കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളിൽ തർക്കം മുറുകുന്നതിനിടെ കെ.സി.വേണുഗോപാലിന്റെ വിക്കിപീഡിയ പേജ് ആരോ എഡിറ്റ് ചെയ്തു. കെസിയുടെ മലയാളം വിക്കിപീഡിയ പേജിലാണ് എഡിറ്റിങ് നടത്തിയിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ ഒത്തിരി കോൺഗ്രസ് സീറ്റുകൾ നഷ്ടപ്പെടാൻ കെ.സി.വേണുഗോപാല്‍ കാരണക്കാരനായി എന്ന തരത്തിലാണ് വിക്കിപീഡിയയില്‍ എഡിറ്റ് ചെയ്ത് ചേർത്തിരിക്കുന്നത്. 

'കാശ്മീർ മുതൽ കന്യകുമാരി വരെയുള്ള ഒത്തിരി കോൺഗ്രസ് സംസ്‌ഥാന ഭരണവും സീറ്റുകളും നഷ്ടപ്പെടാൻ ഇദ്ദേഹത്തിന്റെ വീരോചിതമായ ഇടപെടലുണ്ടായി' എന്ന വാചകമാണ് തുടക്കത്തിൽ തന്നെ എഡിറ്റ് ചെയ്ത് കൂട്ടിച്ചേർത്തിരിക്കുന്നത്. നേരത്തെ നിയമസഭ തിരഞ്ഞെടുപ്പ് വോട്ടിങ് പൂര്‍ത്തിയായതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍റെ വിക്കിപീഡിയ പേജ് ആരോ എഡിറ്റ് ചെയ്തിരുന്നു. 

വി.ഡി.സതീശനെ കേരളത്തിന്‍റെ 13-ാം മുഖ്യമന്ത്രിയാക്കി കൊണ്ടായിരുന്നു എഡിറ്റിങ്. 2026 മേയ് നാലിന് ചുമതലയേറ്റതെന്നും ഹിസ്റ്ററിയിൽ വിവരങ്ങൾ ചേർത്തിരുന്നു. പിന്നാലെ പേജിൽ വീണ്ടും എഡിറ്റിങ് നടത്തി പ്രതിപക്ഷ നേതാവ് എന്നുതന്നെ മാറ്റിയിരുന്നു. ആർക്കും തിരുത്താവുന്ന ഒരു സ്വതന്ത്ര വിജ്ഞാനകോശമാണ് വിക്കിപീഡിയ. തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തിയോ, അനുകൂലമായ വിവരങ്ങൾ കൂട്ടിച്ചേർത്തോ വിക്കിപീഡിയ പേജുകൾ പലപ്പോഴും തിരുത്തപ്പെടാറുണ്ട്.

അതേസമയം വി.ഡി.സതീശനും കെ.സി.വേണുഗോപാലിനും വേണ്ടി സംസ്ഥാനത്തിന്‍റെ പലയിടങ്ങളിലും ഇന്നും ഫ്ലക്സ് ഉയര്‍ന്നു. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആത്മഹത്യാശ്രമം നടത്തി. നേതാക്കള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുള്ള പ്രകടങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് മനോരമ ന്യൂസിനോട് പറഞ്ഞു.

കെപിസിസി ഓഫിസിന് മുന്നില്‍ കെ.സി.വേണുഗോപാലിനെ പിന്തുണച്ച് വച്ച ഫ്ലെക്സില്‍ കരി ഓയില്‍ ഒഴിച്ചു. കെ.സി.വേണുഗോപാലിനെതിരെ ഡല്‍ഹിയില്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിക്കു മുന്നില്‍ ഫ്ലെക്സ് വച്ചു. ഇടുക്കിയില്‍ വി.ഡി.സതീശനെ അനുകൂലിച്ച്  പ്രകടനം നടത്തിയ നാലുപേര്‍ക്കെതിരെ ഡിസിസി നടപടിയെടുത്തു. ഇതിനിടെ വി.ഡി.സതീശനും രമേശ് ചെന്നിത്തലയും സണ്ണി ജോസഫും ഇന്ന് രാത്രി ഡല്‍ഹിയിലെത്തും. നാളെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായും രാഹുല്‍ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തും.

ENGLISH SUMMARY:

KC Venugopal Wikipedia edit highlights ongoing Congress CM discussions in Kerala, with his page being altered to suggest responsibility for lost party seats. This incident follows a similar editing of VD Satheesan's Wikipedia page, reflecting the heated internal political climate.