udf-cabinet

യുഡിഎഫ് മന്ത്രിസഭ അധികാരമേറ്റിട്ടും വകുപ്പ് വിഭജനം നീളുന്നു.  ഫിഷറീസ് ഉൾപ്പടെ ഏതാനും വകുപ്പുകളിലാണ് വകുപ്പ് വിഭജനം കീറാമുട്ടിയായത്. ഫിഷറീസ് വകുപ്പ്  നല്‍കിയാലേ ഉന്നതവിദ്യാഭ്യാസം നല്‍കൂവെന്നാണ് മുസ്്ലിം ലീഗിന്റെ നിലപാട്.  എന്നാല്‍, ഫിഷറീസ് ലീഗിന് വിട്ടുനല്‍കുന്നതില്‍ കോണ്‍ഗ്രസിന് എതിര്‍പ്പുണ്ട്.  ഇതുമായി ബന്ധപ്പെട്ട കൂടുതൽ കൂടിയാലോചനകൾ ഇന്നും നടക്കും. വകുപ്പ് വിഭജനം ഇന്ന് പൂർത്തിയാക്കാൻ കഴിയുമെന്നാണ് അറിയുന്നത്.  അതിനു ശേഷം പട്ടിക ഗവർണർക്ക് കൈമാറും.

അതേസമയം, മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ അതൃപ്തി എന്ന അഭ്യൂഹങ്ങൾക്കിടെ ചാണ്ടി ഉമ്മൻ എംഎൽഎയും മാതാവ് മറിയാമ്മ ഉമ്മനും മുതിർന്ന നേതാവ് എ.കെ. ആന്‍റണിയുമായി കൂടിക്കാഴ്ച നടത്തി. സൗഹൃദ സന്ദർശനം മാത്രമാണെന്ന് എ.കെ. ആൻറണിയും ചാണ്ടി ഉമ്മനും പറഞ്ഞു. ജനം വെറുത്തിട്ട് എന്ത് സ്ഥാനം കിട്ടിയിട്ട് കാര്യം എന്ന പിതാവിന്‍റെ വാക്കുകൾ ഓർക്കുന്നു. കേരളത്തിൻറെ മകൻ എന്ന സ്ഥാനം തനിക്കുണ്ട്. ജീവിതംകൊണ്ട് മറുപടി പറയുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. മന്ത്രിസ്ഥാനത്തിന് തന്റെ പേര് ഒരിക്കലും പരിഗണിച്ചിട്ടില്ല. തന്‍റെ പേര് മാധ്യമങ്ങൾ ഉണ്ടാക്കിയതാണെന്നും ചാണ്ടി ആരോപിച്ചു.

സെൻട്രൽ സ്റ്റേഡിയത്തിൽ ആയിരങ്ങളെ സാക്ഷിയാണ് വി.ഡി സതീശൻ കേരളത്തിന്‍റെ 24 ാമത്തെ  മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. മന്ത്രിസഭയിലെ രണ്ടാമനായ പി കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെ 20 മന്ത്രിമാർക്കും ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സത്യവാതകം ചൊല്ലിക്കൊടുത്തു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി, പ്രിയങ്ക ഗാന്ധി, മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ നീണ്ടനിരയെ വേദിയിലിരുത്തിയാണ് മന്ത്രിസഭ അധികാരമേറ്റത്.

ENGLISH SUMMARY:

UDF ministry portfolio allocation in Kerala is facing delays, with the fisheries department being a key point of contention. Discussions are ongoing to finalize cabinet positions and distribution among coalition partners.