മാതൃദിനത്തില്‍ അമ്മയ്ക്കൊപ്പമുളള ചിത്രവും വൈകാരിക കുറിപ്പും പങ്കുവച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അമ്മ ഇല്ലാത്ത ആദ്യ ആദ്യ മാതൃദിനമാണെന്നും അതിന്റെ ശൂന്യതയുണ്ടെന്നും രമേശ് ചെന്നിത്തല കുറിച്ചു. ജീവിതത്തിലെ നിർണായക നിമിഷങ്ങളിലൂടെ കടന്നു പോകുമ്പോഴൊക്കെ അമ്മ കൂടെയുണ്ടായിരുന്നുവെങ്കിൽ എന്ന് ആശിക്കാറുണ്ടെന്നും രമേശ് ചെന്നിത്തല പറയുന്നു. 

രമേശ് ചെന്നിത്തല പങ്കുവച്ച കുറിപ്പ്

'എല്ലാ മാതൃദിനത്തിനും എന്നെ ചേർത്തു പിടിച്ചിരിക്കുന്ന ഒരമ്മയുണ്ടായിരുന്നു. വാക്കും മനസ്സും കൊണ്ട് എനിക്ക് പിന്തുണ തന്ന, ഞാൻ കടന്നു പോയ വഴികളിലൊക്കെയും ആത്മധൈര്യമായ എന്റെ ദേവകിയമ്മ. എന്റെ അത്താണി, എന്റെ ആത്മവിശ്വാസവും അഹങ്കാരവുമായ എന്റെ അമ്മ. നമുക്കു പ്രിയപ്പെട്ടവർ എത്ര പെട്ടെന്നാണ് ഓർമ്മകളാകുന്നത്. അമ്മയില്ലാത്ത ആദ്യ മാതൃദിനമാണ്. ശൂന്യതയുണ്ട്. പക്ഷേ ഹൃദയത്തിലെ അമ്മമരം നിറയെ തളിരാർന്ന്, പൂക്കളാർന്നു കിടക്കുന്നുണ്ട്. ഓർമയുടെ കാറ്റ് തലോടുന്നുണ്ട്. മുടിയിഴകളിൽ അമ്മ തലോടുന്നുണ്ട്'.

 

'ജീവിതത്തിലെ നിർണായക നിമിഷങ്ങളിലൂടെ കടന്നു പോകുമ്പോഴൊക്കെ അമ്മ കൂടെയുണ്ടായിരുന്നുവെങ്കിൽ എന്ന് ഞാൻ ആശിക്കാറുണ്ട്. എങ്കിലും കാറ്റിലും മഴയിലും വെയിലിലും എനിക്ക് അമ്മയെ അറിയാനാവുന്നുണ്ട്. നിശബ്ദസാന്ദ്രമായ നിമിഷങ്ങളിൽ അമ്മയുടെ ശബ്ദം കേൾക്കുന്നുണ്ട്. അതു മതി!' രമേശ് ചെന്നിത്തല കുറിച്ചു. എല്ലാ അമ്മമാര്‍ക്കും അമ്മയോര്‍മ്മകള്‍ക്കും എന്റെ മാതൃദിനാശംസകള്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ENGLISH SUMMARY:

Ramesh Chennithala, a senior Congress leader, shared an emotional post and a picture with his mother on Mother's Day, marking his first Mother's Day without her and expressing the void it has left. He reminisced about his mother's presence during significant moments in his life and conveyed his Mother's Day wishes to all mothers and motherly memories.