വെള്ളിയാഴ്ച വൈകിട്ടാണ് കുട്ടനാട് വൈശ്യംഭാഗം പുതുവന വീട്ടില്‍ ഇന്ദിരയ്ക്ക് പാമ്പുകടിയേറ്റത്. വീടിനോടു ചേർന്നുള്ള ശുചിമുറിക്കു മുന്നിൽ വച്ചാണ് ഇന്ദിരയ്ക്കു മൂർഖൻ പാമ്പിന്റെ കടിയേറ്റത്. 15 മിനിറ്റിനുള്ളിൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് ആന്റിവെനം നൽകിയെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല.
തലേദിവസം വീടിനു സമീപത്ത് ഒരു പാമ്പിനെ കണ്ടിരുന്നതായും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നതായും ഇന്ദിരയുടെ മകള്‍ പറയുന്നു. ഈ സമയം ഇന്ദിരയും ഒപ്പമുണ്ടായിരുന്നു. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് ഡോക്ടറെ കാണാന്‍പോയി തിരിച്ചെത്തിയ ശേഷമാണ് ഇന്ദിരയെ പാമ്പുകടിച്ചത്. സൈക്കിളില്‍ നിന്നും വീണു പരുക്കേറ്റ് വീട്ടില്‍ വിശ്രമിക്കുന്ന മകനെ വീടിനകത്തെ ശുചിമുറിയില്‍ കൊണ്ടുപോയ സമയത്താണ് ഇന്ദിര വീടിനു പുറത്തെ ശുചിമുറിയില്‍ പോയത്. അവിടെ വച്ചാണ് പാമ്പുകടിയേറ്റത്.
പാമ്പു കടിച്ച വിവരം വീടിനുള്ളിൽ കയറിവന്ന് ഇന്ദിര ദിവ്യയോടു പറഞ്ഞു. ഉടൻ സോപ്പ് ഉപയോഗിച്ചു കഴുകി കടിയേറ്റ ഭാഗത്തെ രക്തം ഞെക്കി കളഞ്ഞു. ഇന്ദിര പറഞ്ഞത് അനുസരിച്ചു കടിയേറ്റ ഭാഗത്തിനു മുകളിലായി കെട്ടുകയും ചെയ്തു. തുടർന്നു സമീപവാസിയുടെ വാഹനത്തിൽ ആശുപത്രിയിൽ കൊണ്ടുപോവുകയായിരുന്നു. വാഹനത്തിൽ വരുമ്പോഴും ആശുപത്രിയിൽ എത്തുമ്പോഴും ഇന്ദിരയ്ക്കു കാര്യമായ പ്രശ്നങ്ങൾ ഇല്ലായിരുന്നു.
ആശുപത്രിയിലെത്തി ഡോക്ടറോടു പാമ്പുകടിച്ച വിവരം പറഞ്ഞത് ഇന്ദിരയായിരുന്നു. ഉടൻ രക്തം പരിശോധിക്കാൻ കൊടുത്തു. കടിയേറ്റ് അരമണിക്കൂർ കഴിഞ്ഞപ്പോൾ നില വഷളായി. രക്തം പരിശോധിച്ച ഫലം വരുന്നതിനു മുൻപായി ഇന്ദിര കുഴഞ്ഞു. ‘‘ശ്വാസം കിട്ടുന്നില്ലെന്ന് എന്നോടു പറഞ്ഞു. ഉടൻ ഓക്സിജൻ നൽകി തീവ്ര പരിചരണ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും 9 മണിയോടെ മരണം സംഭവിച്ചു. ഡോക്ടർമാർ പരമാവധി പരിശ്രമിച്ചെങ്കിലും മരുന്നിനോട് പ്രതികരിച്ചില്ലെന്നും മകള്‍ ദിവ്യ പറയുന്നു.
അതേസമയം ഇന്ദിരയെ രക്ഷിക്കാന്‍ വളര്‍ത്തുനായ ഷിംബ പരമാവധി ശ്രമിച്ചിരുന്നുവെന്ന് ദിവ്യ വെളിപ്പെടുത്തുന്നു. വീടിന്റെ വർക്ക് ഏരിയായിലാണ് ഷിംബയെ കെട്ടിയിട്ടിരുന്നത്. ഇന്ദിരയുടെ വളർത്തു നായയാണു ഷിംബ. ഇന്ദിര വീട്ടിൽ നിന്ന് ഇറങ്ങി വർക്ക് ഏരിയയിലൂടെ നടന്നു ശുചിമുറിയിലേക്കു പോയ സമയം ഷിംബ സാരിയിൽ ഏറെ നേരം കടിച്ചു പിടിച്ചു മുന്നോട്ടു വിടാതിരിക്കാൻ ശ്രമിച്ചു. ഷിംബയുടെ സ്നേഹ പ്രകടനമാണെന്നു കരുതി മുന്നോട്ടു പോയ ഇന്ദിര പാമ്പിന്റെ മുന്നിലേക്കാണു ചെന്നത്.
മുന്നിലുള്ളതു പാമ്പ് ആണെന്നും അങ്ങോട്ടു പോകരുതെന്നും തന്നാൽ ആവും വിധം പറഞ്ഞു മനസ്സിലാക്കാൻ ഷിംബ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കുടുംബത്തിലെ ഒരംഗത്തെ പോലെയാണ് ഷിംബയെ വളർത്തിയിരുന്നത്. ഇന്ദിരയുടെ വിയോഗം ഷിംബയെ തളർത്തിയെന്നും ദിവ്യ പറയുന്നു. ഇന്നലെ ആഹാരം കഴിക്കാതെ ഒരേ കിടപ്പായിരുന്നെന്നു വീട്ടുകാർ പറഞ്ഞു.