സംസ്ഥാനത്ത് ഇടിമിന്നലേറ്റുള്ള മരണങ്ങള്‍ ആശങ്കപ്പെടുത്തുന്ന രീതിയില്‍ ഉയരുകയാണ്. ഇടിമിന്നല്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പ് കാലാവസ്ഥാ വകുപ്പ് നല്‍കുന്നുണ്ടെങ്കിലും ജാഗ്രതയിലുണ്ടാകുന്ന വിട്ടുവീഴ്ചയാണ് പലപ്പോഴും ജീവനെടുക്കുന്നത്. ഇടിമിന്നലിനെ എങ്ങനെ പ്രതിരോധിക്കണം എന്നത് സംബന്ധിച്ച് അറിവില്ലാത്തതും അപകടം ക്ഷണിച്ചുവരുത്തുന്നു.
ആകാശം മേഘാവൃതമാകുമ്പോള്‍ തന്നെ മുന്‍കരുതലുകള്‍ സ്വീകരിച്ച് തുടങ്ങണം. തുറസ്സായ സ്ഥലങ്ങളിലും മരങ്ങളുടെ ചുവട്ടിലും ഇടിമിന്നൽ ഏൽക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഒരു കാരണവശാലും മിന്നലുള്ളപ്പോൾ തുറസ്സായ സ്ഥലങ്ങളിൽ നിൽക്കരുത്.
വീട്ടില്‍ എങ്ങനെ സുരക്ഷിതരാകാം?
ടിവി, ഫ്രിഡ്ജ്, കമ്പ്യൂട്ടർ തുടങ്ങിയ എല്ലാ ഗൃഹോപകരണങ്ങളുടെയും പ്ലഗുകളും സോക്കറ്റിൽ നിന്ന് ഊരിയിടുക. ജനലുകളും വാതിലുകളും പൂർണ്ണമായി അടയ്ക്കുക. ഭിത്തികളിൽ തൊട്ടുനിൽക്കുന്നതും അപകടം വിളിച്ചുവരുത്തും. മിന്നലുള്ള സമയത്ത് കുളിക്കുന്നതും കൈകള്‍ കഴുകുന്നതും പാത്രം കഴുകുന്നതും ഒഴിവാക്കണം. ലാൻഡ്‌ലൈൻ ഫോണുകള്‍ ഉപയോഗിക്കരുത്.
ഇനി പുറത്താണെങ്കില്‍, മിന്നൽ ലക്ഷണം കണ്ടാലുടൻ എത്രയും വേഗം കോൺക്രീറ്റ് മേൽക്കൂരയുള്ള സുരക്ഷിതമായ ഒരു കെട്ടിടത്തിലേക്ക് മാറുക. ഇടിമിന്നൽ ഏൽക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ളത് മരങ്ങൾക്കാണ്. അതിനാൽ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ അഭയം പ്രാപിക്കരുത്. സുരക്ഷിതമായ കെട്ടിടങ്ങൾ ഒന്നുമില്ലെങ്കിൽ തുറസ്സായ സ്ഥലത്തോ കുന്നിൻമുകളിലോ നിൽക്കരുത്. താഴ്ന്ന പ്രദേശത്തേക്ക് മാറുക.
ഇനി ഏതെങ്കിലും ജലാശയത്തിലാണുള്ളതെങ്കില്‍ ഉടന്‍ തന്നെ കരയിലേക്ക് മാറാന്‍ ശ്രമിക്കണം. വെള്ളം വൈദ്യുതി കടത്തിവിടുന്നതിനാല്‍ ഇത് അതീവ അപകടകരമാണ്. മനുഷ്യരെപ്പോലെ തന്നെ മൃഗങ്ങളുടെ കാര്യത്തിലും ഈ മുന്‍കരുതലുകള്‍ ബാധകമാണ്. അന്തരീക്ഷം മേഘാവൃതമാകുമ്പോൾ തന്നെ വളർത്തുമൃഗങ്ങളെ സുരക്ഷിതമായ കൂടുകളിലേക്ക് മാറ്റുക. ലോഹച്ചങ്ങലകളിൽ അവയെ കെട്ടിയിടരുത്.
അവസാന ഇടിമുഴക്കത്തിന് ശേഷവും കുറഞ്ഞത് 30 മിനിറ്റ് നേരമെങ്കിലും സുരക്ഷിതമായി തുടരാൻ പ്രത്യേകം ശ്രദ്ധിക്കണം. കൃത്യമായ സമയത്തുള്ള നമ്മുടെ ഇടപെടലുകൾക്ക് ഒരു വലിയ ദുരന്തത്തെ ഒഴിവാക്കാൻ സാധിക്കും.