Image credit: X/howstuffworks
മനുഷ്യര്‍ മിണ്ടാതിരിക്കുന്നത് ലോകചരിത്രത്തില്‍ ആദ്യമായല്ല. പക്ഷേ പിണക്കമില്ലാതെ, ദേഷ്യവും വെറുപ്പുമില്ലാതെ ഒരാള്‍ തന്‍റെ ഭാര്യയോട് 20 വര്‍ഷം മിണ്ടാതെ നടന്നാലോ? ജപ്പാനിലെ ഹൊക്കായിഡോയില്‍ നിന്നാണ് വാര്‍ത്ത. ഒരേ വീടിനുള്ളില്‍ ജീവിച്ചിട്ടാണ് ഒക്കുവോ കറ്റയാമ തന്‍റെ ഭാര്യ യുമിയോട് മിണ്ടാതെ രണ്ട് പതിറ്റാണ്ട് കഴിഞ്ഞത്. ഭക്ഷണം കഴിക്കുന്നതും മൂന്ന് മക്കളെ വളര്‍ത്തിയതും യുമിക്കൊപ്പമായിരുന്നുവെന്നതാണ് ആളുകളെ കൂടുതല്‍ ഞെട്ടിച്ചത്. ടെലിവിഷന്‍ ഷോയിലെത്തി മകന്‍ തന്റെ വിഷമം പറഞ്ഞതോടെയാണ് വിവരം പുറംലോകമറിഞ്ഞത്.
മൂന്ന് മക്കളായതോടെ യുമിയുടെ ലോകം മക്കളിലേക്ക് ചുരുങ്ങിയെന്നും ഭാര്യ മക്കളെ നോക്കുന്നത് കണ്ട് തനിക്ക് അസൂയ വന്നുവെന്നുമാണ് കറ്റയാമ ഒടുവില്‍ തുറന്ന് പറഞ്ഞതെന്ന് ദ് സ്ട്രെയ്റ്റ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഭര്‍ത്താവൊന്ന് മിണ്ടിക്കിട്ടാന്‍ യുമി പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും സംസാരം ഒരു തലകുലുക്കലില്‍ മാത്രമായി കറ്റയാമ ഒതുക്കി. ഒടുവില്‍ സഹികെട്ട ഇളയമകന്‍ ടെലിവിഷന്‍ പരിപാടിയുടെ സംഘാടകരോട് തന്‍റെ ഈ കുടുംബപ്രശ്നം ഒന്ന് പരിഹരിച്ച് തരാമോ എന്ന് ചോദിച്ചു. പിന്നാലെ ഷോയിലേക്ക് ഇരുവരെയും സംഘാടകര്‍ ക്ഷണിച്ചു. ആദ്യമായി ഡേറ്റിങിന് പോയ പാര്‍ക്കിലേക്ക് ഇരുവരെയും എത്തിച്ചു. മൂന്ന് മക്കളും ദൂരെ മാറി നിന്നു.
ഒടുവിലത് സംഭവിച്ചു. 20 വര്‍ഷത്തെ മൗനം അവസാനിപ്പിച്ച് കറ്റയാമ പറഞ്ഞു..' നമ്മള്‍ സംസാരിച്ചിട്ട് കുറച്ചധികം കാലമായി. നീ കുട്ടികളുടെ കാര്യത്തില്‍ ഭയങ്കര മുഴുകിപ്പോയി. ഇതുവരെ നീ കുറേയധികം കഷ്ടപ്പാട് സഹിച്ചു. നിന്നോട് ഞാനെന്നും നന്ദിയുള്ളവനായിരിക്കും. സത്യത്തില്‍ എനിക്ക് കുറച്ച് അസൂയയായിരുന്നു. അതെന്നെ കീഴടക്കി. പിന്നീടെനിക്ക് മിണ്ടാനേ കഴിഞ്ഞില്ല'- കറ്റയാമ പറഞ്ഞ് തീര്‍ന്നതും കൂട്ടച്ചിരി ഉയര്‍ന്നു. ഷോ ലോകമെങ്ങും വൈറലായി.
ഇത്രകാലത്തിന് ശേഷം ഒന്നിക്കാനുള്ള താല്‍പര്യത്തെയും സ്വീകരിക്കാനുള്ള യുമിയുടെ മനസിനെയും ആളുകള്‍ വാനോളം പുകഴ്ത്തി. ബന്ധങ്ങളിലെ ഇഴയടുപ്പങ്ങളിലെ മാറ്റമാണിത് സൂചിപ്പിക്കുന്നതെന്ന് കമന്‍റ് ചെയ്തിട്ടുള്ളവര്‍ കുറവല്ല. ജപ്പാനില്‍ അടുത്ത സുഹൃത്തുക്കളെ ജീവിതപങ്കാളികളാക്കുന്നവരുടെ എണ്ണം വര്‍ധിച്ച് വരികയാണെന്നും സര്‍വേഫലങ്ങള്‍ വ്യക്തമാക്കുന്നു. ഒന്‍പത് വര്‍ഷം മുന്‍പത്തെ സര്‍ക്കാര്‍ റിപ്പോര്‍ട്ട് അനുസരിച്ച് പുരുഷന്‍മാരില്‍ 69 ശതമാനം പേരും സ്ത്രീകളില്‍ 59 ശതമാനം പേരും പങ്കാളികളില്ലാതെയാണ് ജീവിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. പുതിയ റിപ്പോര്‍ട്ടില്‍ ഈ കണക്കുകള്‍ എന്താകുമെന്ന് കാത്തിരിക്കുകയാണ് ജപ്പാന്‍.