ഒൻപതു ജില്ലകളിൽ ഇന്ന് ശക്തമായ മഴക്ക് സാധ്യത. പത്തനംതിട്ട മുതൽ എറണാകുളം വരെ 5 ജില്ലകളിലും കോഴിക്കോട് മുതൽ കാസർകോടുവരെ 4 ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചു. രണ്ടു ദിവസം കൂടി സംസ്ഥാനത്ത് മഴതുടരും. 26ാം തീയതിയോടെ കാലവർഷം കേരളത്തിൽ എത്തിച്ചേരാനിടയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു .

കോട്ടയം വൈക്കം വെച്ചൂരിൽ ശക്തമായ കാറ്റിലും മഴയിലും ഇരുപതു വീടുകള്‍ തകര്‍ന്നു. ശാസ്തക്കുളം ക്ഷേത്രമുറ്റത്തെ അറുപതു വർഷം പഴക്കമുള്ള കൂറ്റൻ ആൽമരവും കടപുഴകി വീണു. വെച്ചൂർ പഞ്ചായത്തിൽ മാത്രം ഇരുപതിലധികം വീടുകൾക്കാണ് മരം വീണ് നാശനഷ്ടമുണ്ടായത്. ഇടയാഴം ഭാഗത്ത് പുറക്കാട് രാധാകൃഷ്ണനും കുടുംബവും തകർന്ന വീടിനുള്ളിൽ നിന്ന് നിസ്സാര പരുക്കുകളോടെയാണ് രക്ഷപ്പെട്ടത്. വീടും വീട്ടുപകരണങ്ങളും  പൂർണമായും നശിച്ചു.

ആറാം വാർഡ് ഈരയിൽ ഭാഗത്ത് ഇത്തിപ്പറമ്പ് സത്യന്റെ വീട് ഭാഗീകമായി തകര്‍ന്നു. ഇടിമിന്നൽ എന്ന് കരുതി ഇവർ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. വെച്ചൂർ കുമരകം റോഡരുകിൽ ശാസ്തകുളം ക്ഷേത്രത്തിൻറെ മുൻഭാഗത്തു നിന്ന്കൂറ്റൻ ആൽമരം കടപുഴകി വീണു. വെച്ചൂർ പഞ്ചായത്തിൽ പലയിടത്തും വൈദ്യുതി ബന്ധം താറുമാറായി. വാഴ കൃഷി ഉള്‍പ്പെടെ വ്യാപകമായി നശിച്ചു.

ENGLISH SUMMARY:

Kerala is experiencing heavy rainfall across nine districts today, with a yellow alert issued for five southern districts and four northern districts. The monsoon is expected to arrive in Kerala by the 26th, with continued rain predicted for the next two days.