻ കഴിയില്ലെന്നും എനിക്കറിയാം. കഥയുടെ മുഴുവൻ വശങ്ങളും അറിയാതെ വിധി എഴുതുന്നതിന് മുൻപ് ചിലരെങ്കിലും കുറച്ചുകൂടി ക്ഷമ കാണിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോകുന്നു. എങ്കിലും സാരമില്ല. എന്നെ വ്യക്തിപരമായും അല്ലാതെയും അറിയാവുന്നവർക്ക് എന്റെ ഹൃദയവും സത്യവും അറിയാം, എനിക്ക് അത് മാത്രം മതി'- അഹാന കുറിച്ചു.